പുറത്താക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വിട്ടുനൽകണമെന്ന് ഇന്ത്യയോട് വീണ്ടും ആവശ്യപ്പെട്ട് ബംഗ്ലാദേശ്. ഷെയ്ഖ് ഹസീന ശിക്ഷിക്കപ്പെട്ട കുറ്റവാളിയാണെന്നും നിയമപരമായ എല്ലാ വഴികളും ഉപയോഗിച്ച് അവരെ രാജ്യത്ത് തിരിച്ചെത്തിക്കുമെന്നും ബംഗ്ലാദേശ് നിയമമന്ത്രി എം.ഡി അസദുജ്ജമാൻ മാധ്യമങ്ങളോട് വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി കൈമാറ്റ ഉടമ്പടി പ്രകാരം ഹസീനയെ തിരികെ എത്തിക്കാനുള്ള ഔദ്യോഗിക നടപടികൾ ബംഗ്ലാദേശ് ആഭ്യന്തര മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്.
രാഷ്ട്രീയ താൽപ്പര്യങ്ങൾക്കോ വൈകാരികതയ്ക്കോ സ്ഥാനമില്ലെന്നും പൂർണ്ണമായും നിയമപരമായ നടപടിക്രമങ്ങളിലൂടെയാണ് ഈ വിഷയം കൈകാര്യം ചെയ്യുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം ഹസീനയെ വിട്ടുനൽകുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കേണ്ടത് ഇന്ത്യൻ സർക്കാരാണെന്നും അദ്ദേഹം വ്യക്തമാക്കി. 2024 ഓഗസ്റ്റിൽ നടന്ന ജനകീയ പ്രക്ഷോഭത്തെ തുടർന്ന് ഭരണമൊഴിഞ്ഞ ഹസീന നിലവിൽ ഇന്ത്യയിലാണ് അഭയം തേടിയിരിക്കുന്നത്. തുടർന്ന് അധികാരമേറ്റ മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല ഭരണകൂടത്തിന് കീഴിൽ, ട്രൈബ്യൂണൽ ഹസീനയെ വിചാരണ ചെയ്യുകയും ശിക്ഷിക്കുകയും ചെയ്തിരുന്നു.
ബംഗ്ലാദേശിന്റെ ആവശ്യം ലഭിച്ചിട്ടുണ്ടെന്ന് ഇന്ത്യ മുൻപ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഹസീനയെ വിട്ടുനൽകുന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക തീരുമാനമൊന്നും പ്രഖ്യാപിച്ചിട്ടില്ല. നിലവിലുള്ള ജുഡീഷ്യൽ, ആഭ്യന്തര നിയമനടപടികളിലൂടെ വിഷയം പരിശോധിച്ച് വരികയാണെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്. വരും മാസത്തിൽ ബംഗ്ലാദേശിലേക്ക് മടങ്ങാൻ താൻ ആഗ്രഹിക്കുന്നുവെന്ന് ഹസീന വ്യക്തമാക്കിയ പശ്ചാത്തലത്തിൽ, ബംഗ്ലാദേശിന്റെ ഈ പുതിയ നീക്കം ഏറെ നിർണ്ണായകമായി മാറിയിരിക്കുകയാണ്.



