ന്യൂഡൽഹി : ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയിൽ മാറ്റങ്ങൾ ആവശ്യപ്പെട്ട് ഇന്ത്യ. രക്ഷാസമിതിയിലെ സ്ഥിരം അംഗങ്ങൾക്ക് നൽകിയിട്ടുള്ള വീറ്റോ അധികാരം രാഷ്ട്രീയ താല്പര്യങ്ങൾ സംരക്ഷിക്കാനുള്ള ആയുധമായി മാറ്റരുതെന്നും അന്താരാഷ്ട്ര സമാധാനവും സുരക്ഷയും മുൻനിർത്തി അത് ഉത്തരവാദിത്തത്തോടെ ഉപയോഗിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ന്യൂയോർക്കിൽ നടന്ന യു.എൻ സമ്മേളനത്തിൽ സംസാരിക്കവേ യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി അംബാസഡർ പാർവ്വതനേനി ഹരീഷാണ് രാജ്യത്തിന്റെ ശക്തമായ നിലപാട് വ്യക്തമാക്കിയത്.
രക്ഷാസമിതിയുടെ ഘടന, പ്രാദേശിക പ്രാതിനിധ്യം, സമിതിയുടെ വലിപ്പം, പ്രവർത്തനരീതികൾ, വീറ്റോ അധികാരം എന്നിങ്ങനെ അഞ്ച് പ്രധാന മേഖലകളിലും ഒരേസമയം പരിഷ്കാരങ്ങൾ കൊണ്ടുവരണമെന്നാണ് ഇന്ത്യയുടെ പ്രധാന ആവശ്യം. വീറ്റോ അധികാരത്തിൽ മാത്രം മാറ്റം വരുത്തുന്നത് രക്ഷാസമിതിയിലെ നിലവിലെ തീരുമാനങ്ങളെയോ അധികാര സന്തുലനത്തെയോ ബാധിക്കില്ല. അതിനാൽ വ്യക്തമായ സമയപരിധിയും കൃത്യമായ ഘട്ടങ്ങളും നിശ്ചയിച്ച് രേഖാമൂലമുള്ള ചർച്ചകൾക്ക് എത്രയും വേഗം തുടക്കം കുറിക്കണമെന്ന് ഹരീഷ് ആവശ്യപ്പെട്ടു.
യു.എൻ നിലവിൽ വന്നതിനു ശേഷം ഇതുവരെ 200 പ്രമേയങ്ങളിലായി 331 തവണ വീറ്റോ അധികാരം പ്രയോഗിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ കഴിഞ്ഞ മൂന്നര പതിറ്റാണ്ടിലേറെയായി അഞ്ച് സ്ഥിരം അംഗങ്ങളിൽ രണ്ടുപേർ ഈ അധികാരം ഉപയോഗിച്ചിട്ടില്ലെന്നും, ഭൂരിഭാഗം വീറ്റോകളും കേവലം മൂന്ന് സ്ഥിരം അംഗങ്ങളിൽ നിന്നാണ് ഉണ്ടായതെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. ഇതിനുപുറമേ, ഉപരോധ സമിതികളിലും പത്രക്കുറിപ്പുകളിലും ഒരു കാരണവും വ്യക്തമാക്കാതെ ഒറ്റ അംഗത്തിന് നിർദ്ദേശങ്ങൾ തടഞ്ഞുവെക്കാൻ സാധിക്കുന്ന ‘പ്രത്യക്ഷമല്ലാത്ത വീറ്റോ’ സമ്പ്രദായവും രക്ഷാസമിതിയുടെ തീരുമാനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
പരിഷ്കരിച്ച യു.എൻ രക്ഷാസമിതിയിൽ പുതിയതായി വരുന്ന എല്ലാ സ്ഥിരം അംഗങ്ങൾക്കും നിലവിലുള്ള അംഗങ്ങൾക്ക് തുല്യമായ അവകാശങ്ങളും വീറ്റോ അധികാരവും ഉണ്ടായിരിക്കണമെന്നാണ് ഇന്ത്യയുടെ നിലപാട്. തുല്യതയും നീതിയും ഉറപ്പാക്കാൻ എല്ലാ സ്ഥിരം അംഗങ്ങൾക്കും ഒരുപോലെയുള്ള ഉത്തരവാദിത്തങ്ങൾ നൽകേണ്ടതുണ്ടെന്നും, ചിലർക്ക് മാത്രം പ്രത്യേക പരിഗണന നൽകുന്നത് വിവേചനം തുടരാൻ മാത്രമേ വഴിവെക്കൂ എന്നും അംബാസഡർ വ്യക്തമാക്കി. ആഫ്രിക്കൻ രാജ്യങ്ങളുടെ കൂട്ടായ്മ മുന്നോട്ടുവെക്കുന്ന യു.എൻ പരിഷ്കരണ നിലപാടിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചാണ് ഇന്ത്യ തങ്ങളുടെ നിലപാടുകൾ സഭയിൽ വിശദീകരിച്ചത്.



