ഇവിടെ അവരും ജീവിച്ചിരുന്നു.. പെരിയയുടെ നോവുന്ന മണ്ണിലൂടെ.. ശരത്തിന്റെയും കൃപേഷിന്റെയും നാട്ടിലേക്ക് ഒരു യാത്ര

ഡിഎൻഎ ന്യൂസിന് വേണ്ടി ഒരു അഭിമുഖത്തിനായാണ് ഞാനവിടെ എത്തിയത്. കാസർഗോഡ് ജില്ലയിലെ ‘പെരിയ’ എന്ന ഗ്രാമത്തിലേക്ക്. അവിടേക്ക് ചെല്ലുമ്പോൾ മനസ്സിൽ പറഞ്ഞറിയിക്കാൻ വയ്യാത്ത ഒരു അസ്വസ്ഥതയായിരുന്നു. 2019 ഫെബ്രുവരി 17 -നായിരുന്നല്ലോ കേരളത്തെ നടുക്കിയ ‘പെരിയ ഇരട്ടക്കൊല’ അരങ്ങേറിയത്.

കൃപേഷിന്റെ മാതാപിതാക്കൾ

മനോഹരമായൊരു ഗ്രാമം. കവലയിൽ നിന്ന് ഇടത്തേക്ക് തിരിയുമ്പോൾ രണ്ട് പോലീസ് വാഹനങ്ങൾ നിർത്തിയിട്ടിരിക്കുന്നു. ഏതാണ്ട് ഇരുന്നൂറ്‌ മീറ്റർ പിന്നിട്ടപ്പോൾ റോഡിന്റെ ഇടത് വശത്ത് അൽപ്പം മുകളിലായി ചെങ്കല്ല് കൊണ്ടു പണിത മനോഹരമായൊരു വീട്. പെരിയ ഇരട്ടക്കൊലക്കേസിലെ ഇര ശരത് ലാലിന്റെ വീടാണത്. എന്നെ കാത്ത് ശരത് ലാലിന്റെ അച്ഛൻ സത്യനാരായണൻ മുറ്റത്ത് നിൽപ്പുണ്ടായിരുന്നു. വണ്ടി പാർക്ക് ചെയ്തിട്ട് ഉമ്മറത്തേക്ക് കയറി. ഒരുപാട് നേരം അദ്ദേഹത്തോട് സംസാരിച്ചു. മകനെക്കുറിച്ച് അദ്ദേഹം വല്ലാതെ വാചാലനായി. അമ്മയ്ക്ക് പനിയായത് കൊണ്ട് കിടപ്പിലാണെങ്കിലും കുറച്ചു നേരം പുറത്തേക്ക് വന്നു. അവരോട് ഒന്നും ചോദിക്കാൻ തോന്നിയില്ല. അല്ലെങ്കിൽത്തന്നെ ഒരേയൊരു മകൻ നഷ്ടപ്പെട്ട ആ അമ്മയോട് ഞാനെന്ത് ചോദിക്കാൻ? സംസാരത്തിനിടയിൽ ഞാൻ ശരത്തിന്റെ അച്ഛനോട് ചോദിച്ചു.

സ്മൃതി മണ്ഡലത്തിലെ ശിലാഫലകം

“ശരത്തിനെയും കൃപേഷിനെയും അറിയാവുന്നവരല്ലേ ഇത് ചെയ്തത്…?”
“കൊച്ചിലേ മുതലേ അവരെ അറിയാവുന്നവർ തന്നെയാണ് എല്ലാവരും. പ്രതികളിൽ ചിലർ അവന്റെ കൂട്ടുകാരായിരുന്നു. നാട്ടുകാരും അയൽക്കാരുമൊക്കെയാണ് പ്രതികൾ.”

ശരത് ലാലിന്റെ അച്ഛൻ സത്യനാരായണൻ


എനിക്കപ്പോൾ അത്ഭുതം തോന്നി. പിച്ച വച്ചു നടക്കുന്ന പ്രായം മുതൽ കാണുന്നവർക്ക് എങ്ങനെയാണ് ഒരു പത്തൊമ്പതുകാരനെയും ഇരുപത്തിനാലുകാരനെയും രാഷ്ട്രീയത്തിന്റെ പേരിൽ വെട്ടിക്കൊല്ലാൻ കഴിയുന്നത്?
“എന്തായിരുന്നു ഈ രണ്ടു പേരോടും അവർക്കുണ്ടായിരുന്ന പക?”
“നാട്ടിലെ എല്ലാ പരിപാടികളിലും അവരുണ്ടായിരുന്നു. ഉത്സവങ്ങളിലൊക്കെ സജീവമായുണ്ടാകും. ചെണ്ട കൊട്ടും. നാട്ടിലെ എല്ലാ കാര്യങ്ങൾക്കും ഓടിയെത്തും. അവരുടെ കൂട്ടത്തിലുള്ള പിള്ളേരൊക്കെ ഇവരോടൊപ്പം പോരുമെന്നുള്ള പേടി നേതാക്കൾക്കുണ്ടായിരുന്നു. അതാണ് കാരണം.”
ഇപ്പോഴെനിക്ക് കാര്യം വ്യക്തമായി.

