ചേർത്തല: കെഎസ്ആർടിസി ചേർത്തല ഡിപ്പോയിൽ സർവീസ് കഴിഞ്ഞെത്തുന്ന ബസുകളിൽ നിന്ന് ഡീസൽ മോഷ്ടിച്ച് വിൽപ്പന നടത്തിയ സംഭവത്തിൽ മെക്കാനിക്കൽ വിഭാഗത്തിലെ മൂന്ന് ജീവനക്കാർക്ക് സസ്പെൻഷൻ. എൻജിനിയറിങ് വിഭാഗം ഉദ്യോഗസ്ഥൻ രഹസ്യമായി നടത്തിയ പെൻക്യാമറ ഓപ്പറേഷനിലാണ് തട്ടിപ്പ് കയ്യോടെ പിടികൂടിയത്. മെക്കാനിക്കൽ വിഭാഗം ജീവനക്കാരായ കണ്ണൻ (44), ശരത് (38), ജയേഷ് (41) എന്നിവരെയാണ് ഡിപ്പോ അധികൃതർ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് മറ്റൊരു ജീവനക്കാരനായ ശരത് ശശിയെ മാപ്പുസാക്ഷിയാക്കിയിട്ടുണ്ട്.
ഡിപ്പോയിലെ ബസുകളുടെ മൈലേജ് അസാധാരണമായി കുറഞ്ഞതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് വൻ ഡീസൽ മോഷണത്തിന്റെ ചുരുളഴിഞ്ഞത്. തട്ടിപ്പിനെക്കുറിച്ച് സംശയം തോന്നിയ എൻജിനിയറിങ് വിഭാഗം ഉദ്യോഗസ്ഥൻ ഡിപ്പോയിൽ രഹസ്യമായി പെൻക്യാമറകൾ സ്ഥാപിക്കുകയായിരുന്നു. സർവീസ് പൂർത്തിയാക്കി ഡിപ്പോയിലെത്തുന്ന ബസുകളിൽ നിന്ന് ജീവനക്കാർ ഡീസൽ ഊറ്റിയെടുക്കുന്ന ദൃശ്യങ്ങൾ കാമറയിൽ കൃത്യമായി പതിഞ്ഞതോടെയാണ് തിരിമറി പുറത്തറിയുന്നത്.
പ്രതിദിനം 10 മുതൽ 25 ലിറ്റർ വരെ ഡീസൽ ഇവർ ബസുകളിൽ നിന്ന് മോഷ്ടിച്ചിരുന്നതായാണ് പ്രാഥമിക സൂചന. സംഭവത്തിൽ എ.ടി.ഒ ചേർത്തല പോലീസിൽ പരാതി നൽകുകയും, വിശദമായ അന്വേഷണ റിപ്പോർട്ട് കെഎസ്ആർടിസി ഉന്നത ഉദ്യോഗസ്ഥർക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. ഊറ്റിയെടുത്ത ഡീസൽ എങ്ങോട്ടാണ് കടത്തിയിരുന്നത്, തട്ടിപ്പിന് പിന്നിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ, എത്രനാളായി ഈ മോഷണം തുടരുന്നു തുടങ്ങിയ കാര്യങ്ങളിൽ പോലീസിന്റെ വിശദമായ അന്വേഷണത്തിലൂടെ വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വകുപ്പുതല അന്വേഷണത്തിന്റെ ആദ്യഘട്ട നടപടിയായാണ് നിലവിൽ മൂന്ന് ജീവനക്കാരെയും സസ്പെൻഡ് ചെയ്തിരിക്കുന്നത്.



