ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദിൽ വാഹന പാർക്കിങ്ങിനെയും വളർത്തുനായയെ തുറന്നുവിടുന്നതിനെയും ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ഐ.ടി കമ്പനി മേധാവി അയൽവാസിയുടെ വെടിയേറ്റു മരിച്ചു. സിംഗപ്പൂരിൽ നിന്നെത്തിയ പരംജിത് ധൻഖർ (41) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അയൽവാസി മോഹൻ എന്ന മോനു ശർമ്മയ്ക്കെതിരെ പൊലീസ് കേസെടുത്തു. പ്രതി തന്റെ ലൈസൻസുള്ള തോക്ക് ഉപയോഗിച്ച് 15 റൗണ്ടോളം വെടിയുതിർത്തതിൽ 9 വെടിയുണ്ടകൾ പരമജിതിന്റെ ശരീരത്തിൽ പതിച്ചതായി മെഡിക്കൽ പരിശോധനയിൽ സ്ഥിരീകരിച്ചു.
ടെക് മഹിന്ദ്രയുടെ ഏഷ്യൻ ഓപ്പറേഷൻസ് തലവനായി പ്രവർത്തിച്ചിരുന്ന പരംജിത് നിലവിൽ വിയറ്റ്നാം ആസ്ഥാനമായുള്ള കമ്പനിയിലാണ് ജോലി ചെയ്യുന്നത്. നവംബർ 24-ന് നടക്കാനിരിക്കുന്ന അനന്തരവന്റെ വിവാഹത്തിൽ പങ്കെടുക്കാനായി രണ്ട് ദിവസം മുൻപാണ് ഇയാൾ ഫരീദാബാദിലെ സെക്ടർ 21 സിയിലുള്ള ഫ്ലാറ്റിലെത്തിയത്. വെള്ളിയാഴ്ച രാത്രി ജിമ്മിൽ നിന്ന് തിരികെയെത്തിയ പരമജിത്, തന്റെ പാർക്കിങ് സ്ലോട്ടിൽ മോനു ശർമ്മ വാഹനം ഇട്ടിരിക്കുന്നത് കണ്ട് അത് മാറ്റാൻ ആവശ്യപ്പെട്ടു. തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ മോനു ശർമ്മ തോക്കുമായെത്തി വെടിയുതിർക്കുകയായിരുന്നു.
ഇരു കുടുംബങ്ങളും തമ്മിൽ മുൻപും തർക്കങ്ങൾ നിലനിന്നിരുന്നതായി സൂരജ്കുണ്ഡ് പോലീസ് അറിയിച്ചു. പ്രതിയുടെ മകൻ വളർത്തുനായയെ പാർക്കിങ് പ്രദേശത്ത് മലമൂത്രവിസർജ്ജനം നടത്താൻ കൊണ്ടുവരുന്നത് പരമജിതിന്റെ മകൻ മുൻപ് ചോദ്യം ചെയ്തിരുന്നു. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി ക്രൈംബ്രാഞ്ചും പോലീസും തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.



