അഹമ്മദാബാദ്: ഗുജറാത്തിൽ വൻ ഭീകരാക്രമണം നടത്താനുള്ള പാക് ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദിന്റെ പദ്ധതി ഭീകരവിരുദ്ധ സ്ക്വാഡ് തകർത്തു. സംഭവവുമായി ബന്ധപ്പെട്ട് 22-കാരനായ ഭീകരനെ വഡോദരയിൽ നിന്ന് പിടികൂടി. അസം സ്വദേശിയായ മുഹമ്മദ് സഹറുൾ ഇസ്ലാം ആണ് അറസ്റ്റിലായത്.
വഡോദരയിലെ വ്യോമസേനാ താവളത്തിന് നേരെ ഒറ്റയ്ക്ക് ആക്രമണം (ലോൺ വുൾഫ് അറ്റാക്ക്) നടത്താനായിരുന്നു ഇയാളുടെ പദ്ധതിയെന്ന് ഗുജറാത്ത് എടിഎസ് ഡിഐജി സുനിൽ ജോഷി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ആക്രമണത്തിന് മുന്നോടിയായി ഇയാൾ വ്യോമസേനാ താവളത്തിൽ നിരീക്ഷണം നടത്തുകയും മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തിരുന്നു.
പാകിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹാൻഡ്‌ലറുടെ നിർദ്ദേശപ്രകാരമാണ് ഇയാൾ ആക്രമണത്തിന് പദ്ധതിയിട്ടത്. കൃത്യം നിർവഹിച്ച ശേഷം പാകിസ്ഥാനിലേക്ക് കടക്കാനായിരുന്നു പ്രതിയുടെ നീക്കമെന്നും അന്വേഷണ സംഘം വ്യക്തമാക്കി. പിടിയിലായ പ്രതിയിൽ നിന്ന് ഒരു എകെ-47 തോക്ക്, വെടിയുണ്ടകൾ, പണം എന്നിവയും എടിഎസ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന കാര്യത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.



