ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ഇറാനൊപ്പം ഗൂഢാലോചന! പാക് പൗരന് 27 വർഷം തടവുശിക്ഷ വിധിച്ച് അമേരിക്കൻ കോടതി

വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉൾപ്പെടെയുള്ള ഉന്നത അമേരിക്കൻ ഭരണാധികാരികളെ വധിക്കാൻ ഗൂഢാലോചന നടത്തിയ പാകിസ്ഥാൻ പൗരന് 27 വർഷവും ആറു മാസവും തടവുശിക്ഷ വിധിച്ചു. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന് വേണ്ടി വാടകക്കൊലയാളികളെ ഏർപ്പാടാക്കാൻ ശ്രമിച്ച ആസിഫ് മർച്ചന്റിനെയാണ് (48) ബ്രൂക്ലിനിലെ യുഎസ് ഫെഡറൽ കോടതി ശിക്ഷിച്ചത്. അതിർത്തി കടന്നുള്ള ഭീകരവാദ പ്രവർത്തനത്തിനും വാടകക്കൊലയ്ക്കും ശ്രമിച്ച കുറ്റത്തിന് 2026 മാർച്ചിൽ ഇയാൾ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. തുടർന്നാണ് ജില്ലാ ജഡ്ജി എറിക് ആർ. കോമിറ്റി ശിക്ഷ വിധിച്ചത്.

2020 ജനുവരിയിൽ യുഎസ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട മുൻ ഐആർജിസി കമാൻഡർ ഖാസിം സുലൈമാനിയുടെ വധത്തിന് പ്രതികാരം ചെയ്യാനാണ് ഇറാൻ ഈ ഗൂഢാലോചന ആസൂത്രണം ചെയ്തതെന്ന് യുഎസ് നീതിന്യായ വകുപ്പ് വ്യക്തമാക്കി. 2022-ൽ തീർത്ഥാടനത്തിനായി ഇറാനിലെത്തിയപ്പോഴാണ് ആസിഫ് മർച്ചന്റ് ഐആർജിസിയിൽ ചേർന്നത്. തുടർന്ന് ടെഹ്‌റാനിൽ വെച്ച് 15 തവണയോളം തന്റെ ഹാൻഡ്‌ലറായ യൂസഫ് മെർഹർദാദുമായി കൂടിക്കാഴ്ച നടത്തുകയും കൗണ്ടർ ഇന്റലിജൻസ് പരിശീലനം നേടുകയും ചെയ്തു. രാഷ്ട്രീയ റാലികൾക്കിടെ പ്രമുഖ നേതാക്കളെ വധിക്കാൻ അമേരിക്കയിലെ ക്രിമിനൽ സംഘങ്ങളെയോ മാഫിയകളെയോ വാടകയ്ക്കെടുക്കാനായിരുന്നു ഇയാൾക്ക് ലഭിച്ച നിർദ്ദേശം. ഡൊണാൾഡ് ട്രംപായിരുന്നു പ്രധാന ലക്ഷ്യമെങ്കിലും അന്നത്തെ പ്രസിഡന്റ് ജോ ബൈഡൻ, മുൻ യുഎൻ അംബാസഡർ നിക്കി ഹേലി എന്നിവരും പട്ടികയിലുണ്ടായിരുന്നതായി മർച്ചന്റ് വിചാരണയ്ക്കിടെ സമ്മതിച്ചു.

2024 ഏപ്രിലിൽ അമേരിക്കയിലെത്തിയ മർച്ചന്റ്, പദ്ധതി നടപ്പിലാക്കുന്നതിനായി ഒരു പരിചയക്കാരന്റെ സഹായം തേടിയതോടെയാണ് ഗൂഢാലോചന പുറത്തായത്. ഇയാൾ വിവരം എഫ്ബിഐയെ അറിയിക്കുകയും തുടർന്ന് രഹസ്യവിവരദാതാവായി പ്രവർത്തിക്കുകയും ചെയ്തു. പിന്നീട് വാടകക്കൊലയാളികളെന്ന വ്യാജേന എത്തിയ രഹസ്യ എഫ്ബിഐ ഏജന്റുമാരുമായി മർച്ചന്റ് മൂന്ന് തവണ കൂടിക്കാഴ്ച നടത്തുകയും കൊലപാതകത്തിനുള്ള മുൻകൂർ തുകയായി 5,000 ഡോളർ കൈമാറുകയും ചെയ്തു. രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെ ടെക്സസിലെ റിച്ച്മണ്ടിൽ വെച്ചാണ് എഫ്ബിഐ ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ ലാപ്‌ടോപ്പിൽ നിന്നും ഫോണിൽ നിന്നും ട്രംപിന്റെ തിരഞ്ഞെടുപ്പ് റാലികളെക്കുറിച്ചുള്ള തിരയലുകളും ഖാസിം സുലൈമാനിയെ പ്രകീർത്തിക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റുകളും അന്വേഷണസംഘം കണ്ടെടുത്തു.

അമേരിക്കൻ നേതാക്കൾക്കെതിരെയുള്ള വിദേശ ഭീകരവാദ ഗൂഢാലോചനകൾ ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ലെന്നും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ച് പ്രതികരിച്ചു. അമേരിക്കയുടെ ജനാധിപത്യത്തിനും ജനങ്ങൾക്കും നേരെ ആക്രമണം ആസൂത്രണം ചെയ്യുന്നവർക്കുള്ള ശക്തമായ താക്കീതാണ് ഈ ശിക്ഷാവിധിയെന്ന് യുഎസ് അറ്റോർണി ജോസഫ് നോസെല്ല ജൂനിയറും എഫ്ബിഐ ഉദ്യോഗസ്ഥരും വ്യക്തമാക്കി.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles