തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ നടൻ ശ്രീജിത്ത് രവി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ തൃശൂർ അതിവേഗ പ്രത്യേക കോടതി ഒരു വർഷത്തെ തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പ്രത്യേക കോടതി ജഡ്ജി രമ്യ മേനോനാണ് നിർണ്ണായക വിധി പുറപ്പെടുവിച്ചത്. ഈടാക്കുന്ന പിഴത്തുക കേസിലെ രണ്ട് അതിജീവിതകൾക്കും നൽകണമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.
2022 ജൂലൈ നാലിന് തൃശൂർ അയ്യന്തോളിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയെന്ന പരാതിയെത്തുടർന്ന് പോക്സോ നിയമപ്രകാരം ശ്രീജിത്ത് രവിക്കെതിരെ കേസെടുക്കുകയായിരുന്നു.
ദീർഘനാളായി നടന്ന വിചാരണയ്ക്കിടെ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 21 സാക്ഷികളെയാണ് കോടതിയിൽ വിസ്തരിച്ചത്. തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.
അതേസമയം, വിധിക്കെതിരെ മേൽക്കോടതിയിൽ അപ്പീൽ നൽകുന്നതിനായി ശ്രീജിത്ത് രവിക്ക് ഒരു മാസത്തെ സമയം അനുവദിച്ച കോടതി, നിലവിൽ അദ്ദേഹത്തിന് ജാമ്യവും അനുവദിച്ചു.



