എക്സൈസ് മന്ത്രിയറിയാതെ 3 ബിയര്‍ വൈൻ പാര്‍ലറുകള്‍ക്ക് ബാര്‍ ലൈസൻസ് അനുവദിച്ച സംഭവം! ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണമുണ്ടായേക്കും

തിരുവനന്തപുരം : എക്സൈസ് മന്ത്രിയുടെ അനുമതിയില്ലാതെ മൂന്ന് ബിയർ വൈൻ പാർലറുകൾക്ക് ബാർ ലൈസൻസ് നൽകിയ സംഭവത്തിൽ എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണം ഉണ്ടായേക്കും. നടപടികൾ അതിവേഗം പൂർത്തിയാക്കി ലൈസൻസ് അനുവദിച്ചതിന് പിന്നിൽ ബാഹ്യ ഇടപെടലുകൾ നടന്നിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാരിന്റെ നീക്കം. പുതിയ അബ്കാരി നയം നിലവിൽ വരുന്നത് വരെ മുൻ സർക്കാർ ഉണ്ടാക്കിയ ചട്ടങ്ങൾ അനുസരിച്ച് തുടർനടപടികളൊന്നും കൈക്കൊള്ളരുതെന്ന് വ്യക്തമാക്കി പ്രത്യേക സർക്കുലർ ഇറക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്.

എറണാകുളത്തെ രണ്ട് ബിയർ വൈൻ പാർലറുകൾക്ക് ജൂണിലും, പാലായിലെ ഒരു സ്ഥാപനത്തിന് ഒക്ടോബർ ആദ്യവാരത്തിലുമാണ് ലൈസൻസ് അനുവദിച്ചത്. ഇതിൽ എറണാകുളത്തെ ഒരു സ്ഥാപനം അപേക്ഷ നൽകിയതിന്റെ തൊട്ടടുത്ത ദിവസം തന്നെ ലൈസൻസ് ലഭിച്ചു. നിയമസഭയിലെ ചോദ്യത്തിന് മറുപടി നൽകുന്നതിനായി ബാറുകളുടെ കണക്കെടുത്തപ്പോഴാണ് സർക്കാരിന്റെ അറിവോടെയല്ലാതെ ബാർ ലൈസൻസുകൾ നൽകിയ വിവരം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുന്നത്. 2014-ൽ ബാറുകൾ പൂട്ടിയതിനെ തുടർന്ന് ബിയർ വൈൻ പാർലറുകളായി പ്രവർത്തിച്ചിരുന്ന ഇവയെ 3 സ്റ്റാർ പദവിയിലേക്ക് ഉയർത്തിയ ശേഷം 2017-ലെ ചട്ടഭേദഗതിയുടെ മറവിൽ ഡെപ്യൂട്ടി കമ്മീഷണർമാർ ലൈസൻസ് അനുവദിക്കുകയായിരുന്നു.

സംഭവത്തിൽ വീഴ്ച വരുത്തിയ ഡെപ്യൂട്ടി കമ്മീഷണർമാരായ പി.കെ. സതീഷ്, ഷിബു പി.എൽ എന്നിവരെ നിലവിൽ സസ്പെൻഡ് ചെയ്തിട്ടുണ്ട്. വിരമിച്ച ഉന്നത ഉദ്യോഗസ്ഥരുടെ അനാവശ്യ ഇടപെടലുകൾ ഇതിനു പിന്നിലുണ്ടോയെന്ന് വിജിലൻസ് സംഘം പരിശോധിച്ചേക്കും. ന്യൂഡൽഹി സന്ദർശനത്തിനു ശേഷം തിരിച്ചെത്തുന്ന മന്ത്രി, ജോയിന്റ് കമ്മീഷണർ വരെയുള്ള ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചുചേർക്കും. ഡെപ്യൂട്ടി കമ്മീഷണർമാർക്ക് ലൈസൻസ് പുതുക്കി നൽകാനുള്ള അധികാരം പിൻവലിക്കുന്ന കാര്യവും, ചട്ടലംഘനം നടത്തി അനുവദിച്ച ലൈസൻസുകൾ റദ്ദാക്കുന്നതിലെ നിയമവശങ്ങളും സർക്കാർ പരിശോധിച്ചു വരികയാണ്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles