കൊച്ചി: ചേരാനല്ലൂരിൽ വാഹനാപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. നീതി ഉറപ്പാക്കുന്നതിനായുള്ള കുടുംബത്തിന്റെ പോരാട്ടത്തിൽ പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്ത അദ്ദേഹം, സംഭവത്തിൽ ന്യായമായ നടപടികൾ ഉണ്ടാകുമെന്ന് ഉറപ്പുനൽകി.
അപകടത്തിന് കാരണമായ വാഹനം ഓടിച്ച പതിനേഴുകാരന്റെ പിതാവായ അഡീഷണൽ ജഡ്ജിക്കെതിരെ ഗുരുതര ആരോപണങ്ങളടങ്ങിയ പരാതി കുടുംബം മുഖ്യമന്ത്രിയ്ക്ക് കൈമാറി. അപകടം നടന്നയുടൻ സംഭവസ്ഥലത്തെത്തിയ ജഡ്ജി തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതായി പരാതിയിൽ ആരോപിക്കുന്നു. ജഡ്ജിയും കുടുംബവും മറ്റൊരു വാഹനത്തിൽ അപകടസ്ഥലത്ത് എത്തുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ടെന്നും, അടിയന്തരമായി സ്ഥലത്തെത്തിയത് കേസ് അട്ടിമറിക്കാനാണെന്നും ബന്ധുക്കൾ വ്യക്തമാക്കി.
അതേസമയം, നിയമപോരാട്ടത്തിൽ നിലവിലെ അഭിഭാഷകനായ അഡ്വ. ശ്രീജിത്ത് തന്നെ തുടർന്നും തങ്ങളെ പ്രതിനിധീകരിക്കുമെന്ന് ജയബാലകൃഷ്ണന്റെ മകൾ ഭദ്ര കീർത്തി മാധ്യമങ്ങളോട് പറഞ്ഞു. ഭീഷണിപ്പെടുത്തി വക്കാലത്ത് ഒപ്പിടുവിച്ചു എന്ന പ്രചാരണം തെറ്റാണെന്നും ഭദ്ര വ്യക്തമാക്കി. അതേസമയം 17കാരന്റെ ഫോണിൽ നിന്ന് വിവരങ്ങൾ തിരിച്ചെടുക്കാൻ തയ്യാറെടുക്കുകയാണ് അന്വേഷണ സംഘം. ഇൻസ്റ്റഗ്രാം ഉൾപ്പെടെ ഫോണിലെ വിവരങ്ങൾ ഡിലീറ്റ് ചെയ്ത നിലയിലാണ്. ഫോണിലെ ഡാറ്റാ വീണ്ടെടുക്കാൻ വിദഗ്ധ പരിശോധനയ്ക്ക് അയക്കും



