വെസ്റ്റ് ബംഗാൾ ‘പശ്ചിം ബംഗ’യാകുന്നു! പേരുമാറ്റ പ്രമേയം ഡിസംബർ ഒൻപതിന് നിയമസഭയിൽ അവതരിപ്പിക്കുമെന്ന് സുവേന്ദു അധികാരി

കൊൽക്കത്ത: വെസ്റ്റ് ബംഗാൾ എന്ന പേര് മാറ്റി സംസ്ഥാനത്തെ ഇനിമുതൽ ഇംഗ്ലീഷിലും ‘പശ്ചിം ബംഗ’ എന്നാക്കി മാറ്റാനുള്ള നിർണ്ണായക നീക്കവുമായി സംസ്ഥാന സർക്കാർ. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രമേയം ഡിസംബർ ഒൻപതിന് നിയമസഭയിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി അറിയിച്ചു. തിങ്കളാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റിൽ ചേർന്ന മന്ത്രിസഭായോഗം നിർദ്ദേശത്തിന് അംഗീകാരം നൽകിയതിന് പിന്നാലെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ബംഗാളി ഭാഷയിൽ നിലവിൽ ‘പശ്ചിം ബംഗ’ എന്നാണ് സംസ്ഥാനം അറിയപ്പെടുന്നത്. ഇതേ പേരുതന്നെ ഇംഗ്ലീഷിലും കൃത്യമായി എഴുതണമെന്നാണ് ബിജെപി സർക്കാരിന്റെ തീരുമാനം. ഡിസംബർ നാലിന് ആരംഭിക്കുന്ന നിയമസഭയുടെ ശീതകാല സമ്മേളനത്തിൽ ഒൻപതാം തീയതി പ്രമേയം അവതരിപ്പിച്ച് പാസാക്കിയ ശേഷം, തുടർനടപടികൾക്കും പാർലമെന്റിന്റെ അംഗീകാരത്തിനുമായി കേന്ദ്ര സർക്കാരിന് അയച്ചുകൊടുക്കുമെന്ന് സുവേന്ദു അധികാരി മാധ്യമങ്ങളോട് പറഞ്ഞു.

1947 ജൂൺ 20-ലെ ബംഗാൾ വിഭജന ചരിത്രവുമായി ഈ പേരിന് അഭേദ്യമായ ബന്ധമുണ്ടെന്നും ആ ചരിത്രം അംഗീകരിക്കപ്പെടേണ്ടതുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വിഭജനകാലത്ത് ഒരു ഭാഗം കിഴക്കൻ ബംഗാളും പിന്നീട് ബംഗ്ലാദേശുമായി മാറിയപ്പോൾ, ബംഗാളി ഹിന്ദുക്കൾക്കായി ജനസംഘം സ്ഥാപകൻ ശ്യാമപ്രസാദ് മുഖർജിയും മറ്റും മുൻകൈയെടുത്ത് രൂപീകരിച്ച പ്രദേശമാണ് പശ്ചിം ബംഗ എന്നാണ് ബിജെപി നേതൃത്വം ഉയർത്തിക്കാട്ടുന്നത്. ഇതിന്റെ സ്മരണാർത്ഥം ജൂൺ 20-ന് സർക്കാർ ‘പശ്ചിം ബംഗ ദിവസ്’ ആയി ആചരിച്ചിരുന്നു.

മുമ്പ് 2018 ജൂലൈയിൽ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് സർക്കാർ സംസ്ഥാനത്തിന്റെ പേര് ‘ബംഗ്ല’ എന്നാക്കി മാറ്റാൻ നിയമസഭയിൽ പ്രമേയം പാസാക്കിയിരുന്നു. എന്നാൽ അയൽരാജ്യമായ ബംഗ്ലാദേശുമായി പേരിൽ ആശയക്കുഴപ്പമുണ്ടാകാൻ സാധ്യതയുണ്ടെന്ന കാരണത്താലും മറ്റ് സാങ്കേതിക കാരണങ്ങളാലും കേന്ദ്ര സർക്കാർ ആ നിർദ്ദേശത്തിന് അംഗീകാരം നൽകിയിരുന്നില്ല. തുടർന്നാണ് ചരിത്രപരമായ പ്രാധാന്യം മുൻനിർത്തി ‘പശ്ചിം ബംഗ’ എന്ന പേര് തന്നെ എല്ലാ ഭാഷകളിലും ഔദ്യോഗികമാക്കാൻ നിലവിലെ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles