കൊച്ചി: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിനുമെതിരെ അഴിമതി തടയൽ നിയമപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന ഹൈക്കോടതി ഉത്തരവിൽ പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഹൈക്കോടതി വിധി സർക്കാരിന് തിരിച്ചടിയല്ലെന്നും, വിധി പൂർണ്ണമായി പഠിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നിലവിൽ പ്രാഥമിക അന്വേഷണം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇ.ഡി. നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാതെ ക്രൈംബ്രാഞ്ചിന്റെ പ്രാഥമികാന്വേഷണത്തിന് മാത്രം ഉത്തരവിട്ട സർക്കാർ നടപടിയെ ചോദ്യം ചെയ്ത് അഡ്വ. കെ.എം. ഷാജഹാൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ഉത്തരവ് ഉണ്ടായത്.
കുറ്റകൃത്യത്തിന്റെ വ്യക്തമായ തെളിവുകൾ കൺമുന്നിലുണ്ടായിട്ടും കേസെടുത്ത് മുന്നോട്ടുപോകുന്നതിന് പകരം പ്രത്യേക അന്വേഷണ സംഘത്തെ വെച്ച് പ്രാഥമികാന്വേഷണം നടത്തുന്ന സർക്കാർ നിലപാടിനെതിരെ ഹർജിക്കാരൻ ശക്തമായ വാദങ്ങൾ ഉന്നയിച്ചിരുന്നു. ഇതിനൊപ്പം ഇ.ഡി. കോടതിയിൽ മുദ്രവച്ച കവറിൽ സമർപ്പിച്ച കണ്ടെത്തലുകളും കേസിൽ നിർണ്ണായകമായി മാറി.



