ഗാന്ധിനഗർ: രാജ്യത്തെ കർഷക ക്ഷേമത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും പുതിയ കുതിപ്പേകി വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു. ചടങ്ങിന്റെ ഭാഗമായി പി.എം കിസാൻ സമ്മാൻ നിധിയുടെ 24-ാം ഗഡു തുകയും അദ്ദേഹം വിതരണം ചെയ്തു. രാജ്യത്തുടനീളമുള്ള ഒൻപത് കോടിയിലധികം കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഡയറക്ട് ബെനഫിറ്റ് ട്രാൻസ്ഫർ (ഡിബിടി) വഴി 19,000 കോടി രൂപയിലധികമാണ് നേരിട്ടെത്തിച്ചത്.
കർഷകർക്കുള്ള സാമ്പത്തിക സഹായത്തിന് പുറമേ കൃഷി, മൃഗസംരക്ഷണം, ഗതാഗതം, സാമൂഹിക മേഖലകളിലെ വൻകിട പദ്ധതികൾക്കും ഗാന്ധിനഗറിൽ അദ്ദേഹം തുടക്കം കുറിച്ചു. ബനസ്കാന്തയിലെ ഭിൽഡിയിൽ 127 ഏക്കറിൽ സജ്ജമാക്കിയ ഭാരത് ബോവൈൻ ബ്രീഡിംഗ് ആൻഡ് റിസർച്ച് സെന്റർ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. കങ്ക്രേജ് ഇനത്തിൽപ്പെട്ട കന്നുകാലികളുടെ ജനിതകഗുണം മെച്ചപ്പെടുത്തുന്നതിനായി സ്ഥാപിച്ച രാജ്യത്തെ ആദ്യ കേന്ദ്രമാണിത്. കൂടാതെ ബനാസ് ഡയറിയുടെ നേതൃത്വത്തിൽ ഥറാദിലും രാധൻപൂരിലും നിർമിക്കുന്ന പ്രതിദിനം ടൺ കണക്കിന് ചാണകം സംസ്കരിക്കാൻ ശേഷിയുള്ള രണ്ട് ബയോ-സിഎൻജി പ്ലാന്റുകൾക്കും തറക്കല്ലിട്ടു.
അടിസ്ഥാന സൗകര്യ വികസന രംഗത്ത് അഹമ്മദാബാദ് മെട്രോ രണ്ടാംഘട്ടം വിമാനത്താവളത്തിലേക്കും ഗിഫ്റ്റ് സിറ്റിയിലേക്കും ദീർഘിപ്പിക്കുന്ന പദ്ധതികൾക്കും തുടക്കമായിട്ടുണ്ട്. അഹമ്മദാബാദ്-മെഹ്സാന റോഡ് എട്ടുവരിയാക്കുന്ന വികസനപ്രവർത്തനങ്ങളും ഇതിലൂടെ യാഥാർത്ഥ്യമാകും. കാർഷിക മേഖലയ്ക്ക് കരുത്തേകാൻ ശീതീകരണ സംഭരണശാലകളും സംസ്കരണ കേന്ദ്രങ്ങളും അടങ്ങുന്ന 521 പദ്ധതികളും 12 ഹോർട്ടികൾച്ചർ ക്ലസ്റ്ററുകളും കർഷകർക്കായി തുറന്നുകൊടുത്തു. ഒന്നര ലക്ഷത്തോളം ഹെക്ടറിലായി വ്യാപിച്ചുകിടക്കുന്ന ഈ പദ്ധതികൾ ലക്ഷക്കണക്കിന് കർഷകർക്ക് പ്രയോജനം ചെയ്യും.
സാമൂഹിക ക്ഷേമം മുൻനിർത്തി ഗുജറാത്തിൽ നാലായിരത്തിലധികം ശിശുസൗഹൃദ അങ്കണവാടികളുടെ നിർമാണത്തിനും തുടക്കം കുറിച്ചിട്ടുണ്ട്. ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി അഹമ്മദാബാദ്-വാരണാസി എക്സ്പ്രസ്, മെഹ്സാന-ബെച്ചരാജി-സബർമതി മെമു ട്രെയിൻ സർവീസുകൾ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. ബനസ്കാന്തയിൽ മാത്രം 14,000 കോടി രൂപയിലധികം മൂല്യമുള്ള വികസന വിപ്ലവത്തിനാണ് പ്രധാനമന്ത്രിയുടെ സന്ദർശനത്തോടെ തുടക്കമായിരിക്കുന്നത്.



