തൃശ്ശൂർ : സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലെ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട കേസിൽ നടപടി ശക്തമാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. തൃശ്ശൂർ, എറണാകുളം, കോഴിക്കോട് ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിൽ ഇഡി ഉദ്യോഗസ്ഥർ മിന്നൽ പരിശോധന നടത്തുകയാണ്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസിന്റെ തുടർച്ചയായാണ് ഈ റെയ്ഡ്.
മൂന്ന് ജില്ലകളിലായി ഒരേസമയം നടക്കുന്ന പരിശോധനയിൽ ബാങ്കുകളുമായി ബന്ധപ്പെട്ട വിവിധ രേഖകളും ഇടപാടുകളും അന്വേഷണസംഘം പരിശോധിച്ചു വരികയാണ്. ബാങ്ക് ഭരണസമിതി അംഗങ്ങൾ, മുൻ ഭാരവാഹികൾ, മുതിർന്ന ജീവനക്കാർ എന്നിവരുടെ വസതികളിലും സ്ഥാപനങ്ങളിലുമാണ് ഇഡി സംഘം പരിശോധന നടത്തുന്നത്. തൃശ്ശൂർ ജില്ലയിലാണ് നിലവിൽ കൂടുതൽ കേന്ദ്രങ്ങളിൽ ഒരേസമയം പരിശോധന പുരോഗമിക്കുന്നത്.
അതേസമയം, അങ്കമാലി അർബൻ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കേസിൽ നാലിടങ്ങളിലാണ് ഇഡി പരിശോധന നടക്കുന്നത്. വ്യാജ വായ്പകൾ അനുവദിച്ച് 121 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്ന് ഇഡി നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ നടപടി. റെയ്ഡിൽ പിടിച്ചെടുക്കുന്ന രേഖകളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിൽ കേസിൽ കൂടുതൽ നിർണായക നടപടികൾ ഉണ്ടാകുമെന്നാണ് സൂചന.



