മധ്യപ്രദേശിൽ ദീപാവലി രാത്രിയിൽ ദുരന്തം! കടയിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് കുട്ടികളടക്കം ഒരു കുടുംബത്തിലെ ആറ് പേർ വെന്തുമരിച്ചു

മധ്യപ്രദേശിലെ കട്നി ജില്ലയിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് കുട്ടികളടക്കം ഒരു കുടുംബത്തിലെ ആറുപേർ വെന്തുമരിച്ചു. ദീപാവലി ആഘോഷങ്ങൾക്കിടെ ബർഹി പ്രദേശത്തെ ഒരു പ്ലാസ്റ്റിക് മൊത്തവ്യാപാര കടയിലാണ് അപകടമുണ്ടായത്. മൂന്ന് നില കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള കടയിൽ പടർന്നുപിടിച്ച തീ പെട്ടെന്ന് തന്നെ മുകളിലത്തെ നിലകളിലേക്ക് വ്യാപിക്കുകയായിരുന്നു. ഈ സമയത്ത് കെട്ടിടത്തിന് മുകളിലെ വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കുടുംബാംഗങ്ങളാണ് ദുരന്തത്തിന് ഇരയായത്.

തീപിടിത്തത്തിൽ എഴുപത് വയസ്സ് പ്രായമുള്ള രണ്ട് മുതിർന്ന പൗരന്മാരും ഒരു സ്ത്രീയും മൂന്ന് ചെറിയ കുട്ടികളുമാണ് മരണപ്പെട്ടതെന്ന് സബ് ഡിവിഷണൽ പോലീസ് ഓഫീസർ വീരേന്ദ്ര നർവെ സ്ഥിരീകരിച്ചു. പുരൻ ലാൽ അഗർവാൾ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ഈ കെട്ടിടം. ദീപാവലി വിളക്കിൽ നിന്നോ അതോ ഷോർട്ട് സർക്യൂട്ട് മൂലമോ ആണ് തീപടർന്നതെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ തീപിടിത്തത്തിന്റെ കൃത്യമായ കാരണം വ്യക്തമാകൂ എന്ന് പൊലീസ് വ്യക്തമാക്കി.

സംഭവം അറിഞ്ഞയുടൻ സംസ്ഥാന ദുരന്ത നിവാരണ സേനയും (എസ്‌ഡിആർഎഫ്) ഫയർഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. അഞ്ചര മണിക്കൂറോളം നീണ്ട കഠിനമായ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് കെട്ടിടത്തിൽ കുടുങ്ങിക്കിടന്ന ആറുപേരുടെയും മൃതദേഹങ്ങൾ പുറത്തെടുത്തത്. കെട്ടിടത്തിനുള്ളിൽ നിന്ന് ഇപ്പോഴും പുക ഉയർന്നുകൊണ്ടിരിക്കുന്നത് ജനങ്ങളിൽ ആശങ്കയുണ്ടാക്കുന്നുണ്ടെങ്കിലും നിലവിൽ തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയിട്ടുണ്ടെന്ന് ദുരന്ത നിവാരണ സേനാ ഉദ്യോഗസ്ഥൻ വിജയൻഷ് ചൗധരി അറിയിച്ചു. എറെ സന്തോഷത്തോടെ ദീപാവലി ആഘോഷിക്കേണ്ടിയിരുന്ന രാത്രിയിൽ ഒരു കുടുംബത്തിലെ ആറുപേരുടെ ജീവൻ പൊലിഞ്ഞത് നാടിനെ ഒന്നാകെ വലിയ സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles