തിരുവനന്തപുരം: സിഎംആർഎൽ – എക്സാലോജിക് മാസപ്പടിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയനും കുടുംബത്തിനും താൽക്കാലിക ആശ്വാസം. കേസിൽ വിജിലൻസ് അന്വേഷണം നടത്തണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്തു.
പിണറായി വിജയൻ, മകൾ വീണ തൈക്കണ്ടിയിൽ, മരുമകനും മുൻ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് തുടങ്ങിയവർക്കെതിരായ വിജിലൻസ് അന്വേഷണ നടപടികളാണ് ഇതോടെ തടസ്സപ്പെട്ടിരിക്കുന്നത്.
സിംഗിൾ ബെഞ്ച് വിധിക്കെതിരെ സമർപ്പിക്കപ്പെട്ട അപ്പീലുകൾ ഫയലിൽ സ്വീകരിച്ച ജസ്റ്റിസുമാരായ കെ.എം. നടരാജൻ, ജോൺസൺ ജോൺ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതും തുടരന്വേഷണവും അടുത്ത വാദം കേൾക്കുന്നതുവരെ നിർത്തിവെക്കാൻ ഉത്തരവിട്ടത്.
നേരത്തെ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയുള്ള അപ്പീലുകൾ ഹൈക്കോടതി മറ്റൊരു ബെഞ്ച് തള്ളിയതിനെ തുടർന്ന് ഹർജിക്കാർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. വിഷയത്തിൽ അപ്പീൽ ഹർജികൾ വിശദമായി കേൾക്കാൻ സുപ്രീം കോടതി ഹൈക്കോടതിയോട് നിർദ്ദേശിച്ചതിന് പിന്നാലെയാണ് ഡിവിഷൻ ബെഞ്ച് അപ്പീലുകൾ വീണ്ടും പരിഗണിക്കുകയും നിർണ്ണായക സ്റ്റേ അനുവദിക്കുകയും ചെയ്തത്.



