ഭക്ഷണശേഷം അൽപ്പം മധുരം കഴിക്കാൻ ഇഷ്ടമില്ലാത്തവർ കുറവായിരിക്കും. പതിവ് മധുരപലഹാരങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഏത്തപ്പഴത്തിന്റെയും തേങ്ങയുടെയും രുചി ഒന്നിക്കുന്ന ഒരു കിടിലൻ ഡെസേർട്ട് പരീക്ഷിച്ചാലോ? അധികം ബുദ്ധിമുട്ടില്ലാതെ വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ബനാന കോക്കനട്ട് മൂസാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
നന്നായി പഴുത്ത ഏത്തപ്പഴം, തേങ്ങ, കശുവണ്ടിപ്പരിപ്പ്, വിപ്പിങ് ക്രീം എന്നിവയാണ് ഈ വിഭവത്തിലെ പ്രധാന ചേരുവകൾ. മധുരവും ക്രീമിന്റെ മൃദുത്വവും തേങ്ങയുടെയും കശുവണ്ടിയുടെയും ക്രഞ്ചിയും ചേരുമ്പോൾ രുചികരമായൊരു ഡെസേർട്ട് ലഭിക്കും.
തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ
നന്നായി പഴുത്ത ഏത്തപ്പഴം മൂന്നെണ്ണം, കശുവണ്ടിപ്പരിപ്പ് നാല് വലിയ സ്പൂൺ, ചിരകിയ തേങ്ങ കാൽ കപ്പ്, പഞ്ചസാര രണ്ട് വലിയ സ്പൂൺ, വിപ്പിങ് ക്രീം ഒരു കപ്പ്, കണ്ടൻസ്ഡ് മിൽക്ക് മൂന്ന് വലിയ സ്പൂൺ, വാനില എസ്സൻസ് ഒരു ചെറിയ സ്പൂൺ, തേങ്ങാപ്പാൽ മൂന്ന് വലിയ സ്പൂൺ എന്നിവയാണ് പ്രധാന ചേരുവകൾ.
അലങ്കരിക്കാൻ ചിരകിയ തേങ്ങ മൂന്ന് വലിയ സ്പൂൺ, നുറുക്കിയ കശുവണ്ടിപ്പരിപ്പ് മൂന്ന് വലിയ സ്പൂൺ, പഞ്ചസാര ഒരു വലിയ സ്പൂൺ എന്നിവയും ആവശ്യമാണ്.
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാനിൽ രണ്ട് വലിയ സ്പൂൺ എണ്ണ ചൂടാക്കുക. ഇതിലേക്ക് കഷ്ണങ്ങളാക്കിയ ഏത്തപ്പഴം ചേർത്ത് നന്നായി വഴറ്റണം. ശേഷം കശുവണ്ടിപ്പരിപ്പും ചിരകിയ തേങ്ങയും ചേർത്ത് ചെറിയ തീയിൽ വഴറ്റുക. ഇതിലേക്ക് പഞ്ചസാര കൂടി ചേർത്ത് മിശ്രിതം കുറുകി വരുന്ന പാകത്തിൽ വാങ്ങി തണുക്കാൻ വയ്ക്കാം.
തണുത്തുകഴിഞ്ഞാൽ വിളമ്പാനുള്ള ഗ്ലാസ് ബൗളിലോ ഡെസേർട്ട് കപ്പിലോ ഈ മിശ്രിതം ആദ്യത്തെ ലെയറായി നിരത്തുക.
അടുത്തതായി വിപ്പിങ് ക്രീം, കണ്ടൻസ്ഡ് മിൽക്ക്, വാനില എസ്സൻസ്, തേങ്ങാപ്പാൽ എന്നിവ ഒരുമിച്ച് യോജിപ്പിച്ച് മൂസിന്റെ മിശ്രിതം തയ്യാറാക്കണം. ഇത് നേരത്തെ തയ്യാറാക്കിയ ഏത്തപ്പഴത്തിന്റെ ലെയറിന് മുകളിൽ ഒഴിച്ച് നിരത്തുക.
അവസാനമായി അലങ്കാരത്തിനായി അര ടേബിൾ സ്പൂൺ എണ്ണ ചൂടാക്കി ചിരകിയ തേങ്ങയും നുറുക്കിയ കശുവണ്ടിപ്പരിപ്പും പഞ്ചസാരയും ചേർത്ത് ഗോൾഡൻ നിറമാകുന്നതുവരെ വറുക്കുക. ഈ മിശ്രിതം മൂസിന്റെ മുകളിൽ വിതറാം.
തയ്യാറാക്കിയ ബനാന കോക്കനട്ട് മൂസ് ഫ്രിഡ്ജിൽ വച്ച് നന്നായി തണുപ്പിച്ചശേഷം വിളമ്പാം. കുടുംബാംഗങ്ങൾക്കും അതിഥികൾക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ ഡെസേർട്ട് പ്രത്യേക അവസരങ്ങളിലും ഭക്ഷണശേഷമുള്ള മധുരമായും പരീക്ഷിക്കാവുന്നതാണ്.



