ന്യൂഡൽഹി: 2027-ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ സഖ്യമായ ഇൻഡി മുന്നണിയിലെ സീറ്റ് വിഭജന ചർച്ചകൾക്കിടെ സമാജ്‌വാദി പാർട്ടിയും കോൺഗ്രസും തമ്മിൽ അഭിപ്രായവ്യത്യാസം രൂക്ഷമാകുന്നു. സഖ്യകക്ഷിയായ കോൺഗ്രസിന് മത്സരിക്കാൻ 26 സീറ്റുകൾ മാത്രമാണ് സമാജ്‌വാദി പാർട്ടി നിലവിൽ വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാൽ കുറഞ്ഞത് 100 സീറ്റുകളെങ്കിലും വേണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് കോൺഗ്രസ്. ഇതോടെ ഇരുപാർട്ടികളും തമ്മിലുള്ള സീറ്റ് വിഭജന ചർച്ചകൾ നിർണായക ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.
ചർച്ചയുടെ രണ്ടാം ദിവസമാണ് സമാജ്‌വാദി പാർട്ടി 26 സീറ്റുകളുടെ നിർദേശം മുന്നോട്ടുവെച്ചത്. മുൻ നിയമസഭാ തിരഞ്ഞെടുപ്പുകളിലെ പ്രകടനം അടിസ്ഥാനമാക്കിയാണ് ഈ സീറ്റുകൾ നിർദേശിച്ചതെന്നാണ് റിപ്പോർട്ടുകൾ. കോൺഗ്രസ് കുറഞ്ഞത് 60 എ ഗ്രേഡ് സീറ്റുകൾ ആവശ്യപ്പെട്ടതായി നേരത്തെ സൂചനകളുണ്ടായിരുന്നു. സഖ്യത്തിന് വിജയസാധ്യതയുള്ള ശക്തമായ മണ്ഡലങ്ങളെയാണ് എ ഗ്രേഡ് സീറ്റുകളായി കണക്കാക്കുന്നത്. എന്നാൽ ഇതിൽനിന്ന് ഏറെ വ്യത്യസ്തമായ നിർദേശമാണ് സമാജ്‌വാദി പാർട്ടി മുന്നോട്ടുവെച്ചിരിക്കുന്നത്.
സമാജ്‌വാദി പാർട്ടി നേതാവ് രാംഗോപാൽ യാദവ് കോൺഗ്രസിന് 26 സീറ്റുകൾ നിർദേശിച്ച കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ സീറ്റ് വിഭജനത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിർദേശിച്ച 26 മണ്ഡലങ്ങളിൽ ഭൂരിഭാഗത്തും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് പതിനായിരത്തിലധികം വോട്ടുകൾ ലഭിച്ചിരുന്നുവെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്. എന്നാൽ ഈ മണ്ഡലങ്ങളിൽ വലിയ ഭൂരിപക്ഷത്തിലാണ് ബിജെപി വിജയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ പകുതിയിലധികം സീറ്റുകളെ സമാജ്‌വാദി പാർട്ടി ബി വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. അന്തിമ പട്ടികയിൽ ഈ 26 സീറ്റുകൾക്ക് പുറമെ മറ്റ് മണ്ഡലങ്ങളും ഉൾപ്പെട്ടേക്കാം.
അതേസമയം, സീറ്റ് വിഭജനത്തിൽ കോൺഗ്രസ് കൂടുതൽ വിട്ടുവീഴ്ച ചെയ്യണമെന്ന ആവശ്യമാണ് സമാജ്‌വാദി പാർട്ടി മുന്നോട്ടുവെക്കുന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിന്റെ പ്രാധാന്യം കോൺഗ്രസ് തിരിച്ചറിയണമെന്നും കൂടുതൽ അയവുള്ള നിലപാട് സ്വീകരിക്കണമെന്നും സമാജ്‌വാദി പാർട്ടി നേതാവ് രാംജി ലാൽ സുമൻ അഭ്യർഥിച്ചു. ഇരു പാർട്ടികളും തമ്മിൽ ധാരണയിലെത്തണമെന്നാണ് രാജ്യത്തെയും ഉത്തർപ്രദേശിലെയും ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് എംപി പ്രമോദ് തിവാരിയുടെ ഡൽഹിയിലെ വസതിയിലായിരുന്നു ചർച്ചകളുടെ ആദ്യഘട്ടം നടന്നത്. 2027-ലെ തിരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണിയിലെ ഘടകകക്ഷികളുമായി സീറ്റ് വിഭജനം ചർച്ച ചെയ്യുന്നതിനായി സമാജ്‌വാദി പാർട്ടി പ്രത്യേക സമിതിയെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കൂടിയാലോചനകൾ ആരംഭിച്ചത്.
2017-ലും 2022-ലും തുടർച്ചയായി തിരഞ്ഞെടുപ്പ് പരാജയങ്ങൾ നേരിട്ട സമാജ്‌വാദി പാർട്ടി ഉത്തർപ്രദേശിൽ ശക്തമായ തിരിച്ചുവരവാണ് ലക്ഷ്യമിടുന്നത്. 2022-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരു പാർട്ടികളും വ്യത്യസ്തമായാണ് മത്സരിച്ചത്. അന്ന് മത്സരിച്ച 347 സീറ്റുകളിൽ 111 എണ്ണത്തിൽ സമാജ്‌വാദി പാർട്ടി വിജയിച്ചപ്പോൾ 399 മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ നിർത്തിയ കോൺഗ്രസിന് രണ്ട് സീറ്റുകളിൽ മാത്രമാണ് വിജയിക്കാനായത്.
എന്നാൽ 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണിയുടെ ഭാഗമായി ഒരുമിച്ച് മത്സരിച്ചപ്പോൾ ഇരു പാർട്ടികളും മികച്ച പ്രകടനം കാഴ്ചവെച്ചു. മത്സരിച്ച 62 സീറ്റുകളിൽ 37 എണ്ണത്തിൽ സമാജ്‌വാദി പാർട്ടി വിജയിച്ചപ്പോൾ 17 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസിന് ആറിടത്ത് വിജയിക്കാനായി. ഈ പ്രകടനമാണ് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും സഖ്യം തുടരണമെന്ന പ്രതീക്ഷ ഇരുപാർട്ടികളിലും ശക്തമാക്കിയത്. 403 നിയമസഭാ മണ്ഡലങ്ങളുള്ള ഉത്തർപ്രദേശിൽ അധികാരത്തിലേക്കുള്ള തിരിച്ചുവരവാണ് സമാജ്‌വാദി പാർട്ടിയുടെ പ്രധാന ലക്ഷ്യം. അതേസമയം, സംസ്ഥാനത്ത് സ്വന്തം രാഷ്ട്രീയ അടിത്തറ ശക്തിപ്പെടുത്താൻ കൂടുതൽ സീറ്റുകളിൽ മത്സരിക്കണമെന്നാണ് കോൺഗ്രസിന്റെ നിലപാട്.



