കൽപ്പറ്റ: വയനാട് മീനങ്ങാടി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിനോദയാത്ര വിവാദത്തെ തുടർന്ന് പ്രിൻസിപ്പൽ ഷിവി കൃഷ്ണനെ സ്ഥലം മാറ്റിയതിൽ പഠിപ്പ് മുടക്കി ഹയർ സെക്കൻഡറി വിദ്യാർത്ഥികളുടെ പ്രതിഷേധം. വ്യക്തമായ കാരണമില്ലാതെയാണ് പ്രിൻസിപ്പലിനെ മാറ്റിയത് എന്നും പ്രിൻസിപ്പലിനെതിരായ നടപടി പിൻവലിക്കും വരെ സമരം തുടരുമെന്ന നിലപാടിലാണ് വിദ്യാർത്ഥികൾ. അതേസമയം വിവാദങ്ങളെ തുടർന്ന് ഹയർ സെക്കന്ററി ബോർഡ് വിശദമായ അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തിൽ സർക്കാർ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് സ്കൂൾ പഠന യാത്ര നടത്തിയത് എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പ്രിൻസിപ്പലിനെ അദ്ദേഹത്തിന്റെ വീടിന് അടുത്തുള്ള വടുവഞ്ചാൽ ഹയർ സെക്കന്ററി സ്കൂളിലേക്ക് സ്ഥലം മാറ്റിയത്.
അതേസമയം, ആരോപണ വിധേയനായ പിടിഎ പ്രസിഡന്റ് ഹാജിസ് ഇന്ന് മാധ്യമങ്ങളെ കാണും. പിടിഎ പ്രസിഡന്റ് മദ്യപിച്ചു എന്ന കുട്ടികളുടെ ആരോപണത്തിൽ വിശദീകരണം നൽകും. വിനോദ യാത്രയ്ക്കിടെ പ്രധാന അധ്യാപകനും പിടിഎ പ്രസിഡന്റും മദ്യപിച്ചു എന്നായിരുന്നു ഉയർന്ന ആരോപണം. എന്നാൽ പ്രിൻസിപ്പലിന്റെ രക്ത പരിശോധനയിൽ മദ്യത്തിന്റെ അംശം കണ്ടെത്താൻ സാധിച്ചിരുന്നില്ല !.



