പി എസ് സി യെ തിരുട്ട് സംഘമാക്കി കമ്മികൾ, പക്ഷേ മിൽമയിൽ നട്ടെല്ലുള്ള ആൺപിള്ളേരുണ്ടെന്ന് മറന്നു

കേരള പബ്ലിക് സർവീസ് കമ്മീഷൻ എന്ന ഭരണഘടനാ സ്ഥാപനം അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും നാണംകെട്ട തട്ടിപ്പുകേന്ദ്രമായി അധഃപതിച്ച ഞെട്ടിക്കുന്ന യാഥാർത്ഥ്യങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ലക്ഷക്കണക്കിന് പാവപ്പെട്ട ഉദ്യോഗാർത്ഥികൾ രാപ്പകലില്ലാതെ ഉറക്കമൊഴിച്ച് പഠിച്ച് ഒരു സർക്കാർ ജോലിക്കായി കാത്തിരിക്കുമ്പോൾ, പിഎസ്‌സി ഓഫീസിന്റെ ഇരുട്ടറകളിൽ നടക്കുന്നത് അർഹതയുള്ളവരെ തഴഞ്ഞ് സ്വന്തക്കാർക്കും ഉന്നതർക്കും വഴിവിട്ട നിയമനങ്ങൾ പതിച്ചുനൽകുന്ന കള്ളക്കളികളാണ്. അതിൽ ഏറ്റവും പുതിയതും വിചിത്രവുമായ ക്രമക്കേടാണ് മിൽമയിലെ ക്വാളിറ്റി കൺട്രോൾ മാനേജർ തസ്തികയിലേക്കുള്ള നിയമനത്തിലൂടെ ഇപ്പോൾ അനാവരണം ചെയ്യപ്പെട്ടിരിക്കുന്നത്. പാലും പാലുൽപ്പന്നങ്ങളും വിതരണം ചെയ്യുന്ന മിൽമയുടെ ഉൽപ്പാദന നിലവാരവും ജനങ്ങളുടെ ആരോഗ്യവും സംരക്ഷിക്കേണ്ട നിർണ്ണായകമായ തസ്തികയാണ് ക്വാളിറ്റി കൺട്രോൾ മാനേജർ. ലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ ആരോഗ്യ സുരക്ഷയുമായി നേരിട്ട് ബന്ധപ്പെട്ട ഈ ഉന്നത സ്ഥാനത്തേക്ക് നിഷ്കർഷിച്ചിരുന്ന അടിസ്ഥാന യോഗ്യത ഡയറി മൈക്രോബയോളജിയായിരുന്നു. എന്നാൽ പിഎസ്‌സി അധികൃതർ ആ യോഗ്യതയെ അട്ടിമറിച്ച് വെറും ജനറൽ മൈക്രോബയോളജി മാത്രമാക്കി ചുരുക്കി വിജ്ഞാപനമിറക്കി പരീക്ഷ നടത്തി.

2024-ൽ നടത്തിയ ഈ പരീക്ഷയുടെ അടിസ്ഥാനത്തിൽ 2026 സെപ്റ്റംബറിൽ ഒരു ഉദ്യോഗാർത്ഥിക്ക് സന്തോഷത്തോടെ നിയമന ഉത്തരവും നൽകി. എന്നാൽ പിഎസ്‌സിയുടെ ഈ ഒത്തുകളിക്ക് കുടപിടിക്കാൻ മിൽമ തയ്യാറായില്ല. നിയമന ഉത്തരവുമായി തിരുവനന്തപുരത്തെ മിൽമ ആസ്ഥാനത്ത് ജോലിയിൽ പ്രവേശിക്കാൻ എത്തിയ ഉദ്യോഗാർത്ഥിയെ മിൽമ മാനേജ്‌മെന്റ് ഗേറ്റിൽ വെച്ചുതന്നെ തടഞ്ഞു. ഡയറി മൈക്രോബയോളജിയിൽ പ്രത്യേക പരിജ്ഞാനമില്ലാത്ത ഒരാളെ പാലിന്റെ ഗുണനിലവാരം നിയന്ത്രിക്കേണ്ട ഇത്രയും ഉയർന്ന പദവിയിൽ ഇരുത്താൻ കഴിയില്ലെന്ന ശക്തമായ നിലപാടാണ് മിൽമ സ്വീകരിച്ചത്. ലക്ഷക്കണക്കിന് ജനങ്ങൾ കുടിക്കുന്ന പാലിന്റെ പരിശുദ്ധി പണയപ്പെടുത്തിക്കൊണ്ട് ഇത്തരമൊരു നിയമനം അംഗീകരിക്കാനാവില്ലെന്ന് മിൽമ തുറന്നടിച്ചു. യോഗ്യതകൾ മാറ്റിവെച്ച് പരീക്ഷ നടത്തി നിയമന ശുപാർശ നൽകിയ പിഎസ്‌സിയുടെ അസാധാരണവും ദുരൂഹവുമായ നടപടിയിൽ വിശദീകരണം ആവശ്യപ്പെട്ട് സർക്കാരിനും പിഎസ്‌സിക്കും മിൽമ ഔദ്യോഗികമായി കത്ത് നൽകിയിരിക്കുകയാണ്. സ്വന്തക്കാർക്ക് ജോലി നൽകാൻ ജനങ്ങളുടെ ജീവൻ വെച്ച് പന്താടാൻ പോലും പിഎസ്‌സി മടിക്കുന്നില്ലെന്നതിന്റെ നഗ്നമായ ഉദാഹരണമാണിത്. ഇതുകൊണ്ടും തീരുന്നില്ല പിഎസ്‌സിയുടെ തട്ടിപ്പുകളുടെ പരമ്പര. സംസ്ഥാനത്ത് നടന്ന മറ്റ് മൂന്ന് പ്രധാന പരീക്ഷകളിലെ വൻ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഇന്ന് ക്രൈംബ്രാഞ്ച് പുതിയ മൂന്ന് കേസുകൾ കൂടി രജിസ്റ്റർ ചെയ്യുകയാണ്. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, വില്ലേജ് ഓയിൽ ഇൻസ്പെക്ടർ, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ എന്നീ തസ്തികകളിലെ പരീക്ഷകളിലാണ് അട്ടിമറികൾ അരങ്ങേറിയത്. ഹൈക്കോടതി കർശന നിലപാട് സ്വീകരിക്കുകയും ശക്തമായ താക്കീത് നൽകുകയും ചെയ്തതോടെയാണ് അന്വേഷണവുമായി സഹകരിക്കാൻ പിഎസ്‌സി ഒടുവിൽ നിർബന്ധിതമായത്.

അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകാൻ പിഎസ്‌സിയിലെ ഉന്നത അംഗങ്ങൾ പോലും തയ്യാറെടുക്കുകയാണ്. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പരീക്ഷയിൽ തലസ്ഥാനത്തെ ഒരു പ്രമുഖ സ്വകാര്യ കോച്ചിംഗ് സെന്റർ തയ്യാറാക്കി നൽകിയ മോഡൽ ചോദ്യങ്ങൾ അതേപടി പരീക്ഷാ പേപ്പറിൽ പകർത്തി വെക്കുകയായിരുന്നു. ഉദ്യോഗാർത്ഥികളിൽ നിന്ന് ലക്ഷങ്ങൾ കോഴ വാങ്ങി കോച്ചിംഗ് മാഫിയയും പിഎസ്‌സി ഉന്നതരും നടത്തിയ രഹസ്യ ബാന്ധവമാണ് ഇതിലൂടെ തുറന്നുകാട്ടപ്പെട്ടത്. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ പരീക്ഷയുടെ അവസ്ഥയാകട്ടെ അതിലും ഭീകരമാണ്. റാങ്ക് ലിസ്റ്റിലെ ആദ്യത്തെ നൂറുപേരും ഒരേ ഫിഷറീസ് സർവ്വകലാശാലയിലെ വിദ്യാർത്ഥികളാണ്. ചോദ്യപേപ്പർ തയ്യാറാക്കിയതും ഉദ്യോഗാർത്ഥികളുടെ അഭിമുഖം നടത്തിയതും ഇതേ സർവ്വകലാശാലയിലെ അധ്യാപകരായിരുന്നു. എസ്എഫ്ഐയുടെ മുൻനിര പ്രവർത്തകർക്കും നേതാക്കൾക്കും വേണ്ടി പരീക്ഷ മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ പോലെ നടത്തുകയായിരുന്നു എന്ന് തെളിഞ്ഞിരിക്കുന്നുഎന്നാണ് ഭൂരിപക്ഷം ഉദ്യോഗാര്ഥികളും പറയുന്നത്. വില്ലേജ് ഓയിൽ ഇൻസ്പെക്ടർ പരീക്ഷയിലാകട്ടെ, ആവശ്യമായ അടിസ്ഥാന യോഗ്യത പോലുമില്ലാതിരുന്ന പിഎസ്‌സിയിലെ തന്നെ ഒരു ഉദ്യോഗസ്ഥന്റെ ഭാര്യക്കാണ് അനധികൃതമായി ഒന്നാം റാങ്കും നിയമനവും തരപ്പെടുത്തി നൽകിയത്. പിഎസ്‌സി എന്നാൽ പാവപ്പെട്ടവന്റെ പ്രതീക്ഷയല്ല, മറിച്ച് സ്വജനപക്ഷപാതത്തിന്റെയും ബന്ധുനിയമനങ്ങളുടെയും അഴിമതി കേന്ദ്രമായി മാറിയിരിക്കുന്നു.

എന്നാൽ ഹൈക്കോടതിയുടെ കർശനമായ നോട്ടം ഉള്ളതുകൊണ്ടുമാത്രമാണ് അന്വേഷണം ഇഴഞ്ഞുപോകാതെ ഉന്നതരിലേക്ക് എത്തുന്നത്. പാവപ്പെട്ട ഉദ്യോഗാർത്ഥികളുടെ ജീവിതം വെച്ച് അമ്മാനമാടുന്ന ഈ മാഫിയ സംഘത്തിലെ അവസാനത്തെ കണ്ണിയും നിയമത്തിന് മുന്നിൽ വിലങ്ങണിയുന്നത് കാണാനാണ് കേരളത്തിലെ പൊതുസമൂഹം ഒന്നടങ്കം കാത്തിരിക്കുന്നത്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles