തിരുവനന്തപുരം : ശ്രീകാര്യത്ത് പ്ലസ് ടു വിദ്യാർഥി അഭിരാമിന്റെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന ഗൂഢാലോചനാ വിവരങ്ങൾ പുറത്ത്. കേസിൽ മുഖ്യപ്രതിയും ഗുണ്ടയുമായ ഉമറിന്റെ കാമുകി ഐശ്വര്യയെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന്റെ പദ്ധതി തയ്യാറാക്കുന്നതിലും തെളിവുകൾ നശിപ്പിക്കുന്നതിലും ഐശ്വര്യക്ക് നേരിട്ട് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പതിനേഴുകാരനായ പ്രതിയും കാമുകി ആനന്ദയും ഉമറും നിലവിൽ റിമാൻഡിലാണ്.
മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചാൽ ഉമർ സംഭവസ്ഥലത്തുണ്ടായിരുന്നു എന്ന് പോലീസ് മനസ്സിലാക്കാതിരിക്കാൻ ഐശ്വര്യയുമായി ചേർന്ന് കൃത്യമായ പ്ലാനാണ് ഇയാൾ തയാറാക്കിയത്. ഐശ്വര്യയെ ഫോണിൽ വിളിച്ച് കോൾ കണക്റ്റ് ചെയ്ത ശേഷം ഫോൺ വീട്ടിൽ വെച്ചാണ് ഉമർ കൊലപാതകം നടത്താൻ ഇറങ്ങിത്തിരിച്ചത്. ഫോൺ ഹോൾഡിലായിരുന്ന സമയം ഉമറും പതിനേഴുകാരനും ചേർന്ന് അഭിരാമിനെ വധിക്കുകയായിരുന്നു. പിന്നീട് കൊലപാതകം നടത്തിയത് പതിനേഴുകാരൻ മാത്രമാണെന്ന് വരുത്തിത്തീർക്കാൻ ഉമറും ഐശ്വര്യയും തമ്മിൽ വ്യാജമായി ചാറ്റ് ചെയ്ത് തെളിവുകൾ ഉണ്ടാക്കുകയും ചെയ്തു.
കൃത്യത്തിനു ശേഷം പതിനേഴുകാരനോട് കുറ്റം ഏറ്റെടുക്കാൻ ആവശ്യപ്പെട്ടതും ഉമറാണ്. സിസിടിവി ക്യാമറകളിൽ പെടാതെ സഞ്ചരിച്ച പ്രതികൾ പോലീസിനെ പൂർണ്ണമായി തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിച്ചത്. കേസിൽ പ്രതികൾ ഉപയോഗിച്ച വസ്ത്രങ്ങൾ പോലീസ് കണ്ടെടുത്തുവെങ്കിലും അഭിരാമിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കാൻ ഉപയോഗിച്ച ഫോൺ ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഭവസ്ഥലത്തിന് സമീപമുള്ള തോടും കുറ്റിക്കാടുകളും കേന്ദ്രീകരിച്ച് പോലീസിന്റെ അരിച്ചുപെറുക്കിയുള്ള അന്വേഷണം തുടരുകയാണ്.



