വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ ഇറാനെതിരെ ശക്തമായ സൈനിക നടപടിക്ക് അമേരിക്കൻ സൈന്യം സർവ്വസജ്ജമാണെന്ന് റിപ്പോർട്ട്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൽ നിന്ന് ഉത്തരവ് ലഭിച്ചാൽ 96 മണിക്കൂറിനുള്ളിൽ ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമാക്കി വൻ ആക്രമണം നടത്താൻ തക്കവണ്ണം യു.എസ് സൈനിക വ്യൂഹം മേഖലയിൽ വിന്യസിക്കപ്പെട്ടിട്ടുണ്ടെന്ന് മുതിർന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തു.
മുൻപ് നടന്നതുപോലെയുള്ള ചെറിയ രീതിയിലുള്ള തിരിച്ചടികൾക്ക് അപ്പുറം ഇറാന്റെ ഊർജ്ജ അടിത്തറ, സൈനിക കേന്ദ്രങ്ങൾ, ആണവനിലയങ്ങൾ എന്നിവ തകർക്കുന്ന രീതിയിലുള്ള വിപുലമായ ആക്രമണ പദ്ധതികളാണ് പെന്റഗണും യു.എസ് സെൻട്രൽ കമാൻഡും തയ്യാറാക്കിയിരിക്കുന്നത്. യു.എസ് ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും അന്തിമ തീരുമാനമെന്നാണ് സൂചന. അതേസമയം മേഖലയിൽ യു.എസ്-ഇസ്രായേൽ സംയുക്ത ആക്രമണമുണ്ടായാൽ അതിശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്റെയും യമനിലെ ഹൂതി വിമതരുടെയും മുന്നറിയിപ്പുമുണ്ട്.
ഇറാൻ ആക്രമിച്ചാൽ തിരിച്ചടിക്കാൻ ഇസ്രായേലും സജ്ജമായിട്ടുണ്ടെങ്കിലും അമേരിക്കയുടെ പൂർണ്ണ പിന്തുണയോടെയുള്ള സംയുക്ത നീക്കത്തിനായി തൽക്കാലം കാത്തിരിക്കാനാണ് യു.എസ് നിർദ്ദേശം. ഹോർമൂസിലെ സംഘർഷാവസ്ഥയും അന്താരാഷ്ട്ര വിപണിയിലെ എണ്ണവില വർദ്ധനവും ട്രംപിനെ അടിയന്തര സൈനിക നടപടിയിലേക്ക് നയിച്ചേക്കാവുന്ന നിർണ്ണായക ഘടകങ്ങളാണ്. വരാനിരിക്കുന്ന വലിയ പ്രാദേശിക യുദ്ധസാധ്യത കണക്കിലെടുത്ത് പശ്ചിമേഷ്യൻ രാജ്യങ്ങളിലെ നയതന്ത്ര കാര്യാലയങ്ങളിൽ നിന്ന് ജീവനക്കാരെ അമേരിക്ക തിരിച്ചുവിളിച്ചു തുടങ്ങിയിട്ടുണ്ട്.



