തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ ആദ്യ അറസ്റ്റ്. മുൻ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷിനെയാണ് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. സതീഷടക്കം രണ്ട് ഉദ്യോഗസ്ഥരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി കോടതിയിൽ ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു. പി. സതീഷ് പിഎസ്‌സിയിൽ നിന്ന് വിരമിച്ചത് അടുത്തിടെയാണ്. വിഷയത്തിൽ തട്ടിപ്പല്ല സാങ്കേതിക പിഴവാണ് സംഭവിച്ചത് എന്നായിരുന്നു സതീഷിന്റെയും കുറ്റാരോപിതനായ ഉദ്യോഗസ്ഥന്റെയും നിലപാട്. ക്രൈംബ്രാഞ്ചിനും അവർ അത്തരത്തിലാണ് മൊഴി നൽകിയത്. എന്നാൽ ക്രമക്കേടിൽ ഇരുവർക്കും കൃത്യമായ പങ്കുണ്ട് എന്നതിന് തെളിവുകൾ ലഭിച്ചതായാണ് വിവരം.
ഇവരുടെ അറസ്റ്റ് നീളുന്നതിൽ കോടതി വിമർശനം ഉന്നയിച്ചിരുന്നു. കേസ് അന്വേഷണം തടയുന്ന തരത്തിൽ യാതൊരു നിലപാടും കോടതി എടുക്കാഞ്ഞിട്ടും എന്തുകൊണ്ടാണ് സർക്കാർ ഈ വിഷയത്തിൽ കൃത്യമായ നടപടിയിലേക്ക് കടക്കാത്തത് എന്നാണ് കഴിഞ്ഞ ദിവസം കേസ് പരിഗണിക്കവേ കോടതി ചോദ്യം ഉന്നയിച്ചത്. പിന്നാലെയാണ് ക്രൈംബ്രാഞ്ച് നടപടിയുണ്ടായിരിക്കുന്നത്.



