ന്യൂഡൽഹി: 2020-ലെ ഡൽഹി കലാപത്തിന് പിന്നിലെ ഗൂഢാലോചനക്കേസിൽ പ്രതിയായ വിദ്യാർത്ഥി ആക്ടിവിസ്റ്റ് ഷർജീൽ ഇമാമിന് അനുവദിച്ച ഇടക്കാല ജാമ്യം ഉടനടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി പോലീസ് കോടതിയെ സമീപിച്ചു. കോടതി ചുമത്തിയ ജാമ്യവ്യവസ്ഥകൾ ഷർജീൽ ഇമാം ലംഘിച്ചതായി ആരോപിച്ചാണ് പോലീസ് കർക്കർഡൂമ കോടതിയിൽ ഹർജി നൽകിയത്. അസിസ്റ്റന്റ് സെഷൻസ് ജഡ്ജി സമീർ ബജ്‌പേയ് ഒക്ടോബർ നാല് മുതൽ ഒക്ടോബർ പത്ത് വരെ സഹോദരന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് ഷർജീൽ ഇമാമിന് താത്കാലിക ആശ്വാസമായി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നത്.
ജാമ്യം അനുവദിക്കുമ്പോൾ സോഷ്യൽ മീഡിയ ഉപയോഗിക്കരുതെന്നും മാധ്യമപ്രവർത്തകരുമായി യാതൊരുവിധ ആശയവിനിമയവും നടത്തരുതെന്നും കോടതി കർശന നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഈ വ്യവസ്ഥകളെല്ലാം കാറ്റിൽപ്പറത്തി ഷർജീൽ ഇമാം മാധ്യമപ്രവർത്തകരോട് സംസാരിച്ചതായി പോലീസ് കോടതിയിൽ ചൂണ്ടിക്കാട്ടി. ജാമ്യകാലയളവിൽ ഇമാം മാധ്യമങ്ങളോട് നേരിട്ട് സംസാരിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നുണ്ടെന്നും ഇത് കോടതി ഉത്തരവിന്റെ നഗ്നമായ ലംഘനമാണെന്നും പോലീസ് സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കുന്നു.കോടതി നൽകിയ ആനുകൂല്യത്തെയും സ്വാതന്ത്ര്യത്തെയും ഷർജീൽ ഇമാം ദുരുപയോഗം ചെയ്തതായും മനഃപൂർവ്വമാണ് വ്യവസ്ഥകൾ ലംഘിച്ചതെന്നും ഡൽഹി പോലീസ് ആരോപിച്ചു. ഹർജി പരിഗണിക്കുന്ന കോടതി ഷർജീൽ ഇമാമിന്റെ ഇടക്കാല ജാമ്യം റദ്ദാക്കി തിരികെ കസ്റ്റഡിയിലെടുക്കാൻ ഉത്തരവിട്ടേക്കുമെന്നാണ് റിപ്പോർട്ടുകൾ.



