കൊച്ചി: കുടുംബത്തിലേക്ക് പുതിയൊരു അതിഥിയെ വരവേൽക്കാനുള്ള കാത്തിരിപ്പിലാണ് നടൻ സംഗീത് പ്രതാപും ഭാര്യ ആൻസി അന്നവും. ഭാര്യയുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുകയാണ് സംഗീത്. സിനിമയോടുള്ള തന്റെ ഇഷ്ടം കൂടി ചേർത്തുവെച്ചുള്ള വേറിട്ട ഫോട്ടോഷൂട്ടാണ് താരം ഒരുക്കിയിരിക്കുന്നത്.
തിയറ്ററിനെ പശ്ചാത്തലമാക്കിയാണ് ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. സിനിമ കാണാനെത്തിയ പ്രേക്ഷകരെപ്പോലെ പോപ്കോണും ത്രീഡി കണ്ണടയുമൊക്കെയായി ഇരുവരും ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ‘ഞങ്ങളുടെ കുഞ്ഞു സിനിമയിലേക്ക് ഒരു കുഞ്ഞുതാരം ഉടൻ എത്തും’ എന്ന രസകരമായ കുറിപ്പോടെയാണ് സംഗീത് ചിത്രങ്ങൾ പങ്കുവച്ചത്.
‘കൗണ്ട്ഡൗൺ ആരംഭിച്ചുകഴിഞ്ഞു, തിയറ്റർ സജ്ജമാണ്. നക്ഷത്രങ്ങളിൽ ഏറ്റവും മനോഹരമായ താരം ഉടൻ പ്രീമിയറിനെത്തുന്നു’ എന്നായിരുന്നു സംഗീതിന്റെ കുറിപ്പിലെ വാക്കുകൾ. ജീവിതത്തിലെ ഏറ്റവും വലിയ കഥയ്ക്ക് പിന്നിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ട പെൺകുട്ടിയാണ് ഉള്ളതെന്നും ആൻസിയോടുള്ള സ്നേഹവും നന്ദിയും താരം കുറിപ്പിലൂടെ പങ്കുവച്ചു.
നടനായും എഡിറ്ററായും മലയാള സിനിമയിൽ ശ്രദ്ധേയനായ താരമാണ് സംഗീത് പ്രതാപ്. ‘പ്രേമലു’വിലെ അമൽ ഡേവിസ് എന്ന കഥാപാത്രത്തിലൂടെയാണ് സംഗീത് കൂടുതൽ പ്രേക്ഷകശ്രദ്ധ നേടിയത്. ‘ഹൃദയം’, ‘സൂപ്പർ ശരണ്യ’, ‘ബ്രോമാൻസ്’, ‘തുടരും’ തുടങ്ങിയ സിനിമകളിലും താരം ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.
സുഹൃത്തിന്റെ സഹോദരിയായ ആൻസിയുമായുള്ള പ്രണയവും വിവാഹവുമൊക്കെ നേരത്തെ സംഗീത് തുറന്നുപറഞ്ഞിരുന്നു. നേരിൽ കാണുന്നതിന് മുൻപുതന്നെ തുടങ്ങിയ സൗഹൃദം പ്രണയത്തിലേക്കും പിന്നീട് വിവാഹത്തിലേക്കും എത്തുകയായിരുന്നു.
സിനിമയിലെ തിരക്കുകൾക്കിടയിലും ജീവിതത്തിലെ പുതിയൊരു അധ്യായത്തിന് തുടക്കമിടാനുള്ള തയ്യാറെടുപ്പിലാണ് താരദമ്പതികൾ. സംഗീതിന്റെയും ആൻസിയുടെയും മെറ്റേണിറ്റി ചിത്രങ്ങൾ ഇതിനോടകം ആരാധകർക്കിടയിൽ ശ്രദ്ധ നേടിയിട്ടുണ്ട്.
ആശംസകളുമായി ആരാധകരും സിനിമാ താരങ്ങളും രംഗത്തെത്തുകയാണ്.



