പഞ്ചാബിൽ ലഹരി വിരുദ്ധ പ്രവർത്തകൻ വെടിയേറ്റ് കൊല്ലപ്പെട്ടു! ഭഗവന്ത് മാൻ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം

ചണ്ഡീഗഢ് : പഞ്ചാബിലെ മാനസയിൽ ലഹരി വിരുദ്ധ പ്രവർത്തകനായ പർവീന്ദർ സിങ് ജോട്ട വെടിയേറ്റു മരിച്ച സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം. മയക്കുമരുന്നിനെതിരായ ഭഗവന്ത് മാൻ സർക്കാരിന്റെ കാമ്പെയ്ൻ പൂർണ്ണ പരാജയമാണെന്നും സംസ്ഥാനത്ത് ക്രമസമാധാന നില തകർന്നുവെന്നും കോൺഗ്രസും ശിരോമണി അകാലിദളും ബിജെപിയും കുറ്റപ്പെടുത്തി. മയക്കുമരുന്ന് മാഫിയകൾക്കെതിരെ ക്യാമറയിൽ ദൃശ്യങ്ങൾ പകർത്തുന്നതിനിടയിലാണ് ജോട്ടയ്ക്ക് വെടിയേറ്റതെന്നാണ് അകാലിദൾ നേതാവ് വിക്രം സിങ് മജീതിയ വ്യക്തമാക്കിയിട്ടുള്ളത്. ഒരു മെഡിക്കൽ ഷോപ്പ് ഉടമയാണ് ജോട്ടയ്ക്ക് നേരെ വെടിയുതിർത്തത്. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ ആം ആദ്മി പാർട്ടി സർക്കാരിനെതിരെ മുൻ പഞ്ചാബ് കോൺഗ്രസ് പ്രസിഡന്റ് അമരീന്ദർ സിങ് രാജ വാറിങ് രംഗത്തെത്തി. പർവീന്ദർ സിങ് ജോട്ടയുടെ കൊലപാതകം ഭഗവന്ത് മാൻ സർക്കാരിന്റെ ക്രമസമാധാന പരാജയത്തിന്റെയും ‘യുദ് നശേൻ വിരുദ്ധ്’ എന്ന ലഹരിവിരുദ്ധ കാമ്പെയ്നിന്റെ സമ്പൂർണ്ണ പരാജയത്തിന്റെയും നേർക്കാഴ്ചയാണെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. ലഹരിക്കെതിരായ ജോട്ടയുടെ പോരാട്ടങ്ങൾക്ക് സർക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു പിന്തുണയും ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മറ്റൊരു കോൺഗ്രസ് നേതാവായ സുഖ്പാൽ സിങ് ഖൈരയും സർക്കാരിനെതിരെ ശക്തമായ വിമർശനവുമായി എത്തി. ആം ആദ്മി പാർട്ടി ഭരണത്തിന് കീഴിൽ മയക്കുമരുന്ന് മാഫിയ എത്രത്തോളം ശക്തമാണെന്നാണ് ഈ കൊലപാതകം തെളിയിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. പഞ്ചാബിൽ രാഷ്ട്രീയക്കാരും പോലീസും ലഹരി മാഫിയയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് നിലവിലുള്ളതെന്നും സർക്കാരിന്റെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ വെറും പ്രശസ്തിക്ക് വേണ്ടിയുള്ള നാടകമാണെന്നും ഖൈര ആരോപിച്ചു.

സംഭവം ദൗർഭാഗ്യകരവും ഞെട്ടിക്കുന്നതുമാണെന്ന് ശിരോമണി അകാലിദൾ പ്രസിഡന്റ് സുഖ്ബീർ സിങ് ബാദൽ പ്രതികരിച്ചു. മയക്കുമരുന്ന് കടത്തുകാരന്റെ വെടിയേറ്റാണ് പർവീന്ദർ സിങ് ജോട്ട കൊല്ലപ്പെട്ടത്. പഞ്ചാബിൽ ക്രമസമാധാനം പൂർണ്ണമായും തകർന്നു എന്നതിന്റെ തെളിവാണിത്. ലഹരിക്കെതിരെ നിരന്തരം ശബ്ദമുയർത്തിയ ജോട്ടയ്ക്ക് ഒരു പിന്തുണയും നൽകാൻ സർക്കാർ തയ്യാറായില്ലെന്നും സുഖ്ബീർ സിങ് ബാദൽ കുറ്റപ്പെടുത്തി. സംസ്ഥാനത്ത് കാട്ടുനീതിയല്ലേ വാഴുന്നതെന്നും അദ്ദേഹം ചോദിച്ചു. പഞ്ചാബിൽ ഭയത്തിന്റെയും നിയമരാഹിത്യത്തിന്റെയും അന്തരീക്ഷമാണുള്ളതെന്ന് ബിജെപി നേതാവ് രവ്നീത് സിങ് ബിട്ടുവും വിമർശിച്ചു. ആഭ്യന്തര വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഭഗവന്ത് മാൻ സ്വന്തം പൗരന്മാരെ സംരക്ഷിക്കാൻ പരാജയപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു.

അതേസമയം, പ്രതിപക്ഷ ആരോപണങ്ങളെ പ്രതിരോധിച്ചുകൊണ്ട് എഎപി നേതാവ് ബാൽതേജ് പന്നു രംഗത്തെത്തി. മാനസയിൽ നടന്ന കൊലപാതകം അതീവ അപലപനീയമാണെന്നും മെഡിക്കൽ ഷോപ്പ് നടത്തുന്നയാളാണ് കൃത്യം നിർവഹിച്ചതെന്ന വിവരമാണ് പുറത്തുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബിൽ ആർക്കും നിയമം കയ്യിലെടുക്കാൻ അനുവാദമില്ലെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനായ പർവീന്ദർ സിങ് ജോട്ടയുടെ കൊലപാതകം പഞ്ചാബിലെ രാഷ്ട്രീയ രംഗത്ത് വലിയ കൊടുങ്കാറ്റാണ് സൃഷ്ടിച്ചിരിക്കുന്നത്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles