കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ കാറപകടത്തിലെ പ്രതികളെ സബ് ജയിലിലേക്ക് മാറ്റുന്നതിനുപകരം കാക്കനാട് ബോസ്റ്റൽ സ്കൂളിലേക്ക് മാറ്റിയതിൽ ദുരൂഹതയേറുന്നു. റിമാൻഡ് പ്രതിയായ കാറോടിച്ചിരുന്ന സുഹൈൽ സജീവിനെയും (19) കൂടെയുണ്ടായിരുന്ന നിനവിനെയും ബോസ്റ്റൽ സ്കൂളിലേക്ക് മാറ്റിയത് ജയിൽച്ചട്ടം 324 പ്രകാരമുള്ള കരുതലാണെന്നാണ് പോലീസിന്റെ വിശദീകരണം. എന്നാൽ ഏതെങ്കിലും കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെടുന്ന 16-നും 21-നും ഇടയിൽ പ്രായമുള്ളവരെയാണ് ബോസ്റ്റൽ സ്കൂളിൽ പ്രവേടിപ്പിക്കേണ്ടതെന്നാണ് നിയമം വ്യക്തമാക്കുന്നത്. റിമാൻഡ് പ്രതികളെ ഇവിടെ പ്രവേശിപ്പിച്ചതിനെതിരെ അപകടത്തിൽ മരിച്ച വയനാട് സ്വദേശിനി ദേവികയുടെ കുടുംബം രംഗത്തുവന്നിട്ടുണ്ട്.
അത്താണി-എയർപോർട്ട് റോഡിൽ 120 കിലോമീറ്ററിലധികം വേഗതയിൽ പാഞ്ഞ ആഡംബരക്കാർ ഇടിച്ചുകയറി കർണാടക കുടക് സ്വദേശി ഇയ്യാസ് ഇബ്രാഹിം (21), വയനാട് സ്വദേശി ദേവിക (21), പാലക്കാട് മണ്ണാർക്കാട് സ്വദേശി ഗോപിക (21) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. വിമാനത്താവള റോഡിലെ കഫേയിൽനിന്ന് ചായ കുടിച്ച് മടങ്ങുന്നതിനിടെയായിരുന്നു ഈ ദുരന്തം. അപകടത്തിന് പിന്നാലെ ഓടിക്കൂടിയവരോട് ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് പ്രതിയായ സുഹൈൽ വെല്ലുവിളിച്ചതും വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. കേസിൽ ഒന്നാംപ്രതി സുഹൈലിനും നിനവിനും പുറമെ ഒപ്പമുണ്ടായിരുന്ന ആലപ്പുഴ സ്വദേശികളായ ജോയൽ (19), അമീൻ (19) എന്നിവരെയും നെടുമ്പാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബോധമില്ലാത്ത അവസ്ഥയിലും വണ്ടിയോടിക്കാൻ പ്രേരണ നൽകി, മദ്യപിച്ച് വാഹനം ഓടിക്കുന്നത് അറിഞ്ഞിട്ടും വിലക്കിയില്ല എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. അങ്കമാലി മജിസ്ട്രേറ്റ് കോടതി ഇവരെയും ബോസ്റ്റൽ സ്കൂളിലേക്കാണ് റിമാൻഡ് ചെയ്തത്.
മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് അനുസരിച്ച് ഡ്രൈവറുടെ അമിതവേഗവും മദ്യപാനവുമാണ് അപകടത്തിന് കാരണം. ശനിയാഴ്ച ഉച്ചമുതൽ സുഹൈലും സുഹൃത്തുക്കളും രണ്ട് ബാറുകളിൽ കയറി മദ്യപിച്ചിരുന്നു. പ്രതികൾ 23 വയസ്സിൽ താഴെയുള്ളവരായതിനാൽ ഇവർക്ക് മദ്യം നൽകിയ മൂന്നു ബാറുകൾക്കെതിരേയും കർശന നടപടിയെടുക്കാൻ എക്സൈസ് മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. സുഹൈലിന്റെ ലൈസൻസ് റദ്ദാക്കുന്നതിനുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ചു കഴിഞ്ഞു. അപകടസമയത്ത് കാർ ഓടിച്ചിരുന്ന ആളുടെ രക്തത്തിന്റെയും മൂത്രത്തിന്റെയും സാമ്പിളുകൾ ഫൊറൻസിക് രാസപരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം പുറത്തുവരുന്നതോടെ കൂടുതൽ കർശന വകുപ്പുകൾ ചുമത്തുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
അപകടത്തിൽപ്പെട്ട ആഡംബരക്കാറിന്റെ സാങ്കേതിക തകരാറുകൾ, അനധികൃത രൂപമാറ്റങ്ങൾ, എൻജിൻശേഷി കൂട്ടുന്നതിനുള്ള ഇടപെടലുകൾ എന്നിവ കണ്ടെത്താൻ എം.വി.ഡി സൂപ്പർ ഇൻസ്പെക്ഷൻ ആരംഭിച്ചിട്ടുണ്ട്. വിമാനത്താവള റോഡുകളിൽ അമിതവേഗവും അപകടകരമായ രീതിയിലുള്ള വാഹനമോടിക്കലും തടയാൻ പരിശോധനകൾ ശക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു. അന്വേഷണം ആവശ്യമെങ്കിൽ പ്രത്യേക അന്വേഷണസംഘത്തിന് കൈമാറുമെന്ന് റൂറൽ എസ്.പി. കെ.എസ്. സുദർശൻ വ്യക്തമാക്കിയിട്ടുണ്ട്.



