യുഡിഎഫ് സർക്കാർ അധികാരത്തിലേറി ആറാം മാസത്തിൽ മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രിക്കെതിരെ മന്ത്രിമാർ രൂക്ഷവിമർശനം ഉന്നയിച്ചതിനെത്തുടർന്ന് വൻ തർക്കമുണ്ടായതായി റിപ്പോർട്ട്. പുതിയ പി.എസ്.സി അംഗങ്ങളുടെ പട്ടിക മുഖ്യമന്ത്രി വി.ഡി. സതീശൻ മുന്നോട്ടുവെച്ചതോടെയാണ് യോഗത്തിൽ എതിർപ്പുകൾക്ക് തുടക്കമായത്. മുന്നണിയിലോ മന്ത്രിസഭയിലോ ആവശ്യമായ കൂടിയാലോചനകൾ നടത്താതെയാണ് പട്ടിക തയ്യാറാക്കിയതെന്ന് മന്ത്രി എ.പി. അനിൽകുമാർ കുറ്റപ്പെടുത്തി. പി.എസ്.സി നിയമനങ്ങളിൽ മാത്രമല്ല, ഗുരുവായൂർ ദേവസ്വം നിയമനത്തിലും കൃത്യമായ ചർച്ചകൾ നടന്നിട്ടില്ലെന്ന് അദ്ദേഹം യോഗത്തിൽ ചൂണ്ടിക്കാട്ടി.
എന്നാൽ, അടിയന്തരമായി നിയമനം നടത്തേണ്ട സാഹചര്യമുള്ളതുകൊണ്ടാണ് തീരുമാനമെടുത്തതെന്നായിരുന്നു മുഖ്യമന്ത്രി വി.ഡി. സതീശന്റെ മറുപടി. ഇതിനിടെ വിഷയത്തിൽ ഇടപെട്ട കെ. മുരളീധരൻ, താനും മുഖ്യമന്ത്രിയുമായി ആലോചിച്ചാണ് പട്ടിക തയ്യാറാക്കിയതെന്ന് വിശദീകരിച്ചതോടെ വൈദ്യുതി മന്ത്രി സണ്ണി ജോസഫും അതൃപ്തി പരസ്യമാക്കി രംഗത്തെത്തി. കെ.പി.സി.സി അധ്യക്ഷനായിട്ടുപോലും പല സുപ്രധാന കാര്യങ്ങളും താൻ അറിയുന്നില്ലെന്ന് സണ്ണി ജോസഫ് വിമർശനമുയർത്തി. ചില വിഷയങ്ങളിൽ വേഗത്തിൽ തീരുമാനമെടുക്കേണ്ടതുണ്ടെന്ന നിലപാട് മുഖ്യമന്ത്രി ആവർത്തിച്ചു.
ബോർഡ്-കോർപ്പറേഷൻ വിഭജനത്തിൽ ആർ.എസ്.പിക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മന്ത്രി ഷിബു ബേബി ജോണും യോഗത്തിൽ വിമർശനമുന്നയിച്ചു. പ്രധാന തീരുമാനങ്ങളിൽ കൂട്ടായ ചർച്ചകൾ നടക്കുന്നില്ലെന്ന പൊതുവായ പരാതിയാണ് മന്ത്രിമാർ മുഖ്യമന്ത്രിക്കെതിരെ ഉയർത്തിയത്. അധികാരത്തിലേറി ആറാം മാസം തന്നെ മന്ത്രിസഭയ്ക്കുള്ളിൽ ഇത്തരത്തിൽ അസാധാരണമായ വിമർശനങ്ങൾ ഉയർന്നതോടെ വിശാലമായ ചർച്ചകൾ നടക്കുകയും, പതിവിലും വിപരീതമായി മന്ത്രിസഭാ യോഗം രണ്ടര മണിക്കൂറോളം നീളുകയും ചെയ്തു.



