ജയിലറയിലെ ദുരൂഹമരണം മുതൽ സെലിബ്രിറ്റി ബന്ധങ്ങൾ വരെ, എപ്‌സ്റ്റീൻ എന്ന ചുരുളഴിയാത്ത രഹസ്യം

ലോകത്തിലെ ഏറ്റവും സമ്പന്നരും ശക്തരുമായ ആളുകൾക്കൊപ്പം ഇടപഴകിയിരുന്ന ഒരു കോടീശ്വരൻ. സ്വകാര്യ ജെറ്റുകൾ, ആഡംബര ദ്വീപുകൾ, ലോകപ്രശസ്തരായ സുഹൃത്തുക്കൾ…പുറമേ നിന്നു നോക്കുമ്പോൾ അസൂയ തോന്നിപ്പിക്കുന്ന ജീവിതമായിരുന്നു അയാളുടേത്. അയാളുടെ പേരാണ്, ജെഫ്രി എപ്‌സ്റ്റീൻ. എന്നാൽ കണ്ണഞ്ചിപ്പിക്കുന്ന ആ ജീവിതത്തിനപ്പുറം ഒളിച്ചിരുന്നത്, ഞെട്ടിക്കുന്ന ലൈംഗിക കുറ്റകൃത്യങ്ങളുടെയും, മനുഷ്യക്കടത്തിന്റെയും കഥയായിരുന്നു. ആരായിരുന്നു ജെഫ്രി എപ്‌സ്റ്റീൻ? ലോകത്തെ ഞെട്ടിച്ച ആ രഹസ്യ ശൃംഖലയിൽ ആരൊക്കെയുണ്ടായിരുന്നു? ഒടുവിൽ, ജയിലിൽ വച്ചുള്ള എപ്‌സ്റ്റീന്റെ മരണം, ആത്മഹത്യയായിരുന്നോ? അതോ, ഇന്നും ഉത്തരം കിട്ടാത്ത മറ്റൊരു രഹസ്യമോ? സിനിമാക്കഥകളെ വെല്ലുന്ന ജീവിതകഥയാണ് ജെഫ്രി എപ്‌സ്റ്റീന്റെത്. അമേരിക്കയിലെ ശതകോടീശ്വരനായി വളർന്ന്, ഒടുവിൽ ലൈംഗിക കുറ്റവാളിയായി മൺമറഞ്ഞ വിവാദ വ്യവസായിയാണ് ജെഫ്രി എപ്‌സ്റ്റീൻ.

കരീബിയനിലുള്ള, ‘ലിറ്റിൽ സെന്റ് ജെയിംസ്’ എന്ന തന്റെ സ്വകാര്യ ദ്വീപിലെ എസ്റ്റേറ്റിൽ കോടീശ്വരന്മാർക്കായി വിരുന്നുകളും നിശാപാർട്ടികളും സംഘടിപ്പിച്ചിരുന്ന എപ്‌സ്റ്റീൻ, പിന്നീട് സെലിബ്രിറ്റികളുടെയും, ഉന്നത രാഷ്ട്രീയക്കാരുടെയും, ബിസിനസ്സുകാരുടെയും ലൈംഗികാവശ്യങ്ങൾക്കായി പ്രായപൂർത്തിയാകാത്ത കുട്ടികളെ കടത്തി എന്ന കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെട്ടു. 2008 -ൽ, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികത്തൊഴിലിന്‌ പ്രേരിപ്പിച്ചെന്ന്, എപ്‌സ്റ്റീൻ കുറ്റസമ്മതം നടത്തി. അറസ്റ്റിലായി വെറും 13 ദിവസങ്ങൾ കഴിഞ്ഞപ്പോൾ, അയാൾ പുറത്തിറങ്ങി. 2018 ജൂലൈ 6 -ന് പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികാവശ്യത്തിനായി കടത്തിയെന്ന കുറ്റത്തിന്, ന്യൂജേഴ്‌സി എയർപോർട്ടിൽ വച്ച് എപ്സ്റ്റീൻ വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു. തൊട്ടടുത്ത മാസം, ജയിൽ മുറിക്കുള്ളിൽ അയാൾ ജീവനൊടുക്കി. ജീവനൊടുക്കി എന്നു പറയുമ്പോഴും, അതിൽ ദുരൂഹതയുണ്ട്. അയാളുടെ മരണത്തെ സംബന്ധിച്ചുള്ള ദുരൂഹതകൾ, ഈ നിമിഷവും ബാക്കിയാണ്. US പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, പോപ്പ് ഇതിഹാസം മൈക്കൽ ജാക്സൺ, നടൻ അലക് ബാൾഡ്വിൻ, ചലച്ചിത്ര നിർമ്മാതാവ് ഹാർവി വെയ്ൻസ്റ്റെയിൻ, ആൻഡ്രു രാജകുമാരൻ, സ്റ്റീഫൻ ഹോക്കിങ്, ഇന്ത്യൻ അമേരിക്കൻ എഴുത്തുകാരൻ ദീപക് ചോപ്ര, അനിൽ അംബാനി തുടങ്ങിയവരൊക്കെ ജെഫ്രി എപ്‌സ്റ്റീന്റെ കോൺടാക്റ്റ് ലിസ്റ്റിലുണ്ടായിരുന്നവരുടെ പട്ടികയിൽപ്പെടുന്നവരാണ്.

ട്രംപിനെ ഒറ്റിയ മസ്ക്ക്…

ഡൊണാൾഡ് ട്രംപ് രണ്ടാംവട്ടം അമേരിക്കൻ പ്രസിഡന്റായപ്പോൾ കൂട്ടാളിയായി, ശതകോടീശ്വരനും, ‘സ്പേസ് എക്സ്’ ഉടമയുമായ എലോൺ മസ്‌ക്കും ഉണ്ടായിരുന്നു. എന്നാൽ ആ കൂട്ടുകെട്ട് അധികനാൾ നീണ്ടുനിന്നില്ല. അവർ തമ്മിൽ പിരിഞ്ഞു. പിണങ്ങിപ്പിരിഞ്ഞ എലോൺ മസ്ക്ക് ഉന്നയിച്ച ഒരാരോപണമാണ് എപ്‌സ്റ്റീൻ ഫയൽസിനെ വിവാദമാക്കിയത്. എപ്‌സ്റ്റീൻ നടത്തിയ ബാലപീഡനങ്ങളിൽ ട്രംപിനും പങ്കുണ്ടെന്നായിരുന്നു മസ്‌ക്കിന്റെ ആരോപണം. പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്ന കാലത്ത് എപ്‌സ്റ്റീൻ ഫയൽസ് പുറത്തു വിടുമെന്ന് പറഞ്ഞിരുന്ന ട്രംപ്, പിന്നീട് അതിൽ നിന്ന്‌ പിൻവലിഞ്ഞു.

എലോൺ മസ്ക്

അങ്ങനെ പിൻവലിഞ്ഞത്, ട്രംപ് കൂടി ഉൾപ്പെട്ടത് കൊണ്ടായിരിക്കാം എന്നുള്ള ആരോപണമുയർന്നു. എലോൺ മസ്ക്ക് പൊട്ടിച്ച ബോംബിന്റെ പ്രഹരശേഷി അത്രയ്ക്ക് വലുതായിരുന്നു. വിഷയം പ്രതിപക്ഷം ഏറ്റെടുത്തു. വലിയ സമ്മർദ്ദങ്ങൾക്കൊടുവിൽ, 2025 നവംബറിൽ, US ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്സ്, ‘എപ്‌സ്റ്റീൻ ഫയൽസ് ട്രാൻസ്പരൻസി ആക്ട്’ പാസ്സാക്കി.

ഡോണാൾഡ് ട്രംപ്

427 പേർ അനുകൂലിച്ച ഈ ബില്ലിനെ എതിർത്തത് ഒരേയൊരാൾ മാത്രമായിരുന്നു. 1993 -നും 1997 -നും ഇടയിൽ ട്രംപ്, എപ്‌സ്റ്റീന്റെ സ്വകാര്യ ജെറ്റ് വിമാനത്തിൽ തന്റെ കുടുംബാംഗങ്ങളുമൊന്നിച്ച് ഏഴോളം തവണ യാത്ര ചെയ്തിട്ടുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും, എപ്‌സ്റ്റീനുമായി ഏതെങ്കിലും തരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ട്രംപ് ഏർപ്പെട്ടിരുന്നതായി തെളിയിക്കുന്ന ഒരു തെളിവുകളും ഇല്ലെന്നുള്ളതാണ് വസ്തുത.

മാന്യരായ അച്ഛനമ്മമാരുടെ ശാന്തനായ മകൻ…

1953 ജനുവരി 20 -ന് ന്യൂയോർക്ക് സിറ്റിയിലായിരുന്നു ജെഫ്രി എപ്‌സ്റ്റീന്റെ ജനനം. ‘മാരിയസ് റോബർട്ട് ഫോർട്ടെൽനി’ എന്നൊരു വിളിപ്പേര് കൂടി അയാൾക്കുണ്ടായിരുന്നു. അയാളുടെ പിതാവായ ‘സെയ്മൂർ ജോർജ്ജ് എപ്‌സ്റ്റീൻ’ ഒരു പോളിഷ് – ജൂത വംശജനായിരുന്നു. അമ്മ ‘പോളിൻ സ്റ്റോളോഫ്സ്കി’ ലിത്വാനിയൻ – ജൂത വംശജയും. ജെഫ്രിയുടെ അമ്മ പോളിൻ, ഒരു സ്‌കൂളിലെ ആയയായിരുന്നു. അച്ഛൻ മാരിയസാകട്ടെ, ന്യൂയോർക്ക് സിറ്റി പാർക്ക്സ് ആൻഡ് റിക്രിയേഷൻ ഡിപ്പാർട്ട്മെന്റിൽ ഗ്രൗണ്ട്സ് കീപ്പറുമായിരുന്നു. ജെഫ്രിക്ക്, ‘മാർക്ക്’ എന്നൊരു സഹോദരൻ കൂടിയുണ്ടായിരുന്നു. ജെഫ്രിയുടെ അച്ഛനമ്മമാരാകട്ടെ, ആർക്കും യാതൊരു ശല്യവുമുണ്ടാക്കാതെ തങ്ങളുടെ ജോലി ചെയ്ത് സമാധാനത്തോടെ ജീവിക്കുന്നവരായിരുന്നു. വീടിനടുത്തുള്ള പ്രൈമറി സ്‌കൂളിലും, മാർക്ക് ട്വയിൻ ജൂനിയർ ഹൈസ്‌കൂളിലുമായിരുന്നു ജെഫ്രിയുടെ സ്‌കൂൾ പഠനം. സ്‌കൂൾ പഠനത്തിനിടയിലും അവൻ തന്നെക്കാൾ താഴ്ന്ന ക്‌ളാസ്സുകളിലുള്ള കുട്ടികൾക്ക് ട്യൂഷനെടുത്തിരുന്നു. ആ വകയിൽ വട്ടച്ചെലവിനുള്ള കാശ് അവൻ ഒപ്പിക്കുകയും ചെയ്തു. ഗണിതത്തിൽ അവൻ അതിസമർഥനായിരുന്നു. അധികമാരോടും സംസാരിക്കാത്ത ശാന്തനായൊരു കൗമാരക്കാരൻ. അതായിരുന്നു ജെഫ്രി എപ്‌സ്റ്റീൻ. അവന്റെ ആ സ്വഭാവം കാരണം ചിലരൊക്കെ അവനെ ‘എപ്പി’ എന്നു വിളിച്ചു. അഞ്ചു വയസ്സുള്ളപ്പോൾത്തന്നെ അവൻ നന്നായി പിയാനോ വായിക്കുമായിരുന്നു.1967 -ൽ, ‘ഇന്റെർലോചെൻ സെന്റർ ഫോർ ദി ആർട്സിൽ’ ചേർന്ന അവൻ, നാഷണൽ മ്യൂസിക് ക്യാമ്പിൽ പങ്കെടുക്കുകയും ചെയ്തു. 1969 -ൽ തന്റെ പതിനാറാം വയസ്സിൽ, ‘ലഫായേറ്റ്’ ഹൈസ്‌കൂളിൽ നിന്നു ജെഫ്രി ബിരുദം നേടി. 1971 -ൽ അവൻ ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലെ ‘കൊറന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കൽ സയൻസസിൽ’ ചേർന്നു. പക്ഷേ, ബിരുദപഠനം പൂർത്തിയാക്കാൻ അവനു കഴിഞ്ഞില്ല.1974 -ൽ തന്റെ ഇരുപത്തിയൊന്നാം വയസ്സിൽ, ജെഫ്രി, മൻഹട്ടന്റെ അപ്പർ ഈസ്റ്റ് സൈഡിലുള്ള ‘ഡാൽട്ടൻ’ സ്‌കൂളിൽ ഗണിതശാസ്ത്ര അധ്യാപകനായി ജോലിക്ക് കയറി.

ലിറ്റിൽ സെന്റ് ജെയിംസ് ഐലൻഡ്

എപ്‌സ്റ്റീൻ എങ്ങനെ എപ്‌സ്റ്റീനായി…?

ഡാൽട്ടൻ സ്കൂളിൽ ജോലിക്ക് കയറിയതായിരുന്നു അയാളുടെ ജീവിതത്തിലെ വഴിത്തിരിവ്. അവിടെ വച്ച് എപ്‌സ്റ്റീൻ താൻ പഠിപ്പിക്കുന്ന ഒരു വിദ്യാർത്ഥിയുടെ പിതാവും വ്യവസായിയുമായ ‘അലൻ സീ ഗ്രീൻബെർഗിനെ’ പരിചയപ്പെട്ടു. അതോടെ അധ്യാപനം ഉപേക്ഷിച്ച എപ്‌സ്റ്റീൻ ബാങ്കിങ് മേഖലയിലേക്ക് തിരിഞ്ഞു. 1088 -ൽ അയാൾ, ‘ജെ എപ്‌സ്റ്റീൻ ആൻഡ് കമ്പനി’ എന്നൊരു കമ്പനി സ്ഥാപിച്ചു. ഫണ്ട് മാനേജർ എന്ന നിലയിൽ പെട്ടെന്ന് തന്നെ അയാൾ പ്രശസ്തനായി. ഗണിതശാസ്ത്രാധ്യാപകനായിരുന്ന എപ്‌സ്റ്റീൻ, കോടീശ്വരന്മാരുടെ സാമ്പത്തിക ഉപദേഷ്ടാവായി മാറി. ചുരുങ്ങിയ കാലം കൊണ്ട് അയാൾ ഉന്നത രാഷ്ട്രീയബന്ധങ്ങളുള്ള ശതകോടീശ്വരനായി.

ലിറ്റിൽ സെന്റ് ജെയിംസ് ഐലൻഡിലെ കോട്ടേജ്

1998 -ൽ കരീബിയനിലെ യുണൈറ്റഡ് സ്റ്റേറ്റ്സ് വിർജിൻ ഐലന്റുകളിൽ ഒന്നായ ‘ലിറ്റിൽ ജെയിംസ് ഐലൻഡ്’ എട്ട് മില്യൺ ഡോളറിന് എപ്‌സ്റ്റീൻ വാങ്ങി. പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള ഈ സ്വകാര്യ ദ്വീപിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ എത്തിക്കുകയും, പുറംലോകമറിയാത്ത തരത്തിലുള്ള ക്രൂരമായ പീഡനങ്ങൾക്ക് വിധേയരാക്കുകയും ചെയ്തു. തന്റെ വലയിൽപ്പെട്ട പെൺകുട്ടികളെ ഉപയോഗിച്ച് മറ്റു പെൺകുട്ടികളെ വലയിലാക്കുന്നതായിരുന്നു ഇയാളുടെ രീതി. 2005 -ലാണ് എപ്‌സ്റ്റീനെതിരെയുള്ള ആദ്യത്തെ പരാതി പുറത്തു വരുന്നത്. ഫ്ലോറിഡയിലെ പാംബീച്ച് ഹൈസ്‌കൂളിലെ വിദ്യാർത്ഥിനിയായ പതിനാലുകാരിയായിരുന്നു ആദ്യത്തെ പരാതിക്കാരി. കൂടെ പഠിക്കുന്ന മറ്റൊരു പെൺകുട്ടി തന്നെ ഒരു പണക്കാരന്റെ വീട്ടിൽ കൊണ്ടുപോയെന്നും, അവിടെ വച്ച് ഒരാൾ തന്നെ ബലാൽസംഗം ചെയ്തെന്നും ആ പെൺകുട്ടി പരാതിയിൽ പറഞ്ഞിരുന്നു. ആ പരാതിയുടെ ചുവട് പിടിച്ചു നടത്തിയ അന്വേഷണത്തിൽ, പോലീസ് കൂടുതൽ ഇരകളിലേക്കെത്തി. ഞെട്ടിക്കുന്ന വിവരങ്ങളാണ് പോലീസ് കണ്ടെത്തിയത്. എപ്സ്റ്റീന്റെ ഇരകളായ 35 പെൺകുട്ടികളെ പോലീസ് തിരിച്ചറിഞ്ഞു.

ലോലിത എക്സ്പ്രസ്സിന്റെ ഇന്നത്തെ അവസ്ഥ

അതിൽക്കൂടുതൽ പെൺകുട്ടികൾ എപ്‌സ്റ്റീന്റെ ഇരകളായിട്ടുണ്ടെന്നും, അവരിൽ പലരും മയക്കുമരുന്നിന് അടിമകളായിരുന്നുവെന്നുംപോലീസ് കണ്ടെത്തി. കൂടുതൽ പീഡനങ്ങളും നടന്നത് സ്വകാര്യ ദ്വീപിലെ ആ എസ്റ്റേറ്റിലായിരുന്നു. മോഡൽ റിക്രൂട്ട്മെന്റിന്റെ മറവിലും ഇയാൾ ഇരകളെ കണ്ടെത്തി. എപ്‌സ്റ്റീന്റെ സ്വകാര്യ ജെറ്റായ ‘ലോലിറ്റ എക്സ്പ്രസ്സിൽ’ ബിൽ ക്ലിന്റണും, ട്രംപും യാത്ര ചെയ്തത് ആയിടയ്ക്ക് വാർത്തയായി. ആദ്യത്തെ പരാതിയിൽ എപ്‌സ്റ്റീന് കിട്ടിയത് ഒന്നര വർഷത്തെ തടവായിരുന്നു. വിചാരണ നടന്ന മിയാമി കോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടർ ‘അലക്‌സാണ്ടർ അകെസ്റ്റ’ എപ്‌സ്റ്റീന്റെ സുഹൃത്തായിരുന്നു. അയാളുടെ സഹായം കൊണ്ടാണ് എപ്‌സ്റ്റീൻ, രണ്ടു കേസുകളിൽ കുറ്റസമ്മതം നടത്തുകയും, കുറഞ്ഞ ശിക്ഷ വാങ്ങുകയും ചെയ്തത്. ഒരു കൊല്ലം കഴിഞ്ഞപ്പോൾ, ‘വർക്ക് റിലീസ്’ ആനുകൂല്യത്തിൽ എപ്സ്റ്റീൻ പുറത്തു പോയിത്തുടങ്ങി. ജയിലിൽ നിന്ന്‌ ജോലിക്ക് പോകാവുന്ന ആനുകൂല്യമാണ് വർക്ക് റിലീസ്. രാത്രി തിരിച്ചെത്തി ജയിലിലെ VIP മുറിയിൽ ഉറങ്ങും. അലക്‌സാണ്ടർ അകെസ്റ്റയും കൂട്ടരും എപ്‌സ്റ്റീന്റെ ക്രൂരതകൾ പൂർണ്ണമായും പുറംലോകത്തെത്തിക്കാതെ കേസന്വേഷണം അട്ടിമറിച്ചു.

ഇരകളിൽ പലരും മരണത്തിലേക്ക്…

എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട പല സ്ത്രീകളും പിന്നീട് സ്വയം ജീവനൊടുക്കുകയോ, അമിതമായ അളവിൽ മയക്കുമരുന്ന് കഴിച്ച് മരണപ്പെടുകയോ ചെയ്തിട്ടുണ്ട്. 2018 -ൽ, പതിനാറാം വയസ്സിൽ എപ്‌സ്റ്റീൻ പീഡിപ്പിച്ച ‘ലീ സ്കൈ പാട്രിക്ക്’ എന്ന സ്ത്രീയെ, ഫ്ലോറിഡയിലെ ഒരു മോട്ടലിൽ മരിച്ച നിലയിൽ കാണപ്പെട്ടു. 2023 -ൽ എപ്സ്റ്റീന്റെ കൂട്ടാളിയായ ഗ്ലിസെയ്ൻ മാക്സ്വെല്ലിനെതിരെ സാക്ഷി പറഞ്ഞ എപ്‌സ്റ്റീന്റെ ഇരയായ ‘കരോളിൻ ആൻഡ്രിയാനോ’യെ ഒരു ഹോട്ടലിൽ അമിതമായ അളവിൽ മയക്കുമരുന്ന് ഉള്ളിൽച്ചെന്ന് മരിച്ച നിലയിൽ കാണപ്പെട്ടു. 2025 -ൽ എപ്‌സ്റ്റീന്റെ ഇരയായ ‘വിർജീനിയ ഗിയൂഫ്രേ’യെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.

പ്രമുഖർക്കായി പെൺകുട്ടികൾ…

ലൈംഗിക അടിമകളെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ പല പെൺകുട്ടികളെയും എപ്‌സ്റ്റീൻ ചൂഷണം ചെയ്യുന്നതിന്റെ ചിത്രങ്ങൾ പിന്നീട് പുറത്തു വന്നു. അവരിൽ പലരെയും ലോകത്തിലെ പ്രമുഖർക്ക് കാഴ്ച വച്ചെന്ന് അയാൾ കുറ്റസമ്മതം നടത്തി. ലോകം തന്നെ ഞെട്ടിയ ഒരു കുറ്റസമ്മതമായിരുന്നു ഇത്. ഡൊണാൾഡ് ട്രംപ് വീണ്ടും അമേരിക്കൻ പ്രസിഡന്റായതോടെ എപ്‌സ്റ്റീൻ ഫയലുകളെക്കുറിച്ചുള്ള വിവാദങ്ങൾക്ക് വീണ്ടും തീ പിടിച്ചു. നിശാപാർട്ടികളിൽ എപ്‌സ്റ്റീനോടൊപ്പമുള്ള ട്രംപിന്റെ ചിത്രങ്ങൾ വലിയ വിവാദമായി. ഇതോടെ എപ്‌സ്റ്റീൻ ഫയലുകൾ പുറത്തു വിടാൻ ട്രംപ് തന്നെ ഉത്തരവിട്ടു. എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടയിൽ കണ്ടെത്തിയ വിവരങ്ങൾ, ബന്ധപ്പെട്ട രേഖകൾ, കോൺടാക്ട് ലിസ്റ്റുകൾ, കോൾ റിക്കോർഡുകൾ, ചാറ്റുകൾ, വീഡിയോകൾ, വിമാനയാത്ര രേഖകൾ, കോടതി രേഖകൾ, ഇടപാടുകാരുടെ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ്, മുപ്പത് ലക്ഷത്തിലധികം പേജുകളുള്ള എപ്‌സ്റ്റീൻ ഫയൽ. രണ്ടായിരത്തിലധികം വീഡിയോകളും രണ്ടുലക്ഷത്തിലധികം ചിത്രങ്ങളും പുറത്തു വിട്ടിരുന്നില്ല. പിന്നീട് ഇത് യുഎസ് നീതിന്യായ വകുപ്പ് പുറത്തു വിട്ടു. 2018 -ലാണ് എപ്‌സ്റ്റീന്റെ ലൈംഗിക പീഡനങ്ങളെക്കുറിച്ചുള്ള പരമ്പര ‘മിയാമി ഹെറാൾഡ്’ പ്രസിദ്ധീകരിക്കുന്നത്. ഒരു വർഷത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് ശക്തമായ തെളിവുകളോടെ മിയാമി ഹെറാൾഡ് ഈ ക്രൂരതകൾ പുറംലോകത്തെത്തിച്ചത്.

ഒടുവിൽ ജയിലറയിൽ മരണം…

2019 ജൂലൈ 23 -ന് പുലർച്ചെ ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ കറക്ഷണൽ സെന്ററിലെ സെല്ലിന്റെ തറയിൽ പരിക്കേറ്റ നിലയിൽ എപ്‌സ്റ്റീനെ കണ്ടെത്തി. അയാളുടെ കഴുത്തിൽ മുറിവുകളുണ്ടായിരുന്നു. എന്താണ് എപ്‌സ്റ്റീന് സംഭവിച്ചതെന്ന് അയാളോടൊപ്പം സെല്ലിലുണ്ടായിരുന്ന ‘ടാർ ടാഗ്‌ലിയോൺ’ എന്ന തടവുകാരനും അറിയില്ലായിരുന്നു. അതിനുശേഷം എപ്‌സ്റ്റീനെ നിരീക്ഷണത്തിലാക്കി. എന്നാൽ 2019 ഓഗസ്റ്റ് 10 -ന് അയാളെ സെല്ലിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അതൊരു ആത്മഹത്യയാണെന്നായിരുന്നു ഫെഡറൽ ബ്യൂറോ ഓഫ് പ്രിസൺസും, യുഎസ് അറ്റോർണി ജനറലുമായ വില്യം ബാറിന്റെ വാദം. എന്നാൽ, പട്ടികയിലുള്ള ഉന്നതരുടെ വിവരങ്ങൾ പുറത്തു വരാതിരിക്കാനായി അയാളെ കൊലപ്പെടുത്തിയതാണെന്ന് വിശ്വസിക്കുന്നവരുമുണ്ട്. എപ്‌സ്റ്റീന്റെ കൂട്ടാളിയായ ‘ഗ്ലിസെയ്ൻ മാക്സ്‌വെല്ലിനെതിരെ’ 2015 -ൽ ഫയൽ ചെയ്ത മാനനഷ്ടക്കേസിന്റെ വിചാരണ നടക്കുന്ന സമയത്താണ് എപ്‌സ്റ്റീൻ രേഖകൾ ആദ്യമായി പുറത്തു വരുന്നത്. എപ്‌സ്റ്റീന്റെ ജെറ്റിന്റെ യാത്രാരേഖകൾ ഉൾപ്പെടെ പുറത്തു വന്നിട്ടുണ്ടെങ്കിലും പലതും ഇപ്പോഴും പുറത്തു വിട്ടിട്ടില്ല. മരണസമയത്ത് എപ്‌സ്റ്റീന്റെ ആ ദ്വീപിന് 600 ബില്യൺ ഡോളർ വിലമതിക്കുമായിരുന്നു.

യുവതികളെ പൂർണ്ണമായി നിയന്ത്രിക്കുന്ന എപ്‌സ്റ്റീൻ…

എപ്‌സ്റ്റീന്റെ മരണശേഷവും അയാൾ ചെയ്തു കൂട്ടിയ ക്രൂരതകളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തു വന്നു. ഇരുപത്തിരണ്ടാം വയസ്സിൽ റഷ്യയിൽ നിന്ന് ന്യൂയോർക്കിലെത്തിയ ‘മോൽചനോവ’ എന്ന യുവതിയെ അവിടുത്തെ ഒരു തെരുവിൽ വച്ചാണ് എപ്‌സ്റ്റീൻ ആദ്യമായി കാണുന്നത്. മോൽചനോവക്ക് മോഡലിംഗിലും മറ്റും താൽപര്യമുണ്ടെന്ന് മനസ്സിലാക്കിയ എപ്‌സ്റ്റീൻ, പഠനത്തിന് സഹായിക്കാമെന്നും, ഈ രംഗത്തുള്ള പ്രമുഖരെ പരിചയപ്പെടുത്താമെന്നുമൊക്കെ അവൾക്ക് വാഗ്ദാനം നൽകി. അങ്ങനെ അയാൾ അവളെ ഒരു ആഡംബര ഫ്ലാറ്റിലേക്ക് മാറ്റി. അവിടെ നിരവധി സ്ത്രീകളുണ്ടായിരുന്നു. അവിടെ എത്തിയപ്പോഴാണ് താനൊരു വലിയ ചതിക്കുഴിയിലാണ് അകപ്പെട്ടത് എന്നുള്ള സത്യം അവൾ തിരിച്ചറിഞ്ഞത്. യുവതികളുടെ ഓരോ ചലനവും നിയന്ത്രിച്ചിരുന്നത് എപ്‌സ്റ്റീനായിരുന്നു. എപ്‌സ്റ്റീൻ ഈ യുവതികൾക്ക് ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും നൽകിയിരുന്നെങ്കിലും, അതെല്ലാം അയാളുടെ ഇ മെയിലുമായി കണക്ട് ചെയ്തിരുന്നത് കൊണ്ട്, അതിൽ നിന്ന് വരുന്നതും പോകുന്നതുമായ എല്ലാ കോളുകളും മെസ്സേജുകളും അയാൾ നിരീക്ഷിച്ചു. യുവതികൾ ഏത് വസ്ത്രം ധരിക്കണം, ഏത് ഹെയർ സ്റ്റൈൽ വേണം, ശരീരഭാരം എത്രയായിരിക്കണം എന്നിങ്ങനെയുള്ള കാര്യങ്ങളെല്ലാം അയാൾ തീരുമാനിക്കും. അവർക്ക് ക്രെഡിറ്റ് കാർഡ് നൽകിയിരുന്നെങ്കിലും, എന്തെങ്കിലും സാധനങ്ങൾ വാങ്ങിയാൽ അതിന്റെ ബില്ലുകളുടെ ഫോട്ടോയെടുത്ത് അയാൾക്ക് അയയ്ക്കണമായിരുന്നു. ഇതിനൊക്കെ വിസമ്മതിച്ചാൽ അയാൾ ഭയാനകമായി അലറിക്കരയുകയും, ഭീഷണിപ്പെടുത്തുകയും ചെയ്യും. പലപ്പോഴും യുവതികളെ പൂട്ടിയിടുകയും ചെയ്യും. തന്റെ ഇരകളായ യുവതികളെക്കൊണ്ട് അവരുടെ സുഹൃത്തുക്കളായ മറ്റു പെൺകുട്ടികളെ വലയിലാക്കുന്നതായിരുന്നു അയാളുടെ രീതി. അതായത്, ഒരു പെൺകുട്ടി അയാളുടെ വലയിൽ വീണാൽ അവൾ മറ്റു പെൺകുട്ടികളെ കണ്ടെത്തണം. ഒരു ചങ്ങല പോലെ വ്യാപിച്ചു കിടക്കുന്നതായിരുന്നു ഈ ചതിക്കുഴി. പീഡിപ്പിക്കുന്നവർക്ക് ഇയാൾ പണവും നൽകും. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരാണ് ഇത്തരത്തിൽ ചതിക്കുഴിയിൽ വീണവരിൽ കൂടുതലും. അതുകൊണ്ട് പരാതിപ്പെടാനുള്ള ശേഷി ആർക്കും ഉണ്ടായിരുന്നില്ല.

ലിറ്റിൽ സെന്റ് ജയിംസിന്റെ ഇന്നത്തെ അവസ്ഥ…പണവും സ്വാധീനവുമുള്ളവർക്ക് നിയമത്തിന്റെ കണ്ണുവെട്ടിച്ച് എത്രകാലം വേണമെങ്കിലും ജീവിക്കാമെന്നുള്ളതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ജെഫ്രി എപ്‌സ്റ്റീൻ. മാധ്യമങ്ങളും, അന്വേഷണ ഉദ്യോഗസ്ഥരും നിരന്തരം ശ്രമിച്ചത് കൊണ്ടാണ് അയാൾ പിടിക്കപ്പെട്ടത്. ഒരു കാലത്ത് പ്രമുഖർ സ്വൈര്യവിഹാരം നടത്തിയിരുന്ന എപ്‌സ്റ്റീന്റെ ‘ലിറ്റിൽ സെന്റ് ജെയിംസ്’ എന്ന ആ ആഡംബര ദ്വീപ്, ഒരു പ്രേതഭൂമി പോലെ ഇന്ന് വിജനമാണ്. അധികാരവും പണവും കൊണ്ട് പടുത്തുയർത്തിയ സാമ്രാജ്യങ്ങൾ എത്ര വലുതാണെങ്കിലും, സത്യത്തിന്റെ വെളിച്ചത്തിനു മുന്നിൽ അത് തകർന്നടിയും. എപ്‌സ്റ്റീൻ മരിച്ചെങ്കിലും വേട്ടയാടപ്പെട്ടവരുടെ മുറിവുകളും അവർ ഉന്നയിച്ച ചോദ്യങ്ങളും മാഞ്ഞുപോകില്ല.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles