തിരുവനന്തപുരം: കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന കൗൺസിലർ ആർ. സുഗതന് വേണ്ടി കോർപ്പറേഷൻ കൗൺസിൽ അറ്റൻഡൻസ് രജിസ്റ്ററിൽ കൃത്രിമം കാട്ടിയെന്ന എൽ.ഡി.എഫ് നേതാവ് അഡ്വ. എസ്.പി. ദീപക്കിന്റെ ആരോപണങ്ങൾ തള്ളി തിരുവനന്തപുരം മേയർ വി.വി. രാജേഷ്. നിലവിൽ ചണ്ഡിഗഢിൽ നടക്കുന്ന ഓൾ ഇന്ത്യ മേയേഴ്‌സ് കോൺഫറൻസിൽ പങ്കെടുക്കുന്ന മേയർ, ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് മറുപടി നൽകിയത്. തിരുവനന്തപുരം കോർപ്പറേഷൻ സംവിധാനങ്ങളെയും ഉദ്യോഗസ്ഥരെയും സംശയനിഴലിൽ നിർത്തി രാഷ്ട്രീയ ലാഭം കൊയ്യാനുള്ള കുത്സിത ശ്രമമാണ് നടക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ആരോപണങ്ങൾ വെറും രാഷ്ട്രീയ പ്രസ്താവനയായി തള്ളിക്കളയാതെ, അറ്റൻഡൻസ് രജിസ്റ്ററിലെ ഒപ്പ് നിയമപരമായി ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കാൻ താൻ തയ്യാറാണെന്ന് മേയർ വെല്ലുവിളിച്ചു. ഇതിനായി സി.സി.ടി.വി ദൃശ്യങ്ങളും അനുബന്ധ ചിത്രങ്ങളും കോടതി മുഖേന പരിശോധിക്കാവുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. കോർപ്പറേഷന്റെ நൽപേര് കളങ്കപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഇത്തരം വാസ്തവവിരുദ്ധമായ പ്രചരണങ്ങൾക്കെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് മേയർ വി.വി. രാജേഷ് അറിയിച്ചു. നഗരസഭയുടെ വികസന പ്രവർത്തനങ്ങളിൽ നിന്ന് ഒരിഞ്ച് പോലും പിന്നോട്ട് പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വി വി രാജേഷിന്റെ കുറിപ്പ് വായിക്കാം
ചണ്ഡിഗഢിൽ നടക്കുന്ന ഓൾ ഇന്ത്യ മേയേർസ് കോൺഫറൻസ് എക്സിക്യൂട്ടീവ് മീറ്റിംഗിൽ പങ്കെടുക്കുന്നു. രാജ്യത്തിൻ്റെ വിവിധ കോർപ്പറേഷനുകളെ പ്രതിനിധീകരിച്ച് എത്തിയിരിക്കുന്ന മേയർമാരുടെയും, മുതിർന്ന ഉദ്യോഗസ്ഥരുടെയും രണ്ട് ദിവസത്തെ യോഗം ഭാവിപ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടാകും. പ്രധാനമന്ത്രിയും, ആഭ്യന്തര മന്ത്രിയും തിരുവനന്തപുരം കോർപ്പറേഷനിൽ എത്തിയ സാഹചര്യം മനസിലുളളത് കൊണ്ട് കൂടി ആയിരിയ്ക്കാം തിരുവനന്തപുരത്തെ പരിചയപ്പെടുത്തിയപ്പോൾ നിറഞ്ഞ കയ്യടികളോടെയാണ് വേദിയും, സദസ്സും സ്വീകരിച്ചത്. ചണ്ഡിഗഢിൽ ആണെങ്കിലും ഈ പോസ്റ്റിൽ തന്നെ തിരുവനന്തപുരത്തെക്കുറിച്ചുള്ള മറ്റൊരു കാര്യം കൂടി സൂചിപ്പിക്കുന്നു. ഇന്നലെ മുതൽ തിരുവനന്തപുരം കോർപ്പറേഷനിലെ എൽ ഡി എഫ് പാർലമെന്‍ററി പാർട്ടി നേതാവ് അഡ്വ. എസ് പി ദീപക് നടത്തുന്ന ചില തെറ്റായ പ്രചരണങ്ങൾ പരസ്യമായി തിരുത്തുവാൻ തയ്യാറാകണം. വാഴോട്ടുകോണം വാർഡ് കൗൺസിലറുടെ ചിലമാസങ്ങളിലെ ഒപ്പ് വ്യാജമായി അറ്റൻഡൻസ് രജിസ്റ്ററിൽ രേഖപ്പടുത്തിയിട്ടുണ്ട് എന്നാണ് അദ്ദേഹം പ്രചരിപ്പിയ്ക്കുന്നത്. തികഞ്ഞ ഉത്തരവാദിത്തത്തോടെ പ്രവർത്തിയ്ക്കുന്ന ഒരു കോർപ്പറേഷൻ സിസ്റ്റത്തെ സംശയത്തിൻ്റെ നിഴലിൽ നിറുത്തുക, വാഴോട്ട് കോണം കൗൺസിലറെയും, അവിടുത്തെ വോട്ടർമാരെയും പരിഹസിയ്ക്കുക, അധികാരം നിലനിറുത്തുവാൻ മേയറും, ഉദ്യോഗസ്ഥരും തെറ്റായ കാര്യങ്ങൾ ചെയ്യുന്നവരാണ് എന്ന ധാരണ ജനങ്ങളുടെയിടയിൽ പരത്തുക എന്നിവയാണ് അദ്ദേഹത്തിൻ്റെ ഉദ്ദേശം. ആശയപരമായ ഭിന്നത നിലനിറുത്തി ആരോഗ്യകരമായ വിമർശനമുയർത്തി ശക്തമായ പ്രതിപക്ഷ പ്രവർത്തനം നടത്താൻ നല്ല അവസങ്ങൾ നിലവിലുള്ളപ്പോഴാണ് സ്വന്തം വിലകളയുന്ന ഇത്തരം കാര്യങ്ങളിലേയ്ക്ക് തിരിയുന്നത്. ഈ ആരോപണം കേവലം രാഷ്‌ട്രീയ ആരോപണമായി വിട്ടുകളയാൻ തയ്യാറാകുന്നില്ല. നിയമപരമായ വ്യവസ്ഥകളിലൂടെ അറ്റൻഡൻസ് രജിസ്റ്ററുംഉ കൗൺസിലറുടെ ഒപ്പും ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കാവുന്നതാണ്. അന്നത്തെ ദിവത്തെ ലഭ്യമായ ദൃശ്യങ്ങളും ഡേറ്റഡ് ഫോട്ടോസും നിയമ വ്യവസ്ഥയിലൂടെ പരിശോധിയ്ക്കാം. ഇതൊക്കെ ചെയ്യാമെന്നിരിക്കെ ഇനി അധികാരത്തിൽ എത്താൻ കഴിയില്ലെന്ന ആധിയിൽ എന്തെങ്കിലും വിളിച്ചു പറയരുത്. ഇതിനെതിരെ നിയമനടപടികൾ ആരംഭിയ്ക്കുന്നു. ആരുടെ ഭാഗത്താണ് ശരിയെന്ന് കോടതി തീരുമാനിക്കട്ടെ. ‘വികസിത തിരുവനന്തപുരം’ എന്ന ലക്ഷ്യത്തിനായി നടപ്പിലാക്കുന്ന ‘മേയർ കെയർ’ പദ്ധതിയെക്കുറിച്ചും പലതും പറയുന്നുണ്ട്. അടിത്തറ തകരുന്നതിലെ ആശങ്കയാണെന്നറിയാം. ഒരിഞ്ച് പിന്നോട്ടില്ല, ശക്തമായി മുന്നോട്ട്.ഇ ക്കാര്യത്തിൽ ബാക്കി അടുത്ത കൗൺസിലിൽ കാണാം.



