തച്ചങ്കരിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം!! ഹർജി പിൻവലിച്ചാലും വിടില്ല, അസുഖം പരിശോധിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കും

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിൽ ശിക്ഷിക്കപ്പെട്ട് അപ്പീൽ ജാമ്യത്തിൽ കഴിയുന്ന മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരിക്കെതിരെ നിലപാട് കടുപ്പിച്ച് കേരള ഹൈക്കോടതി. ജാമ്യവ്യവസ്ഥയിൽ ഇളവ് തേടിയുള്ള അപേക്ഷ പിൻവലിച്ചാലും തച്ചങ്കരിയുടെ അസുഖത്തെക്കുറിച്ച് വ്യക്തത വരുത്താൻ മെഡിക്കൽ ബോർഡ് രൂപീകരിക്കുമെന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ വ്യക്തമാക്കി.

തച്ചങ്കരിയുടെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചുള്ള ജയിൽ സൂപ്രണ്ടിന്റെ റിപ്പോർട്ട് കോടതി വിശദമായി പരിശോധിച്ചു. ശ്വാസംമുട്ടൽ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നും വിദേശത്തേക്ക് പോകുമ്പോൾ ശ്വസന സഹായത്തിനുള്ള ഉപകരണം കൂടെ കരുതേണ്ടതുണ്ടെന്നും തച്ചങ്കരിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. എന്നാൽ, ശ്വാസംമുട്ടലും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുമുള്ള ഒരാൾ എങ്ങനെയാണ് ജോലിക്കായി ദുബായിലേക്ക് പോകുന്നതെന്നും അവിടെ പോയി എന്ത് ചെയ്യാനാണെന്നും കോടതി ചോദിച്ചു. ഇത് കോടതിയല്ല, രാജ്യത്തെ സാധാരണ പൗരൻ ഉന്നയിക്കുന്ന ചോദ്യമാണെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ തുറന്നടിച്ചു.

കോടതിയുടെ കടുത്ത പരാമർശങ്ങൾക്ക് പിന്നാലെ ജാമ്യവ്യവസ്ഥയിൽ ഇളവ് ആവശ്യപ്പെട്ടുള്ള അപേക്ഷ പിൻവലിക്കാൻ തച്ചങ്കരി അനുമതി തേടി. എന്നാൽ ഹർജി പിൻവലിച്ചാലും വെറുതെ വിടില്ലെന്ന് കോടതി മുന്നറിയിപ്പ് നൽകി. തച്ചങ്കരിയെ ജയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നിൽ ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷിക്കേണ്ടതുണ്ട്. യഥാർത്ഥ രോഗത്തിന്റെ പേരിലാണോ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും ഇതിൽ ജയിൽ ഡോക്ടർക്കോ, ജയിൽ സൂപ്രണ്ടിനോ, മറ്റ് പൊലീസ് ഉദ്യോഗസ്ഥർക്കോ പങ്കുണ്ടോ എന്നും പരിശോധിക്കണം. തച്ചങ്കരി ജയിൽമുറി കണ്ടിട്ടുള്ളത് ഡി.ജി.പി ആയിരുന്നപ്പോൾ മാത്രമാണെന്നും കോടതി പരിഹസിച്ചു. തുടർന്ന് ജാമ്യവ്യവസ്ഥയിൽ ഇളവ് തേടിയുള്ള ഉപഹർജി ഹൈക്കോടതി വിധി പറയാനായി മാറ്റി.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles