തിരുവനന്തപുരം : ചേരാനല്ലൂര്‍ വാഹനാപകടത്തിലെ അന്വേഷണത്തിൽ വീഴ്ച വരുത്തിയ 4 ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. സിഐ ശ്യാം കുമാർ, എസ് എച്ച് ഒ വിശ്വജിത്ത്, ഗ്രേഡ് എസ് ഐ മനോജ്, സി പി ഒ അരുൺ ജിത്ത് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. കേസിൻെറ ആദ്യഘട്ടത്തിൽ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥ വ്യാപകമായ വിമർശനത്തിന് കാരണമായിരുന്നു. കേസിന്‍റെ അന്വേഷണത്തിൽ പോലീസിന് പിഴവ് സംഭവിച്ചെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇന്ന് നിയമസഭയിൽ സമ്മതിച്ചിരുന്നു.
പിന്നാലെ പോലീസിന് വീഴ്ചയുണ്ടായോ എന്നു പരിശോധിക്കാൻ എഡിജിപി പി വിജയൻ ചേരാനല്ലൂർ സ്റ്റേഷനിൽ നേരിട്ടെത്തി. എഡിജിപി റിപ്പോർട്ട് ഡിജിപിക്ക് മെയിൽ ചെയ്തതിനു പിന്നാലെയാണ് നാല് പോലീസുകാരെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവിറങ്ങിയത്.ആദ്യഘട്ടത്തിൽ തെളിവ് ശേഖരിക്കുന്നതിലുണ്ടായ വീഴ്ച, എഫ്ഐആർ ഇടുന്നതിലുണ്ടായ കാലതാമസം, നാട്ടുകാർ അപകടസ്ഥലത്തെ ദൃശ്യങ്ങൾ പകർത്തിയ ഫോണുകളിൽ നിന്നും അവ ഡിലീറ്റ് ചെയ്ത സംഭവം എന്നീ വീഴ്ചകൾ പോലീസിനു സംഭവിച്ചു എന്നാണ് കണ്ടെത്തിയിട്ടുള്ളത്.



