അതീവ ജാഗ്രതയിൽ ആന്ധ്രയും തമിഴ്‌നാടും! ‘മുറസു’ തീവ്ര ചുഴലിക്കാറ്റായി മാറിയതായി മുന്നറിയിപ്പ്, രാത്രിയോടെ കരതൊടും

ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ‘മുറസു’ ചുഴലിക്കാറ്റ് കൂടുതൽ ശക്തിപ്രാപിച്ച് തീവ്ര ചുഴലിക്കാറ്റായി മാറിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നിലവിൽ ചെന്നൈയിൽ നിന്ന് 260 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന മുറസു, രാത്രി 11:30നും പുലർച്ചെ നാലിനും ഇടയിലുള്ള സമയത്ത് ആന്ധ്രപ്രദേശ് തീരത്ത് കരതൊടുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിനെത്തുടർന്ന് നെല്ലൂരിനും നരസാപുരത്തിനും ഇടയിലുള്ള തീരദേശ മേഖലകളിൽ അതീവ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഏതൊരു അടിയന്തര സാഹചര്യവും നേരിടുന്നതിനായി എൻ.ഡി.ആർ.എഫ് സംഘങ്ങൾ പ്രദേശത്ത് ക്യാമ്പ് ചെയ്ത് വരികയാണ്.

ചുഴലിക്കാറ്റ് സൃഷ്ടിച്ചേക്കാവുന്ന നാശനഷ്ടങ്ങളും അടിയന്തര സാഹചര്യങ്ങളും നേരിടാൻ തമിഴ്‌നാടും ആന്ധ്രപ്രദേശും തമ്മിൽ സംയുക്ത നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. ദുരന്തനിവാരണ സഹായത്തിന്റെ ഭാഗമായി തമിഴ്‌നാട്ടിലെ വൈദ്യുതി വകുപ്പ് ജീവനക്കാരെ ആന്ധ്രയിലേക്ക് അയക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിൽ തീരുമാനമായി. കരതൊടുന്ന സമയത്ത് മണിക്കൂറിൽ 100 മുതൽ 110 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശിയടിക്കാൻ സാധ്യതയുണ്ട്.

മുറസുവിന്റെ സ്വാധീനഫലമായി തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിലും ശക്തമായ മഴ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ചെന്നൈ, തിരുവള്ളൂർ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. കൂടാതെ കാഞ്ചീപുരം, ചെങ്കൽപേട്ട്, റാണിപ്പേട്ട്, വെല്ലൂർ, നീലഗിരി എന്നീ ജില്ലകളിലും മഴ മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്. സ്ഥിതിഗതികൾ കണക്കിലെടുത്ത് തമിഴ്‌നാട്ടിലെ ഏഴ് വടക്കൻ ജില്ലകളിലെ കളക്ടർമാർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ബുധനാഴ്ച രാവിലെ വരെ തമിഴ്‌നാട് തീരത്ത് മത്സ്യബന്ധനത്തിന് പൂർണ്ണ നിരോധനം ഏർപ്പെടുത്തിയതായി സർക്കാർ ഔദ്യോഗികമായി അറിയിച്ചു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles