ഇന്ത്യ-നേപ്പാൾ ബന്ധത്തിൽ പുതിയ ചരിത്രം!! 15,000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ച് നരേന്ദ്രമോദി , അയോധ്യ-ജനക്പൂർ ട്രെയിൻ, എട്ട് ധാരണാപത്രങ്ങളിൽ ഒപ്പിട്ടു

ന്യൂഡൽഹി: ഇന്ത്യയും നേപ്പാളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തമാക്കിക്കൊണ്ട് എട്ട് സുപ്രധാന ധാരണാപത്രങ്ങളിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷായുടെ രണ്ട് ദിവസത്തെ ഡൽഹി സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഹൈദരാബാദ് ഹൗസിൽ നടത്തിയ ഉഭയകക്ഷി ചർച്ചകൾക്ക് ശേഷമാണ് കരാറുകൾ കൈമാറിയത്. നേപ്പാളിന്റെ വികസനത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനുമായി 15,000 കോടി ഇന്ത്യൻ രൂപയുടെ വികസന സഹകരണ പാക്കേജും ഉത്തർപ്രദേശിലെ അയോധ്യയെയും നേപ്പാളിലെ ജനക്പൂരിനെയും ബന്ധിപ്പിക്കുന്ന പുതിയ ട്രെയിൻ സർവീസും ചർച്ചകളിൽ പ്രഖ്യാപിച്ചു. 2026 മാർച്ചിൽ അധികാരമേറ്റ ശേഷം ബാലേന്ദ്ര ഷാ നടത്തുന്ന ആദ്യ ഔദ്യോഗിക ഇന്ത്യാ സന്ദർശനമാണിത്.

ബഹിരാകാശ സാങ്കേതികവിദ്യ, സുരക്ഷ, പൊതുഭരണം, ആരോഗ്യം, നഗരവികസനം, കാർഷിക മേഖല എന്നിവയെ ഉൾപ്പെടുത്തിയാണ് എട്ട് ധാരണാപത്രങ്ങൾ ഒപ്പുവെച്ചത്. ദക്ഷിണേഷ്യൻ ഉപഗ്രഹം പ്രയോജനപ്പെടുത്തി സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ ശൃംഖല സ്ഥാപിക്കുന്നതിനായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആർഒയും നേപ്പാൾ വിവരസാങ്കേതിക മന്ത്രാലയവും തമ്മിൽ കരാറിലേർപ്പെട്ടു. കുറ്റാന്വേഷണവും ഫോറൻസിക് ശാസ്ത്രവും ശക്തിപ്പെടുത്തുന്നതിനായി ഗാന്ധിനഗറിലെ നാഷണൽ ഫോറൻസിക് സയൻസസ് യൂണിവേഴ്സിറ്റിയും നേപ്പാൾ പോലീസിന്റെ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. പോലീസ് പരിശീലന രംഗത്ത് സഹകരിക്കുന്നതിനായി രാഷ്ട്രീയ രക്ഷാ യൂണിവേഴ്സിറ്റിയും നേപ്പാൾ നാഷണൽ പോലീസ് അക്കാദമിയും തമ്മിലും കരാർ ഒപ്പിട്ടു. സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ ശേഷി വർദ്ധിപ്പിക്കുന്നതിനായി നാഷണൽ സെന്റർ ഫോർ ഗുഡ് ഗവേണൻസും നേപ്പാൾ അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ് കോളേജും കൈകോർക്കും. ആരോഗ്യ-ചികിത്സാ രംഗത്തും ആയുർവേദം ഉൾപ്പെടെയുള്ള പരമ്പരാഗത ചികിത്സാ മേഖലയിലും സഹകരിക്കുന്നതിനുള്ള രണ്ട് കരാറുകളും, സുസ്ഥിര നഗരവികസനം, കന്നുകാലി-മത്സ്യബന്ധന വികസനം എന്നിവ ലക്ഷ്യമിട്ടുള്ള ധാരണാപത്രങ്ങളും ഇതിൽ ഉൾപ്പെടുന്നു.

നേപ്പാളിന്റെ വികസന ആവശ്യങ്ങൾക്കും ദുരന്തപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനുമായി 24,000 കോടി നേപ്പാളി രൂപയ്ക്ക് തുല്യമായ 15,000 കോടി ഇന്ത്യൻ രൂപയുടെ പാക്കേജാണ് ഇന്ത്യ പ്രഖ്യാപിച്ചത്. നേപ്പാളിൽ അടുത്തിടെയുണ്ടായ മിന്നൽ പ്രളയത്തിൽ ജീവഹാനിയും നാശനഷ്ടങ്ങളും സംഭവിച്ചതിൽ പ്രധാനമന്ത്രി മോദി അനുശോചനം രേഖപ്പെടുത്തുകയും, പുനരധിവാസ പ്രവർത്തനങ്ങൾക്ക് ഈ സഹായം കരുത്തേകുമെന്ന് വ്യക്തമാക്കുകയും ചെയ്തു. അതിർത്തി കടന്നുള്ള ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി അയോധ്യ കന്റോൺമെന്റിനെയും നേപ്പാളിലെ ജനക്പൂർ ധാമിനെയും ബന്ധിപ്പിക്കുന്ന ‘സരയൂ-കമല എക്സ്പ്രസ്’ ട്രെയിൻ സർവീസ് ഇരുനേതാക്കളും സംയുക്തമായി ഉദ്ഘാടനം ചെയ്തു. ഏകദേശം 604 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്ന ഈ പ്രതിവാര ട്രെയിൻ നവംബർ 28 മുതൽ സാധാരണ യാത്രാ സർവീസ് ആരംഭിക്കും.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles