മുംബൈ: ഗായിക റിമി ടോമിയുടെ വിവാഹവാർത്ത പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് മറ്റൊരു പഴയ സംഭവം. റിമിയും വരൻ ലിബിൻ മാത്യുവും തമ്മിലുള്ള പ്രണയം മാസങ്ങൾക്കുമുമ്പേ തിരിച്ചറിഞ്ഞിരുന്ന നടി ശ്വേത മേനോന്റെ ഇൻസ്റ്റഗ്രാം കമന്റാണ് ഇപ്പോൾ വൈറലാകുന്നത്.
ദീർഘനാളത്തെ പ്രണയത്തിനൊടുവിലാണ് റിമി ടോമിയും ജിം പരിശീലകനായ ലിബിൻ മാത്യുവും വിവാഹിതരാകാൻ തീരുമാനിച്ചത്. അടുത്ത സുഹൃത്തുക്കളോട് പോലും ഈ ബന്ധത്തെക്കുറിച്ച് വെളിപ്പെടുത്താതിരുന്ന സമയത്താണ് ശ്വേത മേനോൻ ഇരുവരുടെയും ബന്ധത്തെക്കുറിച്ച് സൂചന നൽകിയതെന്നാണ് ഇപ്പോൾ ആരാധകർ ചൂണ്ടിക്കാട്ടുന്നത്.
കഴിഞ്ഞ സെപ്റ്റംബറിലാണ് റിമിയും ലിബിനും ഒരുമിച്ചുള്ള ഒരു ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. അന്ന് സോഷ്യൽ മീഡിയയിൽ തരംഗമായിരുന്ന 80-സ് ട്രെൻഡ് വിന്റേജ് സ്റ്റൈലിലുള്ള ചിത്രമായിരുന്നു ഇത്. ചിത്രത്തിന് റിമി നൽകിയ അടിക്കുറിപ്പായിരുന്നു ശ്രദ്ധേയം. ‘എന്റെ ബെസ്റ്റ് ട്രെയിനിങ് പാർട്ണർ’ എന്ന കുറിപ്പിനൊപ്പം ഒരു ലവ് ഇമോജിയും റിമി ചേർത്തിരുന്നു.
എന്നാൽ ഈ ചിത്രവും അടിക്കുറിപ്പും കണ്ടപ്പോൾ ശ്വേത മേനോന് ചെറിയൊരു സംശയം തോന്നി. ‘ഞാൻ ഇതിൽ കൂടുതൽ എന്തെങ്കിലും അർഥം കാണുന്നുണ്ടോ?’ എന്നായിരുന്നു ശ്വേതയുടെ കമന്റ്. അന്ന് റിമി മറുപടിയായി നൽകിയത് ഒരു പുഞ്ചിരിയും ലവ് ഇമോജിയും മാത്രമായിരുന്നു.
ഇപ്പോൾ റിമി തന്റെ പ്രണയവും വിവാഹവാർത്തയും പരസ്യമായി പങ്കുവച്ചതോടെയാണ് ശ്വേതയുടെ ആ പഴയ കമന്റ് വീണ്ടും ചർച്ചയായത്. റിമിയുടെ പ്രണയം ആദ്യമേ തിരിച്ചറിഞ്ഞത് ശ്വേതയാണെന്നും താരത്തിന്റെ നിരീക്ഷണം കൃത്യമായിരുന്നുവെന്നുമാണ് ആരാധകരുടെ പ്രതികരണങ്ങൾ.
അതേസമയം, തന്റെ ജീവിതപങ്കാളിയെക്കുറിച്ചും പ്രണയത്തെക്കുറിച്ചും റിമി നേരത്തെ മനസ്സുതുറന്നിരുന്നു. കൂടെയുണ്ടാകുമ്പോൾ ധൈര്യവും സമാധാനവും പോസിറ്റിവിറ്റിയും നൽകുന്ന, തന്റെ എല്ലാ സ്വഭാവങ്ങളും മനസ്സിലാക്കുന്ന ഏറ്റവും അടുത്ത സുഹൃത്തിനെയാണ് ജീവിതപങ്കാളിയായി തിരഞ്ഞെടുത്തതെന്നാണ് റിമി പറഞ്ഞത്.
മാർച്ചിലാണ് ലിബിനെ ആദ്യമായി കണ്ടതെന്നും ദൈവത്തോട് ഏറെ ആഗ്രഹിച്ച് പ്രാർഥിച്ചിരുന്ന സമയത്താണ് ഇരുവരും ഒന്നിച്ചതെന്നും റിമി വെളിപ്പെടുത്തിയിരുന്നു.
നവംബർ 14-ന് മുംബൈയിലാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങായിരിക്കും വിവാഹം. വിവാഹശേഷം മുംബൈയിലേക്ക് താമസം മാറാനും റിമി പദ്ധതിയിടുന്നുണ്ട്.
അങ്ങനെ റിമിയുടെ പ്രണയവാർത്തയ്ക്കൊപ്പം ഇപ്പോൾ ശ്രദ്ധ നേടുന്നത് മാസങ്ങൾക്കുമുമ്പേ ആ പ്രണയത്തിന്റെ സൂചന കണ്ടെത്തിയ ശ്വേത മേനോന്റെ ആ കൊച്ചുകമന്റാണ്.



