കൊച്ചി: മൂന്ന് പേരുടെ ജീവനെടുത്ത നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടക്കേസിൽ വാഹനം ഓടിച്ചിരുന്ന പ്രതി സുഹൈൽ സജീവിന് പുറമേ, അപകടസമയത്ത് കൂടെയുണ്ടായിരുന്ന മൂന്ന് സുഹൃത്തുക്കൾക്കെതിരെ കൂടി പോലീസ് കേസെടുത്തു. ആലപ്പുഴ സ്വദേശി നിനവ്, ഇവരുടെ സുഹൃത്തുക്കളായ അമീർ, ജോയൽ എന്നിവർക്കെതിരെയാണ് പ്രേരണാകുറ്റം ചുമത്തിയിരിക്കുന്നത്.
മദ്യപിച്ച് ലഹരിയിലായിരുന്ന സുഹൈലിനെ വാഹനം ഓടിക്കാൻ പ്രേരിപ്പിച്ചു, അപകടകരമായ വിധത്തിൽ അമിതവേഗതയിൽ സഞ്ചരിച്ചിട്ടും തടഞ്ഞില്ല തുടങ്ങിയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് നടപടി. അപകടം നടന്നയുടൻ അമീറും ജോയലും സ്ഥലത്തുനിന്ന് മറ്റൊരു കാറിൽ രക്ഷപ്പെടുകയായിരുന്നു. ഇവർ സഞ്ചരിച്ച ഈ വാഹനത്തെക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബാറുകളിൽ കയറി മദ്യപിച്ച ശേഷം സുഹൈലും നിനവും ചേർന്നാണ് യാത്ര തുടങ്ങിയത്. വിമാനത്താവള പരിസരത്തുനിന്നാണ് അമീറും ജോയലും കാറിൽ കയറുന്നത്. തുടർന്ന് നാൽവർ സംഘം സഞ്ചരിച്ച വാഹനം അമിതവേഗതയെത്തുടർന്ന് അപകടത്തിൽപ്പെടുകയായിരുന്നു.
സംഭവത്തിൽ റിമാൻഡിലുള്ള സുഹൈൽ സജീവിന്റെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് നടപടികൾ ആരംഭിച്ചു. ഇതിനായി പോലീസിന്റെ ഔദ്യോഗിക റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് അധികൃതർ. വാഹനത്തിന്റെ ഇവന്റ് ഡാറ്റ റെക്കോർഡർ (EDR) പരിശോധിക്കുന്നതിലൂടെ അപകടസമയത്തെ വേഗത, ബ്രേക്കിംഗ്, ത്രോട്ടിൽ നില എന്നിവയെക്കുറിച്ച് വ്യക്തത ലഭിക്കുമെന്നാണ് പോലീസിന്റെ നിഗമനം.