ശരത് ലാലും കൃപേഷും വെട്ടേറ്റു വീണത് ഇവിടെയാണ്

ഒരു കുടുംബത്തിലെ മകനും മരുമകനും ഈ കേസിൽ ജയിലിലാണ് എന്നറിയുമ്പോഴാണ് കമ്മ്യൂണിസം എന്ന ഭീകരതയുടെ ഭയപ്പെടുത്തുന്ന ആഴം നമുക്ക് മനസ്സിലാകുന്നത്. വീടിന്റെ അക്കരെയുള്ള റോഡിനോട് ചേർന്നാണ് ഇവർക്ക് സ്മാരകം ഒരുക്കിയിരിക്കുന്നത്. ശരത്തിന്റെ അച്ഛനും എന്നോടൊപ്പം വന്നു. ശരത്തിനെയും കൃപേഷിനെയും വെട്ടി വീഴ്ത്തിയ സ്ഥലം കാണിച്ചു തന്നു. കൃപേഷിന്റെ അച്ഛൻ സ്ഥലത്തില്ല. അദ്ദേഹം ഇരിട്ടിയിലെ ഏതോ ആശുപത്രിയിൽ പോയിരിക്കുകയാണ്. അമ്മയ്ക്ക് സംസാരിക്കാനും വയ്യ. മകനെക്കുറിച്ച് സംസാരിക്കാൻ ഇപ്പോഴും അവർക്ക് കഴിയില്ല. അവരെക്കൂടി കേൾക്കാതെ വരാൻ മനസ്സ് അനുവദിച്ചില്ല. ഇരിട്ടിയിൽ നിന്ന് ബസിറങ്ങിയ കൃപേഷിന്റെ അച്ഛൻ കൃഷ്ണേട്ടനെ കാഞ്ഞങ്ങാട് ടൗണിൽ ചെന്ന് ഞാൻ കൂട്ടിക്കൊണ്ടു വന്നു. ശരത്തിന്റെ വീട് എത്തുന്നതിന് ഒരൽപ്പം മുമ്പ് ഇടത്തേക്ക് തിരിഞ്ഞ് ഒരു നൂറ് മീറ്റർ പോയാൽ കൃപേഷിന്റെ വീടായി. രണ്ടു പെണ്മക്കൾക്കിടയിലെ ഏക ആൺതരിയായിരുന്നു അവൻ. ഒരു മകൾ വിവാഹം കഴിഞ്ഞ് ഭർത്താവിന്റെ വീട്ടിലാണ്. ഇളയവൾ ഇപ്പോൾ വിദേശത്ത്. ആ കൊച്ചു വീടിന്റെ ഭിത്തികളിൽ മുഴുവൻ കൃപേഷിന് കിട്ടിയ സമ്മാനങ്ങളാണ്. പിന്നെ അവന്റെ ചിത്രങ്ങളും.

ശരത് ലൽ – കൃപേഷ് സ്മൃതി മണ്ഡപം


“ഞാൻ ഇന്നലെയും ഉറങ്ങിയില്ല. അവൻ അടുത്തു വന്നു നിൽക്കുന്നതായിട്ട് എനിക്ക് തോന്നി…”
കൃപേഷിന്റെ അമ്മയുടെ വാക്കുകൾ. എന്തു പറയണം എന്നെനിക്ക് അറിയില്ലായിരുന്നു. മകൻ ഇനിയൊരിക്കലും തിരിച്ചു വരില്ലെന്നുള്ള യാഥാർഥ്യം ഉൾക്കൊള്ളാൻ ഇപ്പോഴും ആ അമ്മയ്ക്ക് കഴിഞ്ഞിട്ടില്ലെന്ന് എനിക്ക് മനസ്സിലായി. അവിടെ നിന്ന് യാത്ര പറഞ്ഞ് ഇറങ്ങി നടക്കുമ്പോൾ മനസ്സിൽ ചിന്തിച്ചത് ഇങ്ങനെയാണ്.

സ്മൃതി മണ്ഡപത്തിലെ ചെണ്ട


‘പിച്ച വച്ചു നടക്കുന്ന കാലം തൊട്ട് കാണുന്ന ആ കുട്ടികളുടെ പ്രാണനെടുക്കാൻ പദ്ധതിയിടുമ്പോൾ ഒരിക്കൽപ്പോലും അവരുടെ മനസ്സ് പതറിയിട്ടുണ്ടാവില്ലേ…?’ ഉത്തരവും ഞാൻ തന്നെ കണ്ടെത്തി.
‘ഒരിക്കലും പതറിയിട്ടുണ്ടാകില്ല. അങ്ങനെ പതറാത്ത മനസ്സുള്ളവരായത് കൊണ്ടാണല്ലോ അവർ കമ്മ്യൂണിസ്റ്റുകാരായത്…’

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles