മുന്നണിയിലും പാർട്ടിയിലും കൂടിയാലോചനകൾ അനിവാര്യം!! ഏകപക്ഷീയ തീരുമാനങ്ങൾക്കെതിരെ നിലപാട് കടുപ്പിച്ച് കെ.പി.സി.സി അധ്യക്ഷനും കോൺഗ്രസ് ഗ്രൂപ്പുകളും

തിരുവനന്തപുരം : ഭരണമുന്നണിയിലും കോൺഗ്രസ് പാർട്ടിയിലും കൂടിയാലോചനകളില്ലാതെ ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കുന്നതിനെതിരെ കെപിസിസി പ്രസിഡന്റും മന്ത്രിയുമായ സണ്ണി ജോസഫും പാർട്ടിയിലെ വിവിധ ഗ്രൂപ്പുകളും നിലപാട് കടുപ്പിക്കുന്നു. മദ്യനയ ഉപസമിതിയുടെ കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ലെന്നും, മന്ത്രിസഭയിലെ ചില വിഷയങ്ങളിൽ ചർച്ചകൾ നടന്നെങ്കിലും പൂർത്തിയാകാത്തവ ഇനിയുമുണ്ടെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. ബോർഡ്-കോർപ്പറേഷൻ വിഭജനത്തിൽ സ്വൽപം താമസം വന്നിട്ടുണ്ടെന്നും അദ്ദേഹം സമ്മതിച്ചു.

യു.ഡി.എഫ് യോഗം ചേരാത്തതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്, അത് മുന്നണി ചെയർമാനോടും കൺവീനറോടും ചോദിക്കണമെന്നായിരുന്നു സണ്ണി ജോസഫിന്റെ പ്രതികരണം. അനിൽകുമാറിനെതിരായ സൈബർ ആക്രമണത്തെക്കുറിച്ച് തനിക്ക് അറിവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ.പി.സി.സി അധ്യക്ഷൻ ദുർബലനാണെന്ന തരത്തിൽ വിമർശനങ്ങൾ ഉയരുന്നതിനിടെ, താനാണ് അധ്യക്ഷനെങ്കിൽ പാർട്ടിയിലെയും മുന്നണിയിലെയും എല്ലാം താൻ അറിയണമെന്ന് സണ്ണി ജോസഫ് മന്ത്രിസഭാ യോഗത്തിൽ തറപ്പിച്ചു പറഞ്ഞതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കെ.പി.സി.സി പ്രസിഡന്റ് എന്ന നിലയിൽ സംഘടനാപരമായ കാര്യങ്ങളിൽ ശക്തമായി ഇടപെടാനാണ് അദ്ദേഹത്തിന്റെ തീരുമാനം.

അതേസമയം, കൂടിയാലോചനകളില്ലാതെ മുഖ്യമന്ത്രി വി.ഡി. സതീശൻ ഒറ്റയ്ക്ക് തീരുമാനങ്ങൾ എടുക്കുന്നുവെന്നാരോപിച്ച് കോൺഗ്രസിലെ വിവിധ ഗ്രൂപ്പുകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പാർട്ടിയിൽ ഇനി കൃത്യമായ കൂടിയാലോചനകളില്ലാതെ തീരുമാനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് വിവിധ വിഭാഗങ്ങൾ. മുഖ്യമന്ത്രിയുടെ ഏകപക്ഷീയമായ നീക്കങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കാൻ കെ.സി. വേണുഗോപാൽ പക്ഷം തീരുമാനിച്ചിട്ടുണ്ട്.

ബോർഡ്-കോർപ്പറേഷൻ നിയമനങ്ങളിലും പി.എസ്.സി, ദേവസ്വം ബോർഡ് നിയമനങ്ങളിലും അർഹമായ പരിഗണന ലഭിക്കുന്നില്ലെന്നതിൽ എ ഗ്രൂപ്പിനും ഉമ്മൻ ചാണ്ടിക്കൊപ്പം നിലയുറപ്പിച്ച വിഭാഗത്തിനും കടുത്ത അമർഷമുണ്ട്. ചർച്ചകളിൽ തങ്ങൾക്ക് കൃത്യമായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്നും, തർക്കങ്ങൾക്കൊടുവിൽ കെ.സി. പക്ഷം തങ്ങളുടെ ആവശ്യങ്ങൾ നേടിയെടുക്കുമ്പോൾ തങ്ങൾ തഴയപ്പെടുകയാണെന്നും ഈ വിഭാഗങ്ങൾ ആരോപിക്കുന്നു. കോൺഗ്രസിനുള്ളിലെ ഈ പടലപ്പിണക്കങ്ങൾക്ക് പുറമെ, മുഖ്യമന്ത്രിയുടെ പല തീരുമാനങ്ങളിലും യു.ഡി.എഫിലെ ഘടകകക്ഷികളും കടുത്ത അതൃപ്തിയിലാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles