ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിലെ ഷഹ്ദര ജില്ലയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മൂന്ന് മാസം പ്രായമുള്ള കുഞ്ഞടക്കം രണ്ട് പേർക്ക് ദാരുണാന്ത്യം. വിവേക് വിഹാറിലെ ജ്വാലാ നഗർ പ്രദേശത്തെ ഇരുനില റെസിഡൻഷ്യൽ കെട്ടിടമാണ് ഇന്ന് രാവിലെ തകർന്നു വീണത്. കെട്ടിടത്തിലെ വാടകക്കാരായിരുന്ന കുഞ്ഞും പിന്റു (35) എന്നയാളുമാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയമുള്ളതിനാൽ പ്രദേശത്ത് രക്ഷാപ്രവർത്തനം ഊർജ്ജിതമായി തുടരുകയാണ്.
രാവിലെ പത്ത് മണിയോടെയാണ് അപകടമുണ്ടായത്. 10.13-ഓടെ വിവരം ലഭിച്ചതിനെത്തുടർന്ന് അഗ്നിശമന സേനയും പോലീസും ആംബുലൻസ് സർവീസുകളും ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ആറോളം പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ജ്വാലാ നഗറിലെ ഇടുങ്ങിയ വഴികൾ രക്ഷാപ്രവർത്തകർക്ക് അപകടസ്ഥലത്തേക്ക് വേഗത്തിൽ എത്തുന്നതിനും അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനും വലിയ തടസ്സമുണ്ടാക്കുന്നുണ്ട്. നാട്ടുകാരും രക്ഷാപ്രവർത്തകർക്കൊപ്പം ചേർന്ന് കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നുണ്ട്.
തകർന്നു വീണ കെട്ടിടത്തിന് ഏകദേശം 40 മുതൽ 50 വർഷം വരെ പഴക്കമുണ്ടെന്ന് നോർത്ത് എംസിഡി ചെയർമാനും ബിജെപി കൗൺസിലറുമായ പങ്കജ് ലുത്ര വ്യക്തമാക്കി. റെയിൽവേയുടെ ഉടമസ്ഥതയിലുള്ള ഭൂമി പതിറ്റങ്ങളായി കയ്യേറി നടത്തിയ അനധികൃത നിർമ്മാണങ്ങളാണ് അപകടത്തിന് വഴിവെച്ചതെന്നും അദ്ദേഹം ആരോപിച്ചു. കെട്ടിടം തകരാനുണ്ടായ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.



