കൊച്ചി: കോലാഹലങ്ങൾ സൃഷ്ടിച്ച സി.എം.ആർ.എൽ.-എക്സാലോജിക് മാസപ്പടി കേസിൽ സർക്കാരിന് തിരിച്ചടി. കേസ് അന്വേഷണത്തിനായി സംസ്ഥാന സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തെ ഹൈക്കോടതി റദ്ദാക്കി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാതെ അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറിയ സർക്കാർ നടപടി നിയമവിരുദ്ധമാണെന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ വ്യക്തമാക്കി. കേസിൽ വിജിലൻസ് ഡയറക്ടറുടെ നേതൃത്വത്തിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനാണ് കോടതിയുടെ കർശന നിർദ്ദേശം.
ഇ.ഡി. സമർപ്പിച്ച റിപ്പോർട്ടിൽ നിയമപ്രകാരമുള്ള തുടർനടപടികൾ സ്വീകരിക്കേണ്ടിയിരുന്നത് വിജിലൻസ് ഡയറക്ടറാണെന്നും, ഇക്കാര്യത്തിൽ സർക്കാർ സ്വീകരിച്ച നിലപാടുകൾ കോടതി പൂർണമായും തള്ളിക്കളയുന്നതായും ഉത്തരവിലുണ്ട്. ഇ.ഡി. കൈമാറിയ തെളിവുകളും ഡിജിറ്റൽ രേഖകളും മൊഴികളും അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റകൃത്യം തെളിയിക്കാൻ പര്യാപ്തമാണെന്നും, അതിനാൽ വീണ്ടും പ്രാഥമികാന്വേഷണത്തിന്റെ ആവശ്യമില്ലെന്നും കോടതി നിരീക്ഷിച്ചു. ഇ.ഡി. റിപ്പോർട്ട് സംസ്ഥാന പോലീസ് മേധാവി ഉടൻ വിജിലൻസ് ഡയറക്ടർക്ക് കൈമാറണമെന്നും, വിജിലൻസിലെ പ്രഗത്ഭരായ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അന്വേഷണ സംഘം രൂപീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി. വീണ, മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് അടക്കം ഇ.ഡി. റിപ്പോർട്ടിൽ ഉൾപ്പെട്ടിട്ടുള്ള 13 പ്രമുഖർക്കെതിരെയാണ് പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം നടക്കുക. കേസ് രജിസ്റ്റർ ചെയ്യുന്നതിനും തുടർനടപടികൾക്കുമായി ആവശ്യമായ എല്ലാ രേഖകളും വിജിലൻസിന് കൈമാറാൻ ഇ.ഡി.യോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഉത്തരവിന്റെ പശ്ചാത്തലത്തിൽ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടിയ ശേഷമായിരിക്കും സർക്കാർ അപ്പീൽ അടക്കമുള്ള തുടർനടപടികളിലേക്ക് കടക്കുക.



