ന്യൂഡൽഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ ഹർജിയിൽ മറുപടി നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി 10 ദിവസം കൂടി അനുവദിച്ചു. ദീപാവലി അവധിക്കുശേഷമായിരിക്കും കേസ് വീണ്ടും പരിഗണിക്കുക. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതിനകം സമർപ്പിച്ച സത്യവാങ്മൂലത്തിന് മറുപടി നൽകാൻ ഹർജിക്കാർക്കും കോടതി നിർദേശം നൽകി. അധിക സത്യവാങ്മൂലം സമർപ്പിക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാഴ്ചത്തെ സമയവും അനുവദിച്ചിട്ടുണ്ട്.
വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദമായ സത്യവാങ്മൂലം പരിശോധിച്ച ശേഷം മറുപടി നൽകാനാണ് ഹർജിക്കാർക്ക് കോടതി സാവകാശം നൽകിയത്. കേസിൽ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി ഔദ്യോഗികമായി നോട്ടീസ് അയക്കുകയും ചെയ്തു.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഇൻഡി മുന്നണിയിലെ മറ്റ് പ്രമുഖ നേതാക്കളും നൽകിയ ഹർജികളടക്കം ഉൾപ്പെടുന്ന കേസിന്റെ തുടർന്നുള്ള വാദം കേൾക്കൽ നവംബർ 17-ലേക്ക് കോടതി മാറ്റിയിട്ടുണ്ട്.
ദേശീയതലത്തിൽ നടപ്പിലാക്കിയ വോട്ടർപട്ടിക പുതുക്കൽ നടപടികൾ പൂർണ്ണമായും ഭരണഘടനാ പരമാണെന്നും കമ്മീഷനിലെ മൂന്ന് അംഗങ്ങളും ഏകകണ്ഠമായാണ് എല്ലാ തീരുമാനങ്ങളും കൈക്കൊണ്ടതെന്നും ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ 248 പേജുള്ള സത്യവാങ്മൂലം നേരത്തെ കോടതിയിൽ സമർപ്പിച്ചിരുന്നു. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഹർജികൾ തള്ളിക്കളയണമെന്നുമാണ് കമ്മീഷൻ ആവശ്യപ്പെട്ടത്. ഫോം 6 അപേക്ഷകളിൽ മാറ്റം വരുത്തിയെന്ന പ്രതിപക്ഷത്തിന്റെ ആരോപണം കമ്മീഷൻ പൂർണ്ണമായും തള്ളി.
കമ്മീഷനുള്ളിൽ ഫയലുകൾ നീങ്ങുമ്പോൾ ഏതെങ്കിലും ഒരു കമ്മീഷണർ ഉന്നയിക്കുന്ന സംശയങ്ങളോ അഭിപ്രായങ്ങളോ കമ്മീഷന്റെ അന്തിമ തീരുമാനമല്ലെന്നും മൂന്ന് അംഗങ്ങളും ഒപ്പുവെക്കുന്നതോടെയാണ് തീരുമാനം ഔദ്യോഗികമാകുന്നതെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷണർമാർ തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടെന്ന മാധ്യമ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷം സുപ്രീം കോടതിയെ സമീപിച്ചത്. കമ്മീഷൻ നൽകിയ വിശദീകരണത്തിന്മേൽ ഹർജിക്കാർ നൽകുന്ന പ്രതികരണം വരും ദിവസങ്ങളിൽ കേസിൽ നിർണ്ണായകമാകും.
.



