ന്യൂഡൽഹി : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മാതാവ് സാവിത്രി ദേവി അന്തരിച്ചു. 91 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്ന അവർ, ഉത്തരാഖണ്ഡിലെ പൗരി ഗർവാൾ ജില്ലയിലുള്ള പഞ്ചൂർ ഗ്രാമത്തിലെ കുടുംബവീട്ടിൽ വെച്ചാണ് അന്ത്യശ്വാസം വലിച്ചത്. സംസ്കാര ചടങ്ങുകൾ ശനിയാഴ്ച ഹരിദ്വാറിൽ നടക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഏറെ നാളായി ആരോഗ്യപ്രശ്നങ്ങൾ നേരിട്ടിരുന്ന സാവിത്രി ദേവിയെ ഋഷികേശിലെ എയിംസിൽ പ്രവേശിപ്പിച്ചപ്പോൾ യോഗി ആദിത്യനാഥ് ആശുപത്രിയിലെത്തി സന്ദർശിച്ചിരുന്നു. 2020 ഏപ്രിലിൽ പിതാവ് ആനന്ദ് സിംഗ് ബിഷ്ട് അന്തരിച്ചപ്പോൾ കോവിഡ് നിയന്ത്രണങ്ങളും ഔദ്യോഗിക തിരക്കുകളും കാരണം യോഗി ആദിത്യനാഥിന് സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല.
സാവിത്രി ദേവിയുടെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി തുടങ്ങി നിരവധി പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. പ്രധാനമന്ത്രി യോഗി ആദിത്യനാഥിനെ നേരിട്ട് വിളിച്ച് ദുഃഖം പങ്കുവെച്ചു. അമ്മയുടെ വിയോഗം കുടുംബത്തിന് നികത്താനാവാത്ത നഷ്ടമാണെന്നും ആത്മാവിന് നിത്യശാന്തി ലഭിക്കാൻ പ്രാർത്ഥിക്കുന്നുവെന്നും പുഷ്കർ സിംഗ് ധാമി എക്സിലൂടെ കുറിച്ചു. കേന്ദ്ര സഹമന്ത്രിയും ഉത്തർപ്രദേശ് ബിജെപി അധ്യക്ഷനുമായ പങ്കജ് ചൗധരിയും അനുശോചനം അറിയിക്കുകയും, നിശ്ചയിച്ചിരുന്ന സ്വീകരണ പരിപാടികൾ ഒഴിവാക്കി അനുശോചന യോഗം ചേർന്നതായും വ്യക്തമാക്കി.



