തിരുവനന്തപുരം: എക്സൈസ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ഗുരുതരമായ അഴിമതി ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് പദവിയിൽ നിന്ന് മാറുന്നതിന് മുമ്പ് എക്സൈസ് കമ്മീഷണർ സീറാം സാംബശിവ റാവു സർക്കാരിന് റിപ്പോർട്ട് നൽകി. ജോയിന്റ് എക്സൈസ് കമ്മീഷണർ എസ്. വിനോദ്, ഡെപ്യൂട്ടി കമ്മീഷണർ അജയ് എന്നിവർക്കെതിരെ മാസപ്പടി വാങ്ങൽ, ബിനാമി ഇടപാടുകൾ, വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദനം എന്നിവ ഉൾപ്പെടെയുള്ള കണ്ടെത്തലുകളാണ് റിപ്പോർട്ടിലുള്ളത്.
കുറ്റാരോപിതരായ ഉദ്യോഗസ്ഥർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം വിജിലൻസ് അന്വേഷണം നടത്തണമെന്നും ഇവരെ അടിയന്തരമായി ഫീൽഡ് ചുമതലകളിൽ നിന്ന് നീക്കണമെന്നും ഇന്നലെ സമർപ്പിച്ച റിപ്പോർട്ടിൽ എക്സൈസ് കമ്മീഷണർ ശുപാർശ ചെയ്തു. കായംകുളത്തെ റോമാ സെന്റർ ബാറുമായി എക്സൈസ് മന്ത്രിക്ക് അടുത്ത പരിചയമുണ്ടെന്ന നിർണായക പരാമർശവും റിപ്പോർട്ടിൽ ഉൾപ്പെട്ടിട്ടുണ്ട്.
മൂവാറ്റുപുഴയിലെ ഗംഗാ ബാർ ഉടമയുമായി ബന്ധം പുലർത്തുകയും ബാർ ലൈസൻസ് സംബന്ധമായ കാര്യങ്ങൾക്ക് ഇടനിലക്കാരനായി പ്രവർത്തിക്കുകയും ചെയ്ത എസ്. വിനോദ് 50,000 രൂപ കൈപ്പറ്റിയതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കൂടാതെ ഡെപ്യൂട്ടി കമ്മീഷണർ അജയ് കായംകുളം കറ്റച്ചിറയിലെ റോമ സെന്റർ ബാറിൽ പരിശോധനയ്ക്ക് പോകുമ്പോഴെല്ലാം ഉടമയിൽ നിന്ന് സ്ഥിരമായി കൈക്കൂലി വാങ്ങാറുണ്ടെന്നും കമ്മീഷണറുടെ കണ്ടെത്തലിലുണ്ട്.



