ബെംഗളൂരു : ബെംഗളൂരു യെലഹങ്കയിൽ മലയാളി യുവാവിനെ പെൺസുഹൃത്തിന്റെ പിതാവ് അടിച്ചുകൊന്നു. പാലക്കാട് പട്ടാമ്പി തിരുവേഗപ്പുറം സ്വദേശി കിരൺ (22) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കിരണിന്റെ തൊഴിലുടമ കൂടിയായ ആനന്ദിനെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ രണ്ടു വർഷമായി ആനന്ദിന്റെ കമ്പനിയിലാണ് കിരൺ ജോലി ചെയ്തുവന്നിരുന്നത്. ഇതിനിടയിൽ ആനന്ദിന്റെ മകളായ 19-കാരിയുമായി കിരൺ പ്രണയത്തിലാവുകയായിരുന്നു. അവധിയായതിനാൽ മൈസൂരിൽ പഠിക്കുന്ന പെൺകുട്ടി വീട്ടിലെത്തിയിരുന്നു. തമിഴ്‌നാട്ടിലേക്ക് പോകുകയാണെന്ന് അറിയിച്ച് ആനന്ദും ഭാര്യയും വീട്ടിൽ നിന്നിറങ്ങിയതിന് പിന്നാലെ കിരൺ പെൺകുട്ടിയുടെ വീട്ടിലെത്തി. എന്നാൽ യാത്ര പെട്ടെന്ന് റദ്ദാക്കി അപ്രതീക്ഷിതമായി തിരിച്ചെത്തിയ ആനന്ദ്, മകൾക്കൊപ്പം കിരണിനെ കണ്ടതോടെ പ്രകോപിതനാവുകയായിരുന്നു. തുടർന്ന് മകളെ അടുത്തുള്ള ബന്ധുവീട്ടിലേക്ക് മാറ്റിയ ശേഷം ക്രിക്കറ്റ് ബാറ്റ് കൊണ്ടും പൈപ്പ് കൊണ്ടും കിരണിനെ ക്രൂരമായി മർദ്ദിച്ചു. അടിവയറ്റിലടക്കം മർദ്ദനമേറ്റ കിരൺ സംഭവസ്ഥലത്തുതന്നെ കുഴഞ്ഞുവീഴുകയായിരുന്നു.
ഉടൻ തന്നെ കിരണിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്നാണ് പോലീസ് സ്ഥലത്തെത്തി ആനന്ദിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. നിലവിൽ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് പോലീസ് അറിയിച്ചു.



