ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയും ടിവികെ അധ്യക്ഷനുമായ സി ജോസഫ് വിജയ്ക്ക് വൻ തിരിച്ചടി. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പെരമ്പൂർ മണ്ഡലത്തിൽ നിന്നുള്ള വിജയ്‌യുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന ഹർജി പ്രാഥമിക ഘട്ടത്തിൽ തന്നെ തള്ളിക്കളയണമെന്ന ആവശ്യം മദ്രാസ് ഹൈക്കോടതി നിരസിച്ചു. സ്വത്തുവിവരങ്ങൾ പൂർണ്ണമായി വെളിപ്പെടുത്തിയില്ലെന്നും ഇതിലൂടെ വോട്ടർമാരെ സ്വാധീനിച്ചുവെന്നും ആരോപിച്ച് മണ്ഡലത്തിലെ വോട്ടറായ എസ്. ദിനേശ് നൽകിയ തിരഞ്ഞെടുപ്പ് ഹർജി നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കി.
ജസ്റ്റിസ് വി. ലക്ഷ്മിനാരായണനാണ് വിജയ്‌യുടെ ഹർജി തള്ളിക്കൊണ്ട് ഉത്തരവിട്ടത്. ഒക്ടോബർ എട്ടിന് വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റിവെച്ച കേസിലാണ് വെള്ളിയാഴ്ച നിർണ്ണായക ഉത്തരവുണ്ടായത്. വരുമാനവും സ്വത്തുവിവരങ്ങളും മറച്ചുവെച്ചുവെന്ന ആരോപണം തിരഞ്ഞെടുപ്പ് ഹർജിയിൽ വിചാരണ ചെയ്ത് പരിശോധിക്കേണ്ട വിഷയമാണെന്ന് ജഡ്ജി നിരീക്ഷിച്ചു. ഈ ഘട്ടത്തിൽ സ്വത്തുവിവരങ്ങൾ മറച്ചുവെച്ചതിന് തെളിവുകളില്ലെന്ന് പറയാനാവില്ലെന്നും അതിനാൽ വിജയിന്റെ അപേക്ഷ തള്ളേണ്ടതാണെന്നും കോടതി വ്യക്തമാക്കി. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് എന്നീ രണ്ട് മണ്ഡലങ്ങളിൽ നിന്നാണ് വിജയ് മത്സരിച്ച് വിജയിച്ചത്. പിന്നീട് തിരുച്ചിറപ്പള്ളി ഈസ്റ്റ് സീറ്റ് അദ്ദേഹം രാജിവെക്കുകയായിരുന്നു. നാമനിർദ്ദേശ പത്രികയ്‌ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ (ഫോം-26) വിജയ് മനഃപൂർവ്വം തെറ്റായ വിവരങ്ങൾ നൽകിയെന്നും ഭൂമി ഇടപാടുകൾ മറച്ചുവെച്ചുവെന്നും ഹർജിക്കാരനായ ദിനേശിന് വേണ്ടി ഹാജരായ അഭിഭാഷകൻ എൻ.സി. അശോക് കുമാർ വാദിച്ചു. 2026 ജനുവരി ആറിന് വാലാജാബാദ് സബ് രജിസ്ട്രാർ ഓഫീസിന് കീഴിലുള്ള പൻരുട്ടി വില്ലേജിൽ 30 കോടി രൂപയ്ക്ക് വാങ്ങിയ മൂന്ന് ഏക്കർ ഭൂമിയുടെ വിവരങ്ങൾ വിജയ് മറച്ചുവെച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ കൊടൈക്കനാലിലെ വില്ലിപ്പട്ടി വില്ലേജിലുള്ള ഒരു പുറമ്പോക്ക് ഭൂമി സ്വന്തം സ്വത്തായി സത്യവാങ്മൂലത്തിൽ കാണിച്ചതായും ഹർജിക്കാരൻ ആരോപിച്ചു. ഇത് ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാണെന്നും വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കുന്നതിന് തുല്യമാണെന്നും അഭിഭാഷകൻ കോടതിയിൽ ബോധിപ്പിച്ചു.
അതേസമയം, സ്വത്തുവിവരങ്ങളിലെ ചെറിയ വ്യത്യാസങ്ങളെ ക്രിമിനൽ കേസുകൾ മറച്ചുവെക്കുന്നതുപോലെ ഗൗരവമായി കാണാനാവില്ലെന്നായിരുന്നു വിജയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണന്റെ വാദം. വിജയ് സമ്പന്ന കുടുംബത്തിൽ നിന്നുള്ളയാളാണെന്നും 630 കോടിയിലധികം രൂപയുടെ ആസ്തിയുണ്ടെന്നും വോട്ടർമാർക്ക് അറിയാമെന്നും, വിപണി മൂല്യത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ വോട്ടർമാരുടെ തീരുമാനത്തെ സ്വാധീനിക്കില്ലെന്നും അദ്ദേഹം വാദിച്ചു. എന്നാൽ ഈ വാദങ്ങൾ തള്ളിയ കോടതി തിരഞ്ഞെടുപ്പ് ഹർജിയുമായി മുന്നോട്ടുപോകാൻ തീരുമാനിക്കുകയായിരുന്നു.



