ദീപാവലി ആഘോഷം മധുരമുള്ളതാക്കാൻ വീട്ടിൽ തന്നെ രുചികരമായ മൈസൂർപാക്ക് തയ്യാറാക്കിയാലോ? ബേക്കറിയിൽ നിന്ന് മധുരപലഹാരങ്ങൾ വാങ്ങുന്നതിന് പകരം കുറഞ്ഞ ചേരുവകൾ ഉപയോഗിച്ച് നല്ല നെയ്മണമുള്ള സോഫ്റ്റ് മൈസൂർപാക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം. ഒരു കപ്പ് കടലമാവ് മാത്രം മതി എന്നതാണ് ഈ റെസിപ്പിയുടെ പ്രത്യേകത.
മൈസൂർപാക്ക് തയ്യാറാക്കാൻ പ്രധാനമായും വേണ്ടത് ഒരു കപ്പ് കടലമാവ്, ഒന്നര കപ്പ് നെയ്യ്, രണ്ട് കപ്പ് പഞ്ചസാര, ഒരു കപ്പ് വെള്ളം എന്നിവയാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ മധുരപലഹാരം ദീപാവലി ആഘോഷത്തിന് മികച്ചൊരു വിഭവമായിരിക്കും.
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാനിൽ കടലമാവ് ചേർത്ത് മീഡിയം തീയിൽ ചെറുതായി നിറം മാറുന്നതുവരെ വറുത്തെടുക്കണം. ശേഷം ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റി ഒരു കപ്പ് നെയ്യ് ചേർത്ത് കട്ടകളില്ലാതെ നന്നായി യോജിപ്പിച്ചെടുക്കുക. തയ്യാറാക്കുന്ന മൈസൂർപാക്ക് മാറ്റിവയ്ക്കാനുള്ള ട്രേയിലോ പ്ലേറ്റിലോ അല്പം നെയ്യ് പുരട്ടി മാറ്റിവയ്ക്കുകയും വേണം.
അടുത്തതായി മറ്റൊരു പാനിൽ രണ്ട് കപ്പ് പഞ്ചസാരയും ഒരു കപ്പ് വെള്ളവും ചേർത്ത് തിളപ്പിച്ച് പഞ്ചസാരപ്പാനി തയ്യാറാക്കാം. പഞ്ചസാര ഒരു നൂൽപ്പരുവത്തിലെത്തുമ്പോൾ നേരത്തെ നെയ്യിൽ കലക്കിവെച്ച കടലമാവ് ഇതിലേക്ക് ചേർക്കണം. കട്ടപിടിക്കാതിരിക്കാൻ തുടർച്ചയായി ഇളക്കിക്കൊണ്ടിരിക്കണം.
ഇതിനിടെ ബാക്കിയുള്ള അരക്കപ്പ് നെയ്യും അല്പാല്പമായി ചേർത്തുകൊടുക്കാം. തീ ഇടയ്ക്കിടെ ക്രമീകരിച്ച് മിശ്രിതം നന്നായി ഇളക്കണം. പാത്രത്തിന്റെ വശങ്ങളിൽ നിന്ന് മിശ്രിതം വിട്ടുവരുന്ന പരുവത്തിലെത്തുമ്പോൾ നേരത്തെ നെയ്യ് പുരട്ടിവെച്ച ട്രേയിലേക്ക് മാറ്റാം.
ശേഷം മൂന്ന് മുതൽ നാല് മണിക്കൂർ വരെ തണുക്കാൻ അനുവദിക്കണം. മിശ്രിതം നന്നായി തണുത്തുകഴിഞ്ഞാൽ ഇഷ്ടമുള്ള വലുപ്പത്തിൽ കഷണങ്ങളാക്കി മുറിച്ചെടുക്കാം. അങ്ങനെ വീട്ടിൽ തന്നെ തയ്യാറാക്കിയ രുചികരമായ നെയ്മണമുള്ള മൈസൂർപാക്ക് റെഡി.
ഈ ദീപാവലിക്ക് കുടുംബാംഗങ്ങൾക്കും അതിഥികൾക്കും വിളമ്പാൻ വീട്ടിലുണ്ടാക്കുന്ന ഈ മധുരപലഹാരം മികച്ചൊരു തിരഞ്ഞെടുപ്പായിരിക്കും.



