കൊല്ലം: ഹോട്ടൽ മുറിയിൽ വനിതാ ഡോക്ടറുമായി തർക്കമുണ്ടായതിനെ തുടർന്ന് അന്വേഷിക്കാനെത്തിയ പൊലീസിനെ ആക്രമിച്ചെന്ന കേസിൽ യുവ ഡോക്ടർ അറസ്റ്റിൽ. തിരുവനന്തപുരം പട്ടം സ്വദേശിയായ അജാസ് ഖാൻ (29) ആണ് കൊല്ലം വെസ്റ്റ് പൊലീസിന്റെ പിടിയിലായത്. കൊല്ലത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോക്ടറാണ് ഇയാൾ.
കൊല്ലം കോട്ടമുക്കിലെ സ്വകാര്യ ഹോട്ടലിൽ അജാസ് ഖാനും വനിതാ ഡോക്ടറായ അലീന മാർഗ്രറ്റ് സഖറിയയും മുറിയെടുത്ത് താമസിക്കുകയായിരുന്നു. ഇതിനിടെ ഇരുവരും തമ്മിൽ വാക്കേറ്റവും സംഘർഷവുമുണ്ടായി. ഹോട്ടൽ മുറിയിൽനിന്ന് വനിതയുടെ നിലവിളി കേട്ടതിനെ തുടർന്ന് ജീവനക്കാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് മുറി തുറന്ന് അജാസിനെ കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടെ ഇയാൾ പൊലീസിനെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തെന്നാണ് പരാതി. തുടർന്ന് കൂടുതൽ പൊലീസുകാർ സ്ഥലത്തെത്തിയാണ് ഇയാളെ കീഴ്പ്പെടുത്തിയത്.
ഹോട്ടൽ മുറിയിൽ നടത്തിയ പരിശോധനയിൽ ആറ് ഗ്രാം കഞ്ചാവും കഞ്ചാവ് ഉപയോഗിക്കാൻ ഉപയോഗിക്കുന്ന പ്രത്യേകതരം പേപ്പറും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ ഇരുവർക്കുമെതിരെ ലഹരിമരുന്ന് കൈവശംവെച്ചതിന് കേസെടുത്തിട്ടുണ്ട്. ഈ കേസിൽ ഇരുവർക്കും സ്റ്റേഷൻ ജാമ്യം ലഭിച്ചതായാണ് റിപ്പോർട്ട്.
അതേസമയം, പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവത്തിൽ അജാസ് ഖാനെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. തന്നെ അജാസ് ആക്രമിച്ചെന്ന വനിതാ ഡോക്ടറുടെ പരാതിയിലും കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.



