ആലപ്പുഴ : ചെങ്ങന്നൂരിനടുത്ത് തിരുവൻവണ്ടൂരിൽ നാട്ടുകാരെ ഭീതിയിലാഴ്ത്തി ലഹരി സംഘത്തിന്റെ ആക്രമണം. മദ്യലഹരിയിൽ അമിതവേഗതയിൽ കാറോടിച്ചെത്തിയ സംഘം വഴിയിലെ ഇലക്ട്രിക് പോസ്റ്റ് ഇടിച്ചു തകർക്കുകയും നാട്ടുകാരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേർ പോലീസിന്റെ പിടിയിലായി.
ഇന്നലെ ഉച്ചയോടെയാണ് സംഭവങ്ങളുടെ തുടക്കം. കാറിലെത്തിയ സംഘത്തിന്റെ അക്രമം ചോദ്യം ചെയ്ത നാട്ടുകാരെ പ്രതികൾ വടിവാൾ വീശി ഭീഷണിപ്പെടുത്തി. തുടർന്ന് നാട്ടുകാർ സംഘംചേർന്ന് നടത്തിയ തിരച്ചിലിൽ പ്രതികളിൽ ഒരാളെ ഓതറയിൽ നിന്ന് പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. എന്നാൽ ഇതിന്റെ പ്രകോപനത്തിൽ രാത്രിയോടെ വീണ്ടുമെത്തിയ ലഹരി സംഘം പ്രദേശത്ത് കൂടുതൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
രാത്രിയോടെ ചെങ്ങന്നൂരിലെ ബാറിൽ നിന്ന് മറ്റ് രണ്ട് പ്രതികളെയും പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഇനി ഒരാൾ കൂടി പിടിയിലാകാനുണ്ടെന്നും ഇയാൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായും പോലീസ് അറിയിച്ചു. പ്രതികൾ നാട്ടുകാരെ ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.



