ന്യൂഡൽഹി : പശ്ചിമേഷ്യയിലെ സുരക്ഷാ ആശങ്കകളും വ്യോമപാതയിലെ നിയന്ത്രണങ്ങളും കണക്കിലെടുത്ത് സൗദി അറേബ്യയിലെ നാല് പ്രധാന നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ താത്കാലികമായി നിർത്തി വെച്ച് ഇൻഡിഗോ. റിയാദ്, ജിദ്ദ, ദമാം, മദീന എന്നീ നഗരങ്ങളിലേക്കുള്ള സർവീസുകളാണ് ഒക്ടോബർ 17 വരെ റദ്ദാക്കിയതായി ഇൻഡിഗോ അറിയിച്ചത്. നിലവിലെ പ്രദേശിക സുരക്ഷാ സാഹചര്യങ്ങളും വ്യോമപാതയിലെ തടസ്സങ്ങളും വിലയിരുത്തി പുറപ്പെടുവിച്ച പുതിയ യാത്രാ മാർഗ്ഗനിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.
നിലവിലെ സാഹചര്യങ്ങൾ തുടർച്ചയായി നിരീക്ഷിച്ചു വരികയാണെന്നും പ്രാദേശിക വ്യോമയാന അധികൃതരുമായും അന്താരാഷ്ട്ര സുരക്ഷാ ഏജൻസികളുമായും നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും എയർലൈൻ വ്യക്തമാക്കി. സർവീസുകൾ പുനരാരംഭിക്കുന്നതിന് മുൻപായി സുരക്ഷ ഉറപ്പാക്കുന്നതിനാണ് മുൻഗണന നൽകുന്നത്. വിമാനങ്ങൾ റദ്ദാക്കിയതിനെ തുടർന്ന് ബുക്കിംഗ് വേളയിൽ നൽകിയ ബന്ധപ്പെടേണ്ട വിവരങ്ങൾ വഴി യാത്രാ വിവരങ്ങളും സമയമാറ്റങ്ങളും സംബന്ധിച്ച തത്സമയ സന്ദേശങ്ങൾ യാത്രക്കാരിലേക്ക് നേരിട്ട് എത്തിക്കുന്നുണ്ട്. ടിക്കറ്റ് തുക തിരികെ നൽകുന്നതിനും റീഷെഡ്യൂൾ ചെയ്യുന്നതിനുമായി പ്രത്യേക കസ്റ്റമർ സപ്പോർട്ട് ഹെൽപ്പ് ലൈൻ ടീമുകളെയും സജ്ജമാക്കിയിട്ടുണ്ട്.
മേഖലയിലെ വർദ്ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങളും സുരക്ഷാ മുൻകരുതലുകളുമാണ് സൗദി വ്യോമപാതയിലൂടെയുള്ള യാത്രകളെ ബാധിച്ചിരിക്കുന്നത്. ഇൻഡിഗോയുടെ തീരുമാനത്തിന് പിന്നാലെ ഡൽഹി, മുംബൈ, ഹൈദരാബാദ്, കൊച്ചി തുടങ്ങിയ പ്രധാന ഇന്ത്യൻ വിമാനത്താവളങ്ങളിൽ നിന്ന് സൗദി അറേബ്യയിലേക്കുള്ള നേരിട്ടുള്ള വിമാന സർവീസുകളിൽ സമയമാറ്റങ്ങളും തടസ്സങ്ങളും നേരിടുന്നുണ്ട്. ഇതേത്തുടർന്ന് മറ്റ് ആഭ്യന്തര, വിദേശ വിമാനക്കമ്പനികളും തങ്ങളുടെ സർവീസ് റൂട്ടുകൾ പുനഃപരിശോധിച്ചു വരികയാണ്.
യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് തങ്ങൾ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നതെന്ന് ഇൻഡിഗോ ഔദ്യോഗിക പത്രക്കുറിപ്പിൽ ആവർത്തിച്ചു. സുരക്ഷിതമായ സർവീസുകൾ ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് പ്രവർത്തിച്ചു വരികയാണെന്നും, വിമാനത്താവളത്തിലേക്ക് തിരിക്കുന്നതിന് മുൻപ് യാത്രക്കാർ ഔദ്യോഗിക വെബ്സൈറ്റ് വഴി വിമാനത്തിന്റെ നിലവിലെ സമയം പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും കമ്പനി അഭ്യർത്ഥിച്ചു.



