നെടുങ്ങോലത്തെ ‘കൃപ’ തട്ടകം!! അന്തിക്കള്ളും ആനന്ദവല്ലി ചേച്ചിയുടെ കൈപ്പുണ്യവും!

കൂടുതലങ്ങോട്ട് നീട്ടുന്നില്ല. നേരെ കാര്യത്തിലേക്ക് വരാം.
ചാത്തന്നൂർ – പരവൂർ റൂട്ടിൽ നെടുങ്ങോലത്ത് ഒരു കള്ളുഷാപ്പുണ്ടെന്ന് പറഞ്ഞു കേട്ടാണ് അതുവഴി പോയപ്പോൾ അവിടെ കയറിയത്. വണ്ടി പാർക്ക് ചെയ്ത് ‘കൃപ’ എന്ന റസ്റ്റോറന്റിലേക്ക് കയറി. ക്യാഷ് കൗണ്ടറിലിരുന്ന ആനന്ദവല്ലി ചേച്ചിയോട് കാര്യം പറഞ്ഞു.

“ചേച്ചീ…അറിഞ്ഞു കേട്ട് തിരുവനന്തപുരത്ത് നിന്ന് വന്നതാണ്. എന്തൊക്കെയാണ് ഇവിടുത്തെ സ്പെഷ്യൽ?”
“അപ്പമുണ്ട്, ചപ്പാത്തിയുണ്ട്, കപ്പയുണ്ട്, ഊണുണ്ട്, ഞണ്ടുണ്ട്, പോത്തുണ്ട്, നെയ്മീനുണ്ട്….”
കോട്ടയം പ്രദീപിനെപ്പോലെ എല്ലാത്തിനൊപ്പവും ‘ഒണ്ട്’ ചേർത്ത് പറഞ്ഞു കൊണ്ടേയിരിക്കുകയാണ് ആനന്ദവല്ലി ചേച്ചി.
“മതി…മതി. ഞങ്ങൾക്കിതൊന്ന് ഷൂട്ട് ചെയ്താൽ കൊള്ളാം.”
“പിന്നെന്താ…വരൂ.”

പെരുത്ത സന്തോഷത്തോടെ ചേച്ചി ഞങ്ങളെയും കൂടി അടുക്കളയിലേക്ക് നടന്നു. നാലഞ്ച് സ്ത്രീകൾ ഒരിടത്തിരുന്ന് ഉള്ളിയും സവാളയും പൊളിക്കുന്നു. ഒരാൾ ഇറച്ചി കഴുകുന്നു. മറ്റൊരാൾ കഴുകി വൃത്തിയാക്കി വരഞ്ഞു വച്ചിരിക്കുന്ന ചെമ്പല്ലിയിൽ മസാല പുരട്ടുകയാണ്. പാചകം കൂടുതലും വിറകടുപ്പിലാണ്. ഒരടുപ്പിൽ മുട്ട പുഴുങ്ങാൻ വച്ചിരിക്കുന്നു. ഒന്നിൽ അരി തിളയ്ക്കുന്നു. മറ്റൊന്നിൽ മീൻകറി. എല്ലാം കണ്ട് തൃപ്തിയായി പുറത്തേയ്ക്കിറങ്ങി.

പുറത്ത് രണ്ടുമൂന്ന് ഹട്ടുകളുണ്ട്. സ്വകാര്യത വേണമെന്നുള്ളവർക്ക് അതാകാം. റസ്റ്റോറന്റിനകത്തും ഫാമിലി ക്യാബിനുകളുണ്ട്. ഹട്ടിനടുത്ത് കള്ളുഷാപ്പ്. നേരെ അങ്ങോട്ടേക്ക് കയറി.

“ചേട്ടാ…എന്താ ഉള്ളത്?”
“അന്തിക്കള്ള്…മുന്തിരിക്കള്ള്…ജിഞ്ചർ കള്ള്.”
“എന്നാലൊരു കുപ്പി ജിഞ്ചർ പോരട്ടെ “

പതിയെ ചെന്ന് ഒരു മേശയുടെ മുന്നിലിരുന്നു. അപ്പോഴേക്കും കള്ളെത്തി. തൊട്ടുകൂട്ടാൻ മുളക് ചാലിച്ചതും, പുഴുങ്ങിയ മുട്ടയും. ആഹാ…എന്തൊരു കോംബിനേഷൻ!!!

ജിഞ്ചർ കള്ള് ഒന്നു രുചിച്ചു. നല്ല അസ്സല് സാധനം. ഇതിനിടയിൽ ഷൂട്ട് നടക്കുന്നുണ്ടായിരുന്നു. അപ്പോഴേക്കും നേരം ഉച്ചയായി. ഭക്ഷണം കഴിക്കാൻ ആളുകളെത്തിത്തുടങ്ങി. വിദേശികളും സ്വദേശികളുമുണ്ട് അക്കൂട്ടത്തിൽ. ഒരു ഹട്ടിൽ കയറി സ്ഥലം പിടിച്ചു. മുന്നിൽ എല്ലാം നിരന്നു.

ഊണ്, കപ്പ, അപ്പം, ബിരിയാണി, ചപ്പാത്തി, ഞണ്ട് റോസ്റ്റ്, കൊഞ്ച് റോസ്റ്റ്, ബീഫ് ലിവർ ഫ്രൈ, ചിക്കൻ ലിവർ ഫ്രൈ, നാടൻ കോഴിക്കറി, നെയ്മീൻ തലക്കറി, ചൂരമീൻ കറി, താറാവ് കറി, ചെമ്പല്ലി ഫ്രൈ, ബീഫ് ഫ്രൈ, കണവ റോസ്റ്റ്…അങ്ങനെ പോകുന്നു മുന്നിലിരിക്കുന്ന വിഭവങ്ങൾ. ഷൂട്ടിന് വേണ്ടി നിരത്തി വച്ചതാണ്.

ഊണിനോടൊപ്പം സാമ്പാറും, പുളിശ്ശേരിയും, തേങ്ങാ ചമ്മന്തിയും, മെഴുക്കുപുരട്ടിയും, മീൻകറിയും, മീൻ പൊരിച്ചതും, മാങ്ങാ അച്ചാറുമുണ്ട്. ഊണ് തന്നെ ധാരാളം. ഒപ്പം നല്ല കറുകറുത്ത ബീഫ് ലിവർ ഫ്രൈയും. ആസ്വദിച്ചു കഴിച്ചു. അപ്പോഴേക്കും തിരക്ക് കൂടിക്കൂടി വന്നു.

ഇത് മാത്രമല്ല, കരിമീനും, അയലയും, നെത്തോലിയുമൊക്കെയുണ്ട്. കൃഷ്ണൻ കുട്ടിച്ചേട്ടനും, ഭാര്യ ആനന്ദവല്ലി ചേച്ചിയുമാണ് ഇതിന്റെ അമരക്കാർ. മുപ്പത് കൊല്ലത്തെ പാരമ്പര്യമുണ്ടത്രേ കൃപ റസ്റ്റോറന്റിന്. ഇരുപത്തിയഞ്ചോളം ജീവനക്കാരുണ്ട്. കൂടുതലും സ്ത്രീകൾ. പലരും ഉടമയുടെ ബന്ധുക്കളാണ്.

എല്ലാവരുടെയും ഒത്തൊരുമിച്ചുള്ള അദ്ധ്വാനമാണ് ഈ കടയിലെ തിരക്കിന് പിന്നിലെന്ന് സംശയമില്ലാതെ പറയാം. വേറൊരു വഴിക്ക് പോകുകയായിരുന്ന ഞങ്ങൾ കേട്ടറിഞ്ഞാണ് നെടുങ്ങോലം കള്ളുഷാപ്പിൽ എത്തിയത്. ഇത്രയധികം നാടൻ വിഭവങ്ങളുള്ള ഭക്ഷണശാലകൾ കണ്ടിട്ടേയില്ല. വിറകടുപ്പിലെ പാചകമാണ് രുചിയുടെ പിന്നിലെ ഒരു രഹസ്യം. കറികളിൽ ചേർക്കുന്ന മസാലകളെല്ലാം സ്വന്തമായി പൊടിച്ചുണ്ടാക്കുകയാണ്. കോഴിക്കറിയിലും ബീഫിലുമൊക്കെ ചേർക്കുന്നത് ചെറിയുള്ളിയാണ്.

എടുത്തു പറയേണ്ട മറ്റൊരു കാര്യം, ഇവിടുത്തെ വൃത്തിയും ജീവനക്കാരുടെ പെരുമാറ്റവുമാണ്. അപ്പോൾ കൂടുതൽ പറഞ്ഞ് ബോറടിപ്പിക്കുന്നില്ല. ചാത്തന്നൂർ വഴി പോകുന്നവർക്ക് രണ്ടോമൂന്നോ കിലോമീറ്റർ പരവൂർ റൂട്ടിലൂടെ സഞ്ചരിച്ചാൽ നെടുങ്ങോലം കള്ളുഷാപ്പിലെത്താം. കള്ളുഷാപ്പിൽ നിന്ന് നല്ല ജിഞ്ചർ കള്ളും, കൃപ ഹോട്ടലിൽ നിന്ന് കിടിലൻ ഫുഡും…മച്ചാനേ ഇത് പോരേ അളിയാ!!!

#sumeshmarcopolo

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles