പാർട്ടി, പിണറായി വിജയന് ചുറ്റും കറങ്ങുന്ന നേതാക്കളുടെ തടവിൽ !! സിപിഎം വിട്ട് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരൻ എസ്.ആർ. വിനയകുമാർ

തിരുവനന്തപുരം : സിപിഎമ്മിലെ ആഭ്യന്തര ഭിന്നത പരസ്യമാക്കി അന്തരിച്ച നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരൻ എസ്.ആർ. വിനയകുമാർ പാർട്ടി ബന്ധം ഉപേക്ഷിച്ചു. നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചാണ് അദ്ദേഹം പാർട്ടി സഹകരണം അവസാനിപ്പിക്കുന്നത്. പൊതുമേഖലാ സ്ഥാപനമായ യുണൈറ്റഡ് ഇലക്ട്രിക്കൽസ് ഇൻഡസ്ട്രീസ് എംഡി ആയിരുന്ന വിനയകുമാർ കേശവദാസപുരം ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്നു. പാർട്ടി പൂർണ്ണമായും മുഖ്യമന്ത്രി പിണറായി വിജയന്റെ പിടിയിലാണെന്നും, പിണറായിയും എം.വി. ഗോവിന്ദനും മാറാതെ സിപിഎമ്മിന് രക്ഷയില്ലെന്നും അദ്ദേഹം തുറന്നടിച്ചു. ഇനി പാർട്ടി അംഗത്വം പുതുക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പാർട്ടി ഇപ്പോൾ പൂർണ്ണമായും വ്യക്തികേന്ദ്രീകൃതമായ ഒരു കൊട്ടാരമായി മാറിയിരിക്കുകയാണെന്ന് വിനയകുമാർ കുറ്റപ്പെടുത്തി. പിണറായി വിജയന് ചുറ്റും കറങ്ങുന്ന ചുരുക്കം ചില നേതാക്കളുടെ തടവിലാണ് പാർട്ടി സംവിധാനം. മുഖ്യമന്ത്രിയുടെ സ്വകാര്യ കാര്യങ്ങളും കുടുംബപരമായ ആവശ്യങ്ങളും നിറവേറ്റുന്നതിനും, മകൾക്കെതിരായ ആരോപണങ്ങളെയും കേസുകളെയും പ്രതിരോധിക്കുന്നതിനും മാത്രമാണ് ഇപ്പോൾ പാർട്ടി നേതൃത്വം മുൻഗണന നൽകുന്നത്. സംഘടനാപരമായ മൂല്യങ്ങളോ പൊതുപ്രശ്നങ്ങളോ ആരുടെയും പരിഗണനയിലില്ല. വലിയ ചരിത്രമുള്ള നേതാക്കൾ ഇരുന്ന കസേരയിലാണ് താൻ ഇരിക്കുന്നതെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വല്ലപ്പോഴുമെങ്കിലും ഓർക്കുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം പരിഹസിച്ചു.

പാർട്ടിക്കുള്ളിലെ നിലവിലെ ഡെമോക്രാറ്റിക് സ്വഭാവം നഷ്ടപ്പെട്ടെന്നും, വിമർശനങ്ങളെ ഉൾക്കൊള്ളാൻ നേതൃത്വം തയ്യാറാകുന്നില്ലെന്നും വിനയകുമാറിന്റെ ഈ പടിയിറക്കം വ്യക്തമാക്കുന്നു. സിപിഎമ്മിന്റെ മുതിർന്ന നേതാവുമായി അടുത്ത ബന്ധമുള്ള കുടുംബത്തിൽ നിന്നുതന്നെയുള്ള ഈ തുറന്ന പറച്ചിൽ രാഷ്ട്രീയ കേരളത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. പാർട്ടിയുടെ നയവ്യതിചലനങ്ങളിൽ പ്രതിഷേധിച്ച് കൂടുതൽ നേതാക്കൾ രംഗത്തുവരുമോ എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ നിരീക്ഷകർ.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles